ദുബായ് - ഒത്തുകളി ബന്ധത്തിന്റെ പേരില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയെ ഐ.സി.സി രണ്ടു വര്‍ഷത്തേക്ക് വിലക്കി. ഐ.സി.സിയുടെ അഴിമതിവിരുദ്ധ ചട്ടം രണ്ട് രീതിയില്‍ ലംഘിച്ചതായി ജയസൂര്യ സമ്മതിച്ചുവെന്ന് ഐ.സി.സി വെളിപ്പെടുത്തി. നാല്‍പത്തൊമ്പതുകാരന്‍ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. 1996 ല്‍ ശ്രീലങ്ക ലോകകപ്പ് നേടിയത് ജയസൂര്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ സഹായത്തിലാണ്. 1998 മുതല്‍ 2011 വരെ നീണ്ട കരിയറില്‍ 110 ടെസ്റ്റും 445 ഏകദിനങ്ങളും 31 ട്വന്റി20 കളും ജയസൂര്യ കളിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ പാര്‍ലമെന്റംഗവും മന്ത്രിയും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനുമൊക്കെ ആയിരുന്നു.
രണ്ടു വര്‍ഷത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക കാര്യത്തിലും ജയസൂര്യയുടെ സാന്നിധ്യമോ പങ്കാളിത്തമോ പാടില്ല. ശ്രീലങ്കയിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട ഐ.സി.സി അഴിമതിനിര്‍മാര്‍ജന യൂനിറ്റിന്റെ (എ.സി.യു) അന്വേഷണവുമായി സഹകരിക്കാത്തതിനാണ് നടപടി. കുറ്റം സമ്മതിച്ച ശേഷമാണ് ഉടന്‍ പ്രാബല്യത്തോടെ വിലക്കേര്‍പ്പെടുത്തിയതെന്ന് ഐ.സി.സി അറിയിച്ചു. എന്നാല്‍ ചെറിയ ശിക്ഷ പ്രതീക്ഷിച്ചാണ് താന്‍ കുറ്റം സമ്മതിച്ചതെന്ന് ജയസൂര്യ പറഞ്ഞു. തന്റെ അഭിഭാഷകരുമായി ആലോചിച്ചാണ് രണ്ടു വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും -പ്രസ്താവനയില്‍ പറഞ്ഞു.
ഐ.സി.സിയുടെ അഴിമതിവിരുദ്ധ ചട്ടം രണ്ട് രീതിയില്‍ ജയസൂര്യ ലംഘിച്ചതായി കഴിഞ്ഞ ഒക്ടോബറില്‍ ഐ.സി.സി കുറ്റം ചുമത്തിയിരുന്നു. എ.സി.യു അന്വേഷണവുമായി സഹകരിച്ചില്ല, രേഖകള്‍ മറച്ചുവെച്ചും നശിപ്പിച്ചും തിരുത്തിയും അന്വേഷണം ബോധപൂര്‍വം വൈകിപ്പിക്കുകയോ തടയുകയോ ചെയ്തു തുടങ്ങിയവയാണ് കുറ്റങ്ങള്‍. അന്വേഷണകാലത്ത് താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ കൈമാറാനും നാല്‍പത്തൊമ്പതുകാരന്‍ തയാറായിരുന്നില്ല.