കോൺഗ്രസും അവരോടൊപ്പം നിൽക്കുന്നവരും എത്രയോ കാലമായി ബോധപൂർവമോ, അല്ലാതെയോ അവഗണിച്ചിട്ട മേഖലയായിരുന്നു സാംസ്‌കാരിക രംഗം. അവർ കേരളവും ഇന്ത്യയുമൊക്കെ ഒരുപാട് കാലം ഭരിച്ചപ്പോഴൊക്കെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് രാഷ്ട്രീയമായി അവരുമായി എത്രയോ തീണ്ടാപ്പാടകലെ നിൽക്കുന്നവരെ കയറ്റിയിരുത്തിയിരുന്നു. കേന്ദ്ര തലത്തിൽ എത്രയോ കൊല്ലങ്ങളായി അത് ഇടതുപക്ഷക്കാരുടെ കുത്തകയായിരുന്നുവെന്ന് തന്നെ പറയാം. ഇടക്കെപ്പോഴെങ്കിലും വകയിൽ ഒരു കോൺഗ്രസ് എന്ന പരുവത്തിലുള്ളയാൾ വന്നാലായി എന്നതായിരുന്നു സ്ഥിതി. തീണ്ടാപ്പാട് എന്ന് തന്നെ പറയാൻ കാരണമുണ്ട്. കോൺഗ്രസിനോടും ബന്ധപ്പെട്ടവരോടും എല്ലാ കാലത്തും അയിത്ത സമാന മാനസികാവസ്ഥയായിരുന്നു കേരളത്തിലെങ്കിലും ഇടതുപക്ഷ വിഭാഗങ്ങൾ പ്രത്യേകിച്ച് സി.പി.എമ്മും സഹചാരികളും വെച്ചു പുലർത്തിയത് എന്നുറപ്പുള്ളതുകൊണ്ടാണ്. കോൺഗ്രസാണ്, വലത് പക്ഷമാണ് എന്നൊക്കെ സമ്മതിക്കുന്നത്, വലിയ കുറച്ചിലായി കാണുന്ന പ്രത്യേക മാനസികാവസ്ഥ എല്ലാ കാലത്തും ഈ വിഭാഗം വെച്ചു പുലർത്തിപ്പോന്നു. കേരളത്തിന്റെ മണ്ണിൽ താൻ കോൺഗ്രസാണ് എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് ഇതിനൊരു ചെറുതിരുത്തുണ്ടായത് നടൻ സലിം കുമാറിൽ നിന്ന് മാത്രമാണെന്നാണ് ഓർമ്മ. നിത്യഹരിത നായകൻ പ്രേംനസീർ പോലും സലിം കുമാറിന്റെ വഴിയിലൊന്നുമെത്തിയിരുന്നില്ല. അതേ സമയം സി. പി. എമ്മിനൊപ്പം നിൽക്കുന്ന മമ്മൂട്ടിയെപ്പോലുള്ളവർക്കാകട്ടെ ആ ബന്ധം രഹസ്യമാക്കി വെക്കാനൊന്നും കഴിയുന്നുമില്ല. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് പരസ്യമായ സി. പി. എം പ്രശംസ നടത്തേണ്ടിയും വന്നു. ഗുജറാത്തിൽ ഡിവൈ.എഫ്.ഐ ഉണ്ടായിരുന്നുവെങ്കിൽ അവിടെ വിവാദമായ കലാപം നടക്കുമായിരുന്നില്ല എന്നതായിരുന്നു മമ്മുട്ടി എന്ന നടനിലെ സി. പി. എം വികാരം പുറത്തെത്തിച്ച ഘട്ടം. കമ്യൂണിസ്റ്റ് പാർട്ടികൾ എപ്പോഴും അങ്ങനെയാണ്. അവരോടൊപ്പമാണെങ്കിൽ നിലപാടിന്റെ അടയാളം പുറത്ത് കാണിക്കുക തന്നെ വേണം. കോൺഗ്രസ് പക്ഷത്തുള്ള സംഘടനകളിലാകട്ടെ അത്തരം നിലപാടിന്റെയൊന്നും ആവശ്യമില്ല. വെറുതെയങ്ങനെ അവിടെയും, ഇവിടെയും തൊടാതെ നിന്നാൽ മതി. യു.ഡി.എഫ് വന്നാൽ എല്ലാ കാലത്തും അവരുടെയൊക്കെ കാര്യം ശരിയാകും. അക്കാദമി, കമ്മിറ്റി, അവാർഡ് എല്ലാം. ഇക്കാര്യത്തിലെങ്കിലും കതിരും, പതിരും വേർതിരിയാൻ വഴിവെക്കുന്ന തർക്കമാണിപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്ന് തോന്നുന്നു. അല്ലെങ്കിൽ തന്നെ സോഷ്യൽ മീഡിയ കാലത്ത് ഒരു തരം കാപട്യവും അധിക നാൾ പൊതിഞ്ഞു കെട്ടിവെക്കാനാകില്ലല്ലോ. എല്ലാം ഒരു നാൾ പുറത്ത് ചാടും. കാസർകോട്ടെ പെരിയയിൽ നടന്ന കൊലപാതകത്തിന്റെ സാഹചര്യത്തിൽ എഴുത്തുകാരി കെ.ആർ. മീര മുഖ പുസ്തക പേജിലിട്ട പോസ്റ്റിൽ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി മൊത്തത്തിൽ പറഞ്ഞുകൊണ്ടുള്ള, പെരിയ സംഭവത്തെ പ്രത്യേകമായി വിമർശിക്കാത്ത കുറിപ്പിനെതിരെ വി.ടി.ബൽറാം എം.എൽ.എ ഇങ്ങനെ മുഖ പുസ്തകമെഴുതി- സി.പി.എമ്മിനെ പൗഡറിട്ട് മിനുക്കിയെടുക്കാൻ സാംസ്‌കാരിക ക്രിമിനലുകൾ പല പുതിയ ഉഡായിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട്.
