ദുബായ്- ബഹിരാകാശത്തേക്ക് ആദ്യ സഞ്ചാരിയെ അയക്കുകയെന്ന യു.എ.ഇയുടെ സ്വപ്‌നം പൂവണിയുന്നു. സെപ്റ്റംബര്‍ 25 നാണ് ആദ്യ യു.എ.ഇ സഞ്ചാരി വാനിലേക്ക് കുതിക്കുക.
ബഹിരാകാശ സഞ്ചാരത്തിനായി മാസങ്ങളായി റഷ്യയില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് ഇമാറാത്തി പൗരന്മാരില്‍ ഒരാളാകും മൂന്നംഗ സംഘത്തോടൊപ്പം രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് കുതിച്ചുയരുക. ഹസ്സ അല്‍ മന്‍സൂര്‍, സുല്‍ത്താന്‍ അല്‍ നെയാദി എന്നിവരില്‍ ഒരാളായിരിക്കും ചരിത്രം സൃഷ്ടിക്കുന്ന ആ സഞ്ചാരി.
എട്ടുദിവസത്തെ പര്യവേഷണമാണ് സ്‌പേസ് സ്റ്റേഷനില്‍ യു.എ.ഇ സഞ്ചാരി നിര്‍വഹിക്കുകയെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു.
യു.എ.ഇയുടെ ചരിത്രദൗത്യത്തിന് ഇനി കൃത്യം ഏഴു മാസം മാത്രം. സോയൂസ് എംഎസ് 15 എന്ന ബഹിരാകാശ വാഹനമാണ് സഞ്ചാരിയെ വഹിച്ച് ഉയര്‍ന്നുപൊങ്ങുക. ഒക്ടോബര്‍ മൂന്നിന് തിരിച്ചെത്തും.
ബഹിരാകാശ സഞ്ചാരത്തിന്റെ ദിവസം പ്രഖ്യാപിച്ചത് വഴിത്തിരിവാണെന്നും മുഴുവന്‍ അറബ് മേഖലക്കും അഭിമാനാര്‍ഹമാണെന്നും എം.ബി.ആര്‍.എസ്.സി ഡയറക്ടര്‍ ജനറല്‍ യൂസഫ് അഹ്്മദ് അല്‍ ശൈബാനി പറഞ്ഞു. ഇദംപ്രഥമമായാണ് ഒരു അറബ് ആസ്ട്രണറ്റ് ഇന്റര്‍നാഷനല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പോകുന്നത്. അറബ് യുവസമൂഹത്തിന് ഇത് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.