Sorry, you need to enable JavaScript to visit this website.

വെർച്വൽ കറൻസി സൈറ്റുകളെ കുറിച്ച് വിവരം നൽകണമെന്ന്‌

റിയാദ് - ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ലൈസൻസുണ്ടെന്ന് വാദിച്ച് വെർച്വൽ  കറൻസി ക്രയവിക്രയ മേഖലയിൽ പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളെ കുറിച്ച് അറിയിക്കണമെന്ന് മീഡിയ മന്ത്രാലയം ആവശ്യപ്പെട്ടു. ലൈസൻസുണ്ടെന്ന ഈ സൈറ്റുകളുടെ അവകാശവാദം ശരിയല്ലെന്നും മന്ത്രാലയം പറഞ്ഞു. ലൈസൻസില്ലാതെ വിദേശ കറൻസി വിപണിയിൽ (ഫോറക്‌സ്) പ്രവർത്തിക്കുന്നതിന് എതിരെ ബോധവൽക്കരിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും രാജകൽപന പ്രകാരം സ്ഥാപിച്ച സ്ഥിരം കമ്മിറ്റി പ്രവർത്തനം തുടരുകയാണ്. സൗദിയിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും നിരീക്ഷണ പരിധിക്ക് പുറത്തായതിനാൽ വ്യത്യസ്തമായ പ്രത്യാഘാതങ്ങളും ഉയർന്ന അപകട സാധ്യതയും അടങ്ങിയ വിർച്വൽ കറൻസി ഇടപാടുകൾക്കും ഇത്തരം കറൻസികളിൽ നിക്ഷേപം നടത്തുന്നതിനും എതിരെ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ബിറ്റ്‌കോയിൻ പോലുള്ള വെർച്വൽ  കറൻസികൾക്ക് സൗദിയിൽ അംഗീകാരമില്ല. അതുകൊണ്ടു തന്നെ വെർച്വൽ  കറൻസികളിൽ നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിച്ച് ഇന്റർനെറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചാരണങ്ങൾ നടത്തുന്നവർക്ക് രാജ്യത്ത് ലൈസൻസുമില്ല. ഇത്തരം ആഹ്വാനങ്ങൾക്കും ഓഫറുകൾക്കും, അതിവേഗ സമ്പത്തും ലാഭവും ലഭിക്കുമെന്ന വാഗ്ദാനങ്ങൾക്കും പിന്നാലെ പോയി സൗദി പൗരന്മാരും വിദേശികളും വ്യാജ കരാറുകൾ ഒപ്പുവെക്കാനും അറിയപ്പെടാത്ത സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും വ്യക്തികൾക്കും പണം ട്രാൻസ്ഫർ ചെയ്ത് നൽകാനും പാടില്ല. 
നിക്ഷേപങ്ങളെ കുറിച്ച് നിക്ഷേപകർക്ക് ലഭ്യമായ പരിമിതമായ വിവരങ്ങൾ കാരണം വെർച്വൽ  കറൻസികളിൽ നിക്ഷേപം നടത്തുന്നത് വലിയ തോതിലുള്ള മൂലധന നഷ്ടത്തിന് ഇടയാക്കിയേക്കും. കൂടാതെ തട്ടിപ്പുകൾക്ക് വിധേയരാകുന്നതിനും സാധ്യതയുണ്ട്. അനധികൃതവും നിയമ വിരുദ്ധവുമായ സാമ്പത്തിക ഇടപാടുകൾക്കുള്ള മാർഗമായി വെർച്വൽ  കറൻസി ഇടപാടുകളെ ഉപയോഗിക്കുന്നതായും സംശയമുണ്ട്. 
വെർച്വൽ  കറൻസിയിൽ നിക്ഷേപിക്കുന്നതിനെ കുറിച്ച് സൗദി അറേബ്യക്കകത്തു നിന്നോ വിദേശത്തു നിന്നോ ഏതെങ്കിലും മാർഗത്തിൽ ഓഫറുകൾ ലഭിക്കുന്നവർ അതേ കുറിച്ച് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയെയും സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റിയെയും അറിയിക്കണം. ഇത്തരക്കാർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും കമ്മിറ്റി പറഞ്ഞു.
സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അധ്യക്ഷതയിൽ സ്ഥാപിച്ച കമ്മിറ്റിയിൽ ആഭ്യന്തര മന്ത്രാലയം മീഡിയ മന്ത്രാലയം, വാണിജ്യ, നിക്ഷേപ മന്ത്രാലയം, സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി എന്നിവ അംഗങ്ങളാണ്. ഫോറെക്‌സ് വിപണന, നിക്ഷേപ, ക്രയവിക്രയ പ്രവണതക്ക് തടയിടുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തിയാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. 

 

Latest News