മലപ്പുറം- ജില്ലയിലെ എടവണ്ണ കുണ്ടുതോടില്‍ ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ യുവാവും ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എടവണ്ണയ്ക്കടുത്ത പത്തപ്പിരിയം സ്വദേശി ഫര്‍ഷാദ് (20) ആണ് മരിച്ച ബൈക്ക് യാത്രികന്‍. മരിച്ച ഗൂഡല്ലൂര്‍ ഓവാലി സ്വദേശികളായ ഫാത്തിമ (66), സുബൈര (40) എന്നിവര്‍ ബസിന്റെ മുന്‍വശത്തെ ഡ്രൈവര്‍ക്കെതിരായുള്ള സൈഡ് സീറ്റിലായിരുന്നു. ഈ ഭാഗമാണ് മരത്തിലിടിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. വഴിക്കടവ്-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.