Sorry, you need to enable JavaScript to visit this website.

കൊടി പാറിക്കും കൊടിക്കുന്നിൽ

കോൺഗ്രസിന്റെ വിജയ വെന്നിക്കൊടിയാണ് കൊടിക്കുന്നിൽ സുരേഷ്. അടൂരിലും പിന്നെ മാവേലിക്കരയുടെയും ജനഹൃദയത്തിന്റെ കാവലാൾ. ജനപ്രിയ പാർലമെന്റേറിയൻമാരിൽ മുൻനിരയിൽ വരുന്ന പേരാണ് കൊടിക്കുന്നിലിന്റേത്. ലോക്‌സഭയിൽ ആറാം തവണയാണ് കൊടിക്കുന്നിൽ സുരേഷ്. കോൺഗ്രസിന്റെ തേരോട്ടത്തിലും തകർന്നടിഞ്ഞപ്പോഴും സുരേഷ് എന്നും വിജയത്തിന്റെ അമരത്തായിരുന്നു.
ഇപ്പോൾ മാവേലിക്കര മണ്ഡലത്തിന്റെ സാരഥിയാണ് കൊടിക്കുന്നിൽ. മാവേലിക്കര എന്നത് ഓണം എന്ന മലയാളികളുടെ ഉത്സവുമായി ബന്ധമുളള നാടാണ്. മാവേലിക്കര ഉൾപ്പെടുന്ന  ഓണാട്ടുകരയുടെ സവിശേഷതകളിൽ പണ്ട് പറയാറുള്ള ഒന്ന് ഏറ്റവും പുതിയ സൗകര്യങ്ങൾ ആദ്യം എത്തിയ പ്രദേശം എന്നതായിരുന്നു. ഓണാട്ടുകരയുടെ തലസ്ഥാനമായിരുന്നു മാവേലിക്കര. തിരുവിതാംകൂറിന്റെ ഭാഗമായതോടെ മാവേലിക്കര മറ്റു പല നഗരങ്ങളേക്കാൾ മുന്നിലെത്തി.  ഇന്ത്യയിലെ തന്നെ ആദ്യ നഗരസഭകളിലൊന്നാണ് ഇവിടെ. 
ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതൽ മാവേലിക്കര മണ്ഡലവും നിലവിലുണ്ട്. 1952ൽ ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ  തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ദ്വയാംഗ മണ്ഡലമായ മാവേലിക്കര. പിന്നീട് മണ്ഡല ഘടന പലവട്ടം മാറിമറിഞ്ഞു. 2009 മുതൽ പട്ടികജാതി സംവരണ മണ്ഡലമായി. അന്നു മുതൽ ഓണാട്ടുകരക്കാരുടെ സൂപ്പർ എക്‌സ്പ്രസാണ് കൊടിക്കുന്നിൽ. 
യുവത്വത്തിന്റെ പ്രസരിപ്പിലാണ് കൊടിക്കുന്നലിന്റെ കന്നിയങ്കം. 26 വയസ്സിൽ. അടൂരിൽ. പിന്നെ ഹാട്രിക്ക് വിജയം. ഇടയ്‌ക്കൊരു പരാജയം. അതേ മണ്ഡലത്തിൽ വീണ്ടും വിജയം. അടൂരിൽ നിന്നും മാവേലിക്കരയിലേക്ക് പറിച്ചു നട്ടപ്പോഴും കൊടിക്കുന്നിലിന് പതറിയില്ല.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  കോൺഗ്രസ് ദേശീയ തലത്തിൽ തകർന്നടിഞ്ഞപ്പോഴും കൊടിക്കുന്നിലിനെ അത് സ്പർശിച്ചതേയില്ല. 1989 ലാണ്  കൊടിക്കുന്നിൽ ആദ്യമായി ലോക്‌സഭയിൽ മത്സരിക്കുന്നത്. പിന്നീട് 1991, 96, 99 ലും വിജയം ആവർത്തിച്ചു. 1998, 2004 വർഷങ്ങളിൽ മാത്രമാണ് കൊടിക്കുന്നിൽ തോൽവിയറിഞ്ഞത്. 2009ൽ സി പി ഐയുടെ ആർഎസ് അനിലിനെയും 2014 ൽ ചെങ്ങറ സുരേന്ദ്രനെയും പരാജയപ്പെടുത്തിയാണ് കൊടിക്കുന്നിൽ തിരിച്ചെത്തിയത്.
2009 ൽ കൊടിക്കുന്നിലിന്റെ  ജയം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു വിധി. എന്നാൽ സുപ്രീം കോടതി ഈ വിധി പിന്നീട് തള്ളി. കോൺഗ്രസിൽ നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിലും മുൻപന്തിയിലുണ്ട് കൊടിക്കുന്നിൽ.  
1951 ലും 57 ലും തിരുവല്ല, അടൂർ ലോക്‌സഭാ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ മാവേലിക്കര.  മാവേലിക്കരയുടെ ഭൂരിഭാഗം പ്രദേശങ്ങളും തിരുവല്ല മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1962ൽ തിരുവല്ലയുടെ മിക്ക പ്രദേശങ്ങളും അടർത്തിയെടുത്താണ് മാവേലിക്കരയെന്ന മണ്ഡലത്തിന്റെ രൂപീകരണം. അഞ്ചു തവണ പി.ജെ കുര്യൻ തുടർച്ചയായി പ്രതിനിധീകരിച്ച മാവേലിക്കരയിൽ 1999ൽ രമേശ് ചെന്നിത്തലയായി എം.പി. നാട്ടുകാരനായ രമേശിനെ വീഴ്ത്തി 2004 ൽ സി.എസ് സുജാതയിലൂടെ എൽ.ഡി.എഫ് മണ്ഡലം പിടിച്ചു. അടൂർ മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും കൂട്ടിച്ചേർത്ത് 2009 ൽ മാവേലിക്കര സംവരണ മണ്ഡലമായതോടെയാണ് കൊടിക്കുന്നിൽ അങ്കത്തിനെത്തിയത്. രണ്ടു തവണയും ജയം കൊടിക്കുന്നിലിനൊപ്പം നിന്നു. 
ഇക്കുറി കേരളത്തിൽ ആദ്യഘട്ടത്തിൽ തന്നെ പേര് പ്രചരിച്ച മത്സരിക്കുമെന്ന് ഉറപ്പായ നേതാക്കളിൽ ഒന്നാണ് കൊടിക്കുന്നിൽ. കോൺഗ്രസ് ദേശീയ നേതൃത്വവുമായുളള അടുത്ത ബന്ധം കൊടിക്കുന്നിലിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ യുപിഎ മന്ത്രിസഭയിൽ കേന്ദ്ര മന്ത്രിയായിരുന്നു. നിരവധി പാർലമെന്റ് സമിതികളിൽ അംഗമായിരുന്നു. 
കക്ഷികൾക്കതീതമായ സൗഹൃദ ബന്ധവും കൊടിക്കുന്നിലിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്നാണ്. മാവേലിക്കരയിൽ കൊടിക്കുന്നിലിനെ മാറ്റി മറ്റൊരു പരീക്ഷണത്തിന് കോൺഗ്രസ് മുതിരുമെന്ന് തോന്നുന്നില്ല. കൊടിക്കുന്നിൽ മാവേലിക്കരയിൽ ഹാട്രിക് വിജയം തേടി രംഗത്ത് എത്തിക്കഴിഞ്ഞു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കൊടിക്കുന്നിൽ രണാങ്കണത്തിലാണ് സജീവമായി.

Latest News