Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽനിന്ന് കെ. സുരേന്ദ്രൻ പിന്മാറുന്നു

കാസർകോട് - ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കേസിൽ നിന്ന് പിന്മാറിയതോടെ അവസാനിക്കുന്നത് മൂന്ന് വർഷം നീണ്ട നിയമ പോരാട്ടം. കേസിൽനിന്ന് പിന്മാറുന്നതായി ഹൈക്കോടതിയിൽ ഹരജി നൽകുമെന്നും സി പി എമ്മും മുസ്ലിം ലീഗും സാക്ഷികളെ ഹാജരാക്കാതെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേന്ദ്രൻ പിന്മാറിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൂടെ തന്നെ മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പും നടക്കാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. 
തന്റെ കേസിലെ എതിർകക്ഷിയായ എം.എൽ.എ മരണപ്പെട്ടതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് കെ. സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്മാറുന്നത് സംബന്ധിച്ച് പാർട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ചുവരികയാണെന്ന് അദ്ദേഹം ഈയിടെ പറഞ്ഞിരുന്നു. കോടതി വിധി വരാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ എവിടെയോ മത്സരിക്കുന്നതിന് തടസ്സം വരുമെന്ന് ബോധ്യമുള്ളതിനാലാണ് ഇപ്പോഴത്തെ പിന്മാറ്റം. 
ഹൈക്കോടതിയിൽ തെരെഞ്ഞെടുപ്പ് കേസ് നിലവിലുള്ളതിനാൽ യു.ഡി.എഫും മുസ്ലിം ലീഗ് നേതൃത്വവും ഈ അവസ്ഥയിൽ തന്നെയായിരുന്നു. ഹൈക്കോടതി വിധിയോ നിരീക്ഷണമോ അന്തിമമായി ഉണ്ടാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കഴിയില്ലെന്നതിനാൽ സാങ്കേതിക കുരുക്കിലായിരുന്നു. മുസ്‌ലിം ലീഗിലെ പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. 2018 ഒക്ടോബർ 20 നാണ് പി.ബി അബ്ദുൽ റസാഖ് അന്തരിച്ചത്. മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവ് വന്നിട്ട് നാല് മാസം പൂർത്തിയായി. അന്തരിച്ച എം.എൽ.എയുടെ മകൻ കേസിൽ കക്ഷി ചേർന്നിരുന്നു. 
ഹൈക്കോടതിയിലെ കേസും ഉപതെരെഞ്ഞെടുപ്പും പരമാവധി നീട്ടിക്കൊണ്ടുപോകാൻ സംസ്ഥാന സർക്കാരും എൽ ഡി എഫ്, യു ഡി എഫ് മുന്നണി നേതാക്കളും ശ്രമം നടത്തുകയാണെന്ന് ബി ജെ പി ആരോപിച്ചിരുന്നു. മണ്ഡലത്തിൽ മരണപ്പെട്ടവരുടെ അടക്കം വോട്ട് ചെയ്തവരും കള്ളവോട്ട് ചെയ്തവരുമായ സാക്ഷികളെ വിചാരണക്കായി ഹൈക്കോടതിയിൽ ഹാജരാക്കാൻ നടപടി സ്വീകരിക്കാതെ സർക്കാർ ഒത്തുകളിക്കുകയാണെന്നും പരാജയ ഭീതിയാണ് ഇതിന് കാരണമെന്നും അദ്ദഹം പറഞ്ഞു. ഏതു സമയത്ത് തെരെഞ്ഞെടുപ്പ് നടത്തിയാലും നേരിടാൻ ബി ജെ പി തയാറാണെന്നും പറഞ്ഞിരുന്നു. 2016 ലെ തെരെഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി ബി അബ്ദുൽ റസാഖ് കെ. സുരേന്ദ്രനെ തോൽപിച്ചത്. ഈ വിജയത്തെ ചോദ്യം ചെയ്താണ് 2016 ജൂലൈ 25 ന് സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. 
കള്ളവോട്ട് ചെയ്ത 69 സാക്ഷികളെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ ഇവരുടെ പട്ടികയും കോടതിക്ക് കൈമാറിയിരുന്നു. ഇതിൽ മരണപ്പെട്ട ഏതാനും പേർ ഒഴികെ ബാക്കിയുള്ള പലരും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തി. ഇവരെ ഹാജരാക്കാൻ ഹൈക്കോടതി ഉദ്യോഗസ്ഥന്മാരെ മഞ്ചേശ്വരത്തേക്ക് അയച്ചു. സാക്ഷികളിൽ പലരും വിദേശത്തുമായിരുന്നു. രണ്ടു മാസം മുമ്പ് എം എൽ എ അന്തരിച്ചതോടെ കേസ് തുടരണോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ആരാഞ്ഞപ്പോൾ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടത്. ബി ജെ പിക്കൊപ്പം മുസ്ലിം ലീഗും മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരെഞ്ഞെടുപ്പ് നേരിടാനുള്ള തയാറെടുപ്പുകൾ അണിയറയിൽ ആരംഭിച്ചിട്ടുണ്ട്. 


 

Latest News