വീടുപണിക്കിടെ ഇഷ്ടിക തലയിൽ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത്. സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ കൊത്തിയരിഞ്ഞതാണ്. അതുകൊണ്ട് നിങ്ങടെ കോപ്പിലെ ചാരിറ്റിയല്ല ആ ചെറുപ്പക്കാരന് നീതിയായി വേണ്ടത്, ഇഷ്ടമുള്ള രാഷ്ട്രീയം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്, അവന് പിന്നാലെ വരുന്ന ചെറുപ്പക്കാർക്കും. നിങ്ങളുടെയൊക്കെ വിഹാര രംഗമായ കോളേജ് കാമ്പസുകൾ തൊട്ട് അത്തരമൊരു പ്രവർത്തന സ്വാതന്ത്ര്യം നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ എതിരഭിപ്രായമുള്ളവർക്ക് അനുവദിച്ച് കൊടുക്കുന്നുണ്ടോ എന്ന് ആദ്യം ആത്മപരിശോധന നടത്തൂ.
ബലാത്സംഗം ചെയ്ത വില്ലനെക്കൊണ്ട് ഇരയെ വിവാഹം ചെയ്യിച്ച് എല്ലാം സോൾവ് ആക്കുന്ന യമണ്ടൻ പരിഹാരക്രിയ പണ്ടത്തെ സിനിമയിലൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്, അതിങ്ങോട്ട് എടുക്കണ്ട.
കാസർകോട്ടെയും കണ്ണൂരിലെയും ആരാച്ചാർമാരെക്കുറിച്ച് കെ. ആർ. മീര വല്ലതും മൊഴിഞ്ഞോ?
.....
ഒടുക്കം മൊഴിഞ്ഞ് കണ്ടു. വാരിവലിച്ച് വിസ്തരിച്ചുള്ള സാരോപദേശം സഹിക്കാം, അതിലെ കമന്റുകൾക്ക് അവർ നൽകുന്ന പരിഹാസ/പുഛ മറുപടികളാണ് അസഹനീയം. ആസ്വദിച്ച് അർമ്മാദിക്കുകയാണ് സാഹിത്യ നായിക.
ബൽറാമിന്റെ കുറിപ്പ് കണ്ട പാതി, കാണാത്ത പാതി അതാ കെ.ആർ.മീര രംഗത്തെത്തുന്നു. മീരയുടെ പ്രതികരണം ഇങ്ങനെ;
പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,
എഴുത്തു മുടങ്ങാതിരിക്കാൻ
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവെയ്‌ക്കേണ്ടി വന്നാൽ,
നാളെ എന്ത് എന്ന ഉൽക്കണ്ഠയിൽ ഉരുകിയാൽ,
ഓർമ്മ വെയ്ക്കുക–
ഒരു കോൺഗ്രസ് പാർട്ടിയും നിങ്ങൾക്കു പേനയും കടലാസും എത്തിക്കുകയില്ല.
ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.
സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.
കേരള കോൺഗ്രസും മുസ്‌ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.
നായൻമാർ പത്രം കത്തിക്കുകയോ പ്രതിഷേധ സംഗമം നടത്തുകയോ ഇല്ല.
അന്നു നിങ്ങളോടൊപ്പം വായനക്കാർ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവർ.
ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവർ.
നിങ്ങൾക്കു ശക്തി പകരുന്നവർ. വീണു പോകാതെ താങ്ങി നിർത്തുന്നവർ.
