Sorry, you need to enable JavaScript to visit this website.

ലോക കേരള സഭയും പ്രവാസിയും 

കേരളത്തിന്റെ  സാമൂഹിക സാമ്പത്തിക വളർച്ചയുടെ ആണിക്കല്ലായ പ്രവാസി കേരളീയരുടെ ഉന്നമനവും പുനരധിവാസവും ലക്ഷ്യമാക്കി 2008ൽ കേരളാ സർക്കാർ ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് പ്രവാസി കേരളീയ ക്ഷേമപദ്ധതി. 1996ൽ രൂപവൽക്കരിച്ച നോർക്ക വകുപ്പിന് കീഴിലാണ് നോർക്ക റൂട്‌സ് എന്ന ഫീൽഡ് ഏജൻസിയും പ്രവർത്തിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് പരദേശി നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യാനും അവക്ക് പരിഹാരം കാണാനും ക്രിയാത്മകമായ ഔദ്യോഗിക  വേദിയായി കഴിഞ്ഞ വർഷം രൂപീകരിച്ച ലോക കേരള സഭയും. ഇതൊക്കയുണ്ടായിട്ടും പ്രവാസികളുടെ പ്രശ്‌നങ്ങൾ, പ്രയാസങ്ങൾ അതേപോലെ തന്നെ കിടക്കുകയാണ്.
കഴിഞ്ഞ ദിനം ദുബായിൽ ലോക കേരള സഭ പശ്ചിമേഷ്യൻ മേഖല സമ്മേളനത്തിന് പരിസമാപ്തി ആയപ്പോഴും പുതിയ പല പ്രഖ്യാപനങ്ങളും നടത്തി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത 'എയർ കേരള: പദ്ധതി പുനഃപരിശോധിക്കുമെന്നും ഒക്കെ പറഞ്ഞവസാനിപ്പിച്ചിരിക്കുകയാണ്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി നടപടികൾ  സർക്കാർ സ്വീകരിച്ചു വരികയാണെന്നും പ്രവാസി വനിതാ സെൽ, പ്രവാസി ഡിവിഡൻറ് പദ്ധതി, പ്രവാസി ചിട്ടി എന്നൊക്കെയുള്ള സ്ഥിരം പ്രഖ്യാപനങ്ങളാണ് അവയിലുള്ളത്.
യു.എ.ഇയിൽ മാത്രം പരീക്ഷിച്ച ചിട്ടിയെ സംബന്ധിച്ച് കേരള നിയമസഭയുടെ സമ്മേളനത്തിൽ കെ.എസ്.എഫ്.ഇയുടെ പ്രവാസി ിട്ടി വഴി നാളിതുവരെ എത്ര കോടി രൂപ സമാഹരിക്കാൻ സാധിച്ചു എന്ന എൽദോസ് പി. കുന്നപ്പള്ളിയുടെ  ചോദ്യത്തിന്ന് മന്ത്രി ടി.എം. തോമസ് ഐസക്ക് നൽകിയ മറുപടി 3.30 കോടി രൂപ സമാഹരിക്കാൻ സാധിച്ചുവെന്നാണ്. എന്നാൽ പ്രവാസി ചിട്ടിയുടെ പരസ്യ ഇനത്തിൽ എത്ര കോടി രൂപ ചെലവഴിച്ചു എന്നതിന് 5,01,06,534. രൂപ എന്നാണു കിഫ്ബി/കെ.എസ്.എഫ്.ഇ. ചോദ്യത്തിന് നൽകിയ മറുപടി. ഇതോടെ തന്നെ മനസ്സിലാക്കാം യു.എ.ഇക്ക് പുറത്തേക്കു വ്യപിപ്പിച്ചാലുള്ള അവസ്ഥ എന്താന്നെന്ന്. ഇതിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ്- പ്രവാസി ചിട്ടി പ്രയോജനപ്പെടണമെങ്കിൽ ഇനിയും ഏറെ ഗൃഹപാഠം ചെയ്യേണ്ടതായി വരും. കൂടാതെ തൊഴിൽ സുരക്ഷയില്ലാത്ത പ്രവാസ ലോകത്തെ  ഇന്നത്തെ അവസ്ഥ കൂടി പരിഗണിക്കുമ്പോൾ.
അതികഠിനമായ ചൂടിൽ വിയർപ്പൊഴിച്ചു അധ്വാനിച്ച പ്രവാസി 'ഗൾഫുകാരൻ' എന്ന അപര നാമം അന്തസ്സായി കൊണ്ടു നടന്നു. മറ്റുള്ളവരെ സ്വന്തം കാര്യം മറന്നു സഹായിച്ചു. പണം ക്രിയാത്മകമായി ചെലവഴിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലാത്ത വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വരുന്നവനാണ് സാധാരണ പ്രവാസി. ഇത്തരം പ്രവാസിയോടാണ് ഇപ്രാവശ്യത്തെ ബജറ്റിൽ ആകർഷകമായ ഒന്നായി എടുത്തു കാണിക്കുന്നത് ഡിവിഡൻറ് പദ്ധതി. അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്നവന് അഞ്ചു വർഷം കഴിയുമ്പോൾ നിശ്ചിത തുക പലിശയായി ഡിവിഡൻറ് എന്ന പേരിൽ നൽകുമെന്ന് പറയുന്നത്. ഇത് കാണുമ്പോൾ പ്രവാസി ജോലി ചെയ്യുന്ന കമ്പനി അവനെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനും അവനെ സമ്പന്നനാക്കാനുമുള്ള ബാധ്യത ഏറ്റടുത്ത പോലെയാണ്. പ്രതിസന്ധിയിൽ ഉഴലുന്ന കമ്പനികൾ മുടങ്ങാതെ ശമ്പളം തന്നേ നൽകാൻ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. സ്വന്തമായി ഒരു വീടുണ്ടാക്കാൻ ബാങ്കുകളെ ആശ്രയിക്കുന്ന പ്രവാസിക്ക് എന്നാണാവോ ക്ഷേമനിധിയിലെ ചട്ടങ്ങളിൽ പറഞ്ഞ വസ്തു വാങ്ങുന്നതിനും വീട് വെക്കുന്നതിനും അറ്റകുറ്റ പണി നടത്താനും  വായ്പാ ലഭ്യമാകുക?  ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനമായി ഉണ്ടാവേണ്ടതാണ് സ്വന്തമായ വീട് എന്നത്. അതിനാവശ്യമായ കാര്യങ്ങൾ പോലും കാലമിത്രയായിട്ടും ഈ ക്ഷേമനിധിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലന്നതാണ് യാഥാർഥ്യം.
പ്രവാസികൾ ജോലി തേടി പോവുന്നതിനേക്കാൾ കൂടുതലാണ് ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നവർ എന്നും ഗൾഫ് വരുമാനം കുറയുന്നതിനുള്ള പ്രവണതകൾ പ്രകടിപ്പിച്ചു തുടങ്ങി എന്നും ബജറ്റിന്റെ ധന അവലോകനത്തിൽ തന്നേ വ്യക്തമാക്കിയിരിക്കുന്നു. ഇത്തവണ ബജറ്റിൽ നോർക്ക വകുപ്പിനായി 81 കോടി നീക്കിവെച്ചതിൽ 15 കോടി മാത്രമാണ് തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസ വായ്പക്ക് സബ്‌സിഡി നൽകാൻ മാറ്റിവെച്ചത്. അതായത് കഴിഞ്ഞ വർഷം ലോക കേരള സഭക്ക് മാറ്റിവെച്ച (19 കോടി) സംഖ്യ പോലുമില്ലന്നർത്ഥം. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് പുനരധിവാസത്തിന്റെ സർക്കാർ താൽപര്യം.  എന്നാൽ കഴിഞ്ഞ വർഷം തിരിച്ചെത്തിയ പ്രവാസികൾക്കായുള്ള 'സാന്ത്വനം' പദ്ധതിക്കായി 15 കോടി നീക്കി വെച്ചപ്പോൾ നീക്കിവെച്ച തുകയുടെ  97.67% തുക 2400 പേർക്കായി വിനിയോഗിച്ചത് കൊണ്ടാണ് ഇത്തവണ 25 കോടി മാറ്റിവെക്കപ്പെട്ടത്.  അതിൽ നിന്ന് തന്നെ വ്യക്തമാണ് തിരിച്ചു വരുന്നവരുടെ ബാഹുല്യമുണ്ടന്നും കഴിഞ്ഞ വർഷത്തേക്കാൾ 10 കോടി രൂപ അധികം വകയിരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചതും. പുനരധിവാസത്തിന് പണം നൽകാൻ വൈമനസ്യം കാണിക്കുന്ന സർക്കാർ പ്രവാസിക്കും കുടുംബത്തിനും പി.എസ്.യിൽ ഒരു നിശ്ചിത ക്വാട്ട ഏർപ്പടുത്തിയെങ്കിലും സഹായിച്ചാൽ യോഗ്യതയുള്ളവരെങ്കിലും രക്ഷപ്പെടുമായിരുന്നു. പ്രവാസിയെ സാമ്പത്തിക ചെലവില്ലാതെ പുനരധിവസിപ്പിക്കാവുന്ന പദ്ധതിയുടെ തുടക്കമായേനേ. കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ടു ഫൈനൽ എക്‌സിറ്റിൽ പോയ ഇന്ത്യക്കാരുടെ എണ്ണം അഞ്ചു ലക്ഷം കവിയുമെന്നും അതിൽ പകുതിയിലേറെ മലയാളിയാണെന്നും കഴിഞ്ഞ ദിനം ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് റിയാദിൽ വ്യക്തമാക്കി. ഈ പകുതിയിൽ ഭൂരിഭാഗവും മലപ്പുറത്തുകാരായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. സ്വദേശിവൽക്കരണവും ലെവിയുമെക്കെയാണിതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 
ആയുഷ്‌കാലം മുഴുവനും മറുനാട്ടിൽ വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്തു നിത്യ ദുരിതത്തിലായവരും മാറാ രോഗികളുമായി നല്ലൊരു ശതമാനം മലയാളികളും പ്രവാസം അവസാനിപ്പിച്ച് തിരികെയെത്തുന്നവരിലുണ്ട്. 
ഇവർക്കും ഇവരുടെ കുടുംബത്തിനും കൈത്താങ്ങാവുന്ന വിധത്തിൽ സൗജന്യ ചികിത്സ ഉറപ്പു വരുത്താൻ മെഡിക്കൽ ഇൻഷുറൻസ് ഏർപ്പടുത്തേണ്ടിയിരിക്കുന്നു. ചുരുങ്ങിയ പക്ഷം തിരിച്ചെത്തിയ പ്രവാസികൾക്കായുള്ള നോർക്കയുടെ  'സാന്ത്വനം' പദ്ധതിക്കായി പരിഗണിക്കുന്നവരെയെങ്കിലും ഉൾപ്പെടുത്തി സർക്കാർ ഉദ്യോഗസ്ഥന്മാർക്കു നൽകുന്നത് പോലെയുള്ള ചികിത്സാ പരിരക്ഷ നൽകിയാൽ ആശ്വാസമാവും. 
 

Latest News