കാസർകോട്- പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി കോടതിയിൽ ഹാജരാക്കിയപ്പോൾ തകിടം മറിഞ്ഞു. സി പി എം ലോക്കൽ കമ്മറ്റി അംഗം എ. പീതാംബരൻ ആണ് കോടതിയിൽ എത്തിയപ്പോൾ നാടകീയമായി നിലപാട് മാറ്റിയത്. എനിക്ക് ഒന്നും അറിയില്ല, ഞാൻ ആരെയും കൊല്ലാൻ പോയിട്ടില്ല..., പൊലീസുകാർ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്ന് പീതാംബരൻ കോടതിയിൽ പറഞ്ഞു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ( സെക്കൻഡ് ) യിൽ ഇന്നലെ ഉച്ചയോടെ ഹാജരാക്കിയപ്പോഴാണ് പ്രധാന പ്രതിയും സി.പി.എം നേതാവുമായ പീതാംബരൻ പോലീസിനെ തള്ളി നാടകീയമായി മൊഴി മാറ്റിയത്. ഇയാളുടെ കൂടെ അറസ്റ്റ് ചെയ്ത ഡ്രൈവർ സജി ജോർജിനെയും ഒപ്പം കോടതിയിൽ ഹാരാജാക്കിയിരുന്നു. ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയും നിർബന്ധിപ്പിച്ചും പോലീസ് എന്നെ കൊലയാളി ആക്കിയതാണെന്നും ആണ് പീതാംബരൻ മജിസ്ട്രേറ്റിനോട് പറഞ്ഞത്.കോടതി നടപടികൾ പൂർത്തിയാകാനിരിക്കെ എനിക്കൊരു കാര്യം ബോധിപ്പിക്കാനുണ്ടെന്ന് പീതാംബരൻ മജിസ്ട്രേറ്റിനോട് പാറയുകയായിരുന്നു. എന്തെങ്കിലും രീതിയിലുള്ള അസുഖം ഉണ്ടോ എന്ന് മജിസ്ട്രേറ്റ് വീണ്ടും ചോദിച്ചപ്പോൾ ഇല്ല ഷുഗർ മാത്രമാണുള്ളതെന്നും പറഞ്ഞ ശേഷമാണ് പോലീസിനെ തള്ളി പീതാംബരൻ ബോധിപ്പിച്ചത്. അതേസമയം സജി ജോർജിനോട് കോടതി ആരാഞ്ഞപ്പോൾ ഒന്നും ഇല്ലെന്നായിരുന്നു മറുപടി. രാഷ്ട്രീയ വൈരാഗ്യം കാരണം ഏഴ് പേരുമായി ചേർന്ന് പീതാംബരൻ നേരിട്ട് കൊലനടത്തിയെന്നും കൊലപ്പെടുത്താൻ എത്തിയ സംഘത്തിൽ പീതാംബരൻ ഉണ്ടായിരുന്നുവെന്നും ആയിരുന്നു നേരത്തെ പ്രത്യേക അന്വേഷണ സംഘം ഡിവൈ.എസ്.പി എം. പ്രദീപ്കുമാർ കോടതിയിൽ സമർപ്പിച്ചിരുന്ന റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൊലീസിന്റെ ഈ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്ന വസ്തുതകൾ അകെ തള്ളിക്കൊണ്ടാണ് മുഖ്യപ്രതി കോടതിയിൽ നിലപാട് മാറ്റിയിരിക്കുന്നത്. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതികൾ ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് അയച്ചു.