ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ ഡോ.എം.കെ.മുനീറിനെ സ്ഥാനാർഥിയാക്കുന്ന കാര്യവും മുസ്‌ലിം ലീഗ് ആലോചിക്കുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആലോചനയുടെ ഭാഗമായാണ് നിലവിൽ എം.എൽ.എആയ ഡോ.മുനീറിനെ ലോക്‌സഭായിലേക്ക് മൽസരിപ്പിക്കാൻ നേതൃത്വം ആലോചിക്കുന്നത്.എന്നാൽ ഈ നിർദേശം പ്രായോഗികല്ലെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
പി.കെ.കുഞ്ഞാലിക്കുട്ടി ഇത്തവണ എവിടെ മൽസരിക്കുമെന്നത് സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പം പാർട്ടിക്കുള്ളിലുണ്ട്. കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ലീഗിനും യു.ഡി.എഫിലും ആവശ്യങ്ങളുണ്ട്.ദേശീയ തലത്തിൽ ഇടപെടലുകൾ നടത്താൻ കുഞ്ഞാലിക്കുട്ടിക്ക് കഴിയാത്തതും ഈ ആവശ്യത്തിന് പിന്നിലുണ്ട്. എന്നാൽ കേന്ദ്രത്തിൽ അടുത്ത സർക്കാർ ആരുടേതെന്നത് മുസ്‌ലിം ലീഗിനെ സംബന്ധിച്ചും നിർണായകമാണ്. ദൽഹിയിൽ യു.പി.എ അധികാരത്തിൽ വന്നാൽ മുസ്‌ലിംലീഗിന് കേന്ദ്രമന്ത്രി സഭയിൽ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. അങ്ങനെയെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടന്നത്. എന്നാൽ കേന്ദ്രത്തിൽ വീണ്ടും എൻ.ഡി.എ അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചു വർഷത്തേക്കും ചിത്രം മാറും. അത്തരമൊരു സാഹചര്യത്തിൽ മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മൽസരിച്ച് വിജയിച്ചാൽ അടുത്ത അഞ്ചു വർഷം കൂടി ദേശീയ രാഷ്ട്രീയത്തിൽ തുടരേണ്ടി വരും. എൻ.ഡി.എഭരണത്തിൽ കാര്യമായ ഇടപെടലുകൾക്ക് മുസ്‌ലിം ലീഗിന് അവസരം ലഭിക്കില്ലെന്ന വെല്ലുവിളിയുമുണ്ടാകും.
പൊന്നാനി മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി മൽസരിക്കണമെന്ന അഭിപ്രായവും ശക്തമാണ്. ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിൽ പൊന്നാനിയിൽ കടുത്ത മൽസരം വരികയാണെങ്കിൽ പ്രതിരോധിക്കാൻ കുഞ്ഞാലിക്കുട്ടിക്കാണ് മികവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ പൊന്നാനിയിൽ ഇ.ടി തന്നെ മൽസരിക്കുന്നതാണ് നല്ലതെന്ന് ലീഗ് നേതൃത്വം കരുതുന്നുണ്ട്. മന്ത്രി കെ.ടി.ജലീൽ അടക്കമുള്ള ലീഗ് വിരുദ്ധ ഘടകങ്ങളുടെ ആക്രമണം കുറക്കാൻ മുഹമ്മദ് ബഷീർ മൽസരിക്കുന്നതാണ് നല്ലതെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.ബഷീറിന് പകരം വേറെ ഏത് നേതാവ് മൽസരിച്ചാലും പൊന്നാനിയിൽ ഇത്തവണ മൽസരം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് മുസ്‌ലിം ലീഗ് കാണുന്നത്.
ഇതിനിടെ, മൂന്നാതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ ഉറച്ചു നിൽക്കുമെന്നാണറിയുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച യു.ഡി.എഫ് യോഗം അനിശ്ചിതമായി നീണ്ടു പോകുകയാണ്. ഇതിനിടെ കോൺഗ്രസ് നേതാക്കളുമായി മുസ്‌ലിം ലീഗ് അനൗദ്യോഗിക ചർച്ചകൾ തുടരുന്നുണ്ട്. പാലക്കാട് സീറ്റ് മുസ്‌ലിം ലീഗിന് നൽകുന്നത് സംബന്ധിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്. മൂന്നു സീറ്റ് ലഭിക്കുകയാണെങ്കിൽ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, ഡോ.എം.കെ.മുനീർ, എം.പി അബ്ദുസമദ് സമദാനി
എന്നിവരിലാരെയെങ്കിലും മൽസരിപ്പിക്കുന്നതിനെ കുറിച്ചാകും ചർച്ചകൾ നടക്കുന്നത്. കൂടുതൽ വിജയസാധ്യതയാകും സ്ഥാനാർഥി നിർണയത്തിൽ അന്തിമ ഘടകമാവുക.