ഒരു നാൾ,
നിങ്ങളുടെ വാക്കുകൾക്കു കാതോർക്കാൻ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാൽ,
–അവർ വരും.
നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാൻ വാഴത്തടയുമായി ചിലർ.
എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താൻ മതചിഹ്നങ്ങളുമായി ചിലർ.
ചോദ്യം ചെയ്താൽ തന്തയ്ക്കു വിളിച്ചുകൊണ്ട് മറ്റു ചിലർ.
കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലർ.
പത്രം കത്തിക്കുകയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുകയും ചെയ്തുകൊണ്ടു വേറെ ചിലർ.
അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,
നിങ്ങൾക്കു മുമ്പിൽ രണ്ടു വഴികളുണ്ട്.
ഒന്നുകിൽ മിണ്ടാതിരുന്ന് മേൽപറഞ്ഞവരുടെ നല്ല കുട്ടിയാകുക.
അല്ലെങ്കിൽ ഇഷ്ടം പോലെ മിണ്ടുക.
അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തിൽപെട്ടവർക്കു ലൈക്ക് അടിക്കു മോനേ
എന്നു വാൽസല്യപൂർവ്വം ഉപദേശിക്കുക.
പിന്നീടുണ്ടായതെല്ലാം നവമാധ്യമ ചുമരിലുണ്ട്. പോരാട്ടത്തിൽ ആരു ജയിച്ചുവെന്നതൊക്കെ അവിടെ കാണാം. വിഷയം പ്രശ്‌നവൽക്കരിക്കാൻ സാധിച്ചുവെന്നതാണ് ബൽറാം നേടിയ വിജയം. അരുതായ്മകളുടെ പക്ഷത്ത് ആരെന്ന് നോക്കി ഉപ്പിടാതെ പുഴുങ്ങിയ കുമ്പളങ്ങ പരുവത്തിൽ അഭിപ്രായം പറയുന്ന നിഷ്പക്ഷ നാട്യക്കാരെ ബൽറാമിന്റെ പോസ്റ്റിന് ശേഷം നവമാധ്യമ രംഗത്തെ കോൺഗ്രസ് പോരാളികൾ ഇളക്കി മറച്ചിട്ടുണ്ട്.
'' 90% സാംസ്‌കാരിക നായകരും കാശിക്ക് പോയ അവസ്ഥയിൽ ഇത്രയെങ്കിലും പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ? സിപിഎമ്മിനെനെതിരെ എഴുതാൻ അവർ ഭയന്നില്ലല്ലോ, അതോടൊപ്പം അവർ വിടി ബൽറാമിനെ പോ മോനെ ബാലരാമ എന്ന് വിളിച്ചത് അംഗീകരിക്കാവുന്ന ഒന്നല്ല; അതവർ തിരുത്തി എന്നാണു അറിയാൻ കഴിഞ്ഞത്. നമ്മൾ നമ്മുടെ സഹോദരങ്ങളെ വെട്ടിക്കൊന്ന വിഷയത്തിൽ നിന്ന് തെന്നിമാറാൻ അനുവദിക്കരുത്. '' എന്ന് മീരയെ ന്യായീകരിക്കും വിധം പ്രതികരിച്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധീഖിനെ കോൺഗ്രസ് സൈബർ ലോകം ഇനിയൊന്ന് പറയാൻ ബാക്കി വെച്ചിട്ടില്ല.
സൈബർ ലോകത്ത് കോൺഗ്രസിനും ചോദിക്കാനും പറയാനും ആളുണ്ടെന്ന് എഴുന്നേറ്റ് നിൽക്കുകയാണിവിടെയും ബൽറാം '' ബൽറാം പറഞ്ഞതിലെ ശരികേട് എന്താണെന്ന് പറഞ്ഞു തരാമോ നേതാവേ. ചെറിയ നാവിൽ വലിയ കാര്യങ്ങൾ വിളിച്ചു പറയുന്ന ഒരാളെയും കണ്ടില്ല, സാംസ്‌കാരിക നായകർക്കെതിരെ പ്രതികരിക്കാൻ. നമുക്ക് പറയാൻ ഒരു ബൽറാം മാത്രമേയുള്ളൂ. അത് മതി ഞങ്ങൾക്ക്. അതിനിടയിൽ ടി.കെ ഹംസ പണ്ട് പറഞ്ഞത് പോലെ 'കോലിട്ടിളക്കാൻ' വരേണ്ട. കമ്യൂണിസ്റ്റുകൾക്ക് ഇല്ലാത്ത ഒരു മര്യാദയും നമുക്കും വേണ്ട.'' പ്രദീപ് വെങ്ങര എന്നയാളുടെ ഫേസ്ബുക്ക് പ്രതികരണത്തിൽ എല്ലാമുണ്ട്.