തിരുവനന്തപുരം- രാജ്യാന്തര വിമാനതാവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഫിനാൻഷ്യൽ ബിഡിൽ ഒന്നാമതെത്തിയതോടെയാണ് ചുമതല അദാനി ഗ്രൂപ്പിന് ലഭിക്കുക. പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സി രണ്ടാം സ്ഥാനത്തെത്തി. ദൽഹി, ഹൈദരാബാദ് വിമാനതാവളങ്ങൾ നടത്തുന്ന ജി.എം.ആർ മൂന്നാം സ്ഥാനത്താണ്. അഹമ്മദാബാദ്, ജയ്പുർ, ലക്‌നൗ, മംഗലാപുരം എന്നീ വിമാനതാവളങ്ങളുടെ നടത്തിപ്പ് ചുമതലയും അദാനി ഗ്രൂപ്പിന് തന്നെ ലഭിച്ചേക്കും. മംഗലാപുരത്തിന് വേണ്ടി ബിഡ് ചെയ്ത സിയാൽ രണ്ടാം സ്ഥാനത്താണ്.
വിമാനതാവള നടത്തിപ്പിനായി കെ.എസ്.ഐ.ഡി.സിയുടെ പേരിലാണ് സംസ്ഥാന സർക്കാർ ബിഡ് ചെയ്തത്. നേരത്തെ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കിയായിരുന്നു ബിഡിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. വിമാനതാവള നടത്തിപ്പ് സ്വകാര്യകമ്പനികളെ ഏൽപ്പിക്കുന്നതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.