ശറമുശ്ശൈഖ്, ഈജിപ്ത് - അഞ്ചു ദശകത്തിലധികം പഴക്കമുള്ള പശ്ചിമേഷ്യൻ സംഘർഷത്തിന് ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ ശാശ്വത പരിഹാരം കാണണമെന്ന് ശറമുശ്ശൈഖിൽ അവസാനിച്ച പ്രഥമ അറബ്-യൂറോപ്യൻ ഉച്ചകോടി ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സമാധാന പ്രക്രിയക്കുള്ള പ്രതിജ്ഞാബദ്ധത ഉച്ചകോടി ആവർത്തിച്ചു. അധിനിവിഷ്ട ഫലസ്തീനിലെ ജൂത കുടിയേറ്റ കോളനികൾ അംഗീകരിക്കില്ല. ദ്വിരാഷ്ട്ര പോംവഴിക്ക് അനുസൃതമായി ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിലപാടിൽ അറബ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉറച്ചുനിൽക്കുന്നതായി ഉച്ചകോടിയുടെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
1967 ൽ ആരംഭിച്ച അധിനിവേശം അവസാനിപ്പിക്കുന്നതിന് കിഴക്കൻ ജറൂസലം കൂടി ഉൾപ്പെടുത്തിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് ഏക പോംവഴി. അന്തിമപരിഹാരത്തിന്റെ ഭാഗമായ എല്ലാ പ്രശ്‌നങ്ങളും വിശകലനം ചെയ്യുന്നതിന് ഫലസ്തീനികളും ഇസ്രായിലികളും ചർച്ചകൾ നടത്തി നീതിപൂർവവും ശാശ്വതവുമായ സമാധാനത്തിൽ എത്തിച്ചേരണം. ഫലസ്തീനിലെ വിശുദ്ധ സ്ഥലങ്ങളുടെ ചരിത്രപരമായ പദവി അതേപോലെ സംരക്ഷിക്കപ്പെടണം. ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിക്ക് രാഷ്ട്രീയ, സാമ്പത്തിക പിന്തുണ നൽകണം. ഗാസയിൽ മാനുഷിക, രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക സ്ഥിതിഗതികൾ വഷളായത് ആശങ്കാജനകമാണ്. സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും പാലിച്ച് ഗാസയിൽ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ എല്ലാ കക്ഷികളും നടപടികൾ സ്വീകരിക്കണം.
അറബ്, യൂറോപ്യൻ പങ്കാളിത്തം ശക്തമാക്കാൻ പ്രവർത്തിക്കും. ഭീകരഗ്രൂപ്പുകൾക്ക് സഹായങ്ങൾ നൽകുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുകയും ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ എല്ലാ രാജ്യങ്ങളും സഹകരിക്കുകയും വേണം. വിദേശഭീകരർ അറബ്, യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തികൾ വഴി കടന്നുപോകുന്നത് ചെറുക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണവും ഏകോപനവും ശക്തമാക്കും.
തീവ്രവാദത്തെയും മതപരമായ അസഹിഷ്ണുതയെയും വിവേചനങ്ങളെയും ചെറുക്കണം. അറബ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പൊതുവെല്ലുവിളികൾ നേരിടാൻ മേഖലാ സഹകരണം ശക്തമാക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. സമാധാനവും സുരക്ഷയും മനുഷ്യാവകാശവും സാമ്പത്തിക, സാമൂഹിക വികസനങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മേഖലയിൽ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷയും സമാധാനവും ശക്തമാക്കുന്നതിനും സാമൂഹിക, സാമ്പത്തിക വികസനങ്ങൾ സാധ്യമാക്കുന്നതിനും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ ധാരണയിലെത്തി. അറബ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണം ശക്തമാക്കാനും തീരുമാനിച്ചു.
2015-ലുണ്ടാക്കിയ കരാറിനും യു.എൻ പദ്ധതിക്കും അനുസൃതമായി ലിബിയൻ സംഘർഷത്തിന് പരിഹാരം കാണണം. ജനീവ സമാധാന സമ്മേളനങ്ങളിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും യു.എൻ രക്ഷാ സമിതി തീരുമാനങ്ങൾക്കും അനുസൃതമായി ഇടക്കാല സർക്കാർ രൂപീകരിച്ച് സിറിയൻ പ്രശ്‌നം പരിഹരിക്കണം. യെമനിലെ അൽഹുദൈദയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള സ്റ്റോക്ക്‌ഹോം കരാറിനെ സ്വാഗതം ചെയ്തു. യെമനിൽ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ അനുവദിക്കണം.
വിനാശകരമായ ആയുധങ്ങളിൽനിന്ന് മധ്യപൗരസ്ത്യദേശത്തെ വിമുക്തമാക്കണം. അന്താരാഷ്ട്രനിയമം അനുസരിച്ച് അഭയാർഥികൾക്ക് സംരക്ഷണവും സഹായവും നൽകുകയും മനുഷ്യാവകാശങ്ങൾ മാനിക്കുകയും വേണം. നിയമവിരുദ്ധ കുടിയേറ്റം ചെറുക്കുന്നതിന് ശ്രമങ്ങൾ ഊർജിതമാക്കും. അഭയാർഥി കടത്തും മനുഷ്യക്കടത്തും ചെറുക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കും. അടുത്ത അറബ്-യൂറോപ്യൻ ഉച്ചകോടി 2022 ൽ ബ്രസ്സൽസിൽ നടക്കുമെന്നും സമാപന പ്രഖ്യാപനം പറഞ്ഞു.