Sorry, you need to enable JavaScript to visit this website.

രാമന്റെ രക്തത്തിനു കൊതിച്ച നിമിഷം; ഒരു ബ്ലഡ് ബാങ്ക് അനുഭവം

മിസ് കോള്‍ നോട്ടിഫിക്കേഷന്‍ കണ്ടാണ് തിരിച്ച് വിളിച്ചത്. ട്രൂ കോളറില്‍ രാമന്‍ എന്ന് കാണിച്ചിരുന്നു.
ഞാന്‍ ഇവിടെ ബ്ലഡ് ബാങ്കില്‍ ഉണ്ട്. ബി.ഡി.കെ എന്ന രക്തദാന ഗ്രൂപ്പില്‍ നിന്ന് വന്നതാണ്
എന്ന് മറു തലക്കല്‍ നിന്ന് മറുപടി വന്നു.
തലേന്ന് വാപ്പാക്ക് 6 യൂണിറ്റ് രക്തം നല്‍കേണ്ടി വന്നിരുന്നു, അതിന് പകരം നല്‍കാന്‍ ഉറ്റ സൂഹൃത്ത് പ്രദീപിന്റെ നിര്‍ദേശപ്രകാരം വന്നതാണ്, വാപ്പായെ അഡ്മിറ്റ് ചെയ്തിരിക്കുന്ന നാലാം നിലയിലെ എം.ഐ.സി.യു വില്‍നിന്നും പെട്ടന്ന് താഴെ നിലയിലുള്ള ബ്ലഡ് ബാങ്കില്‍ എത്തിയപ്പോഴേക്കും രാമന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രക്തം നല്‍കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാന്‍ പുറത്ത് കാത്തിരുന്നു. കുറച്ച് സമയത്തിനുശേഷം മുഖത്ത് ചെറു പുഞ്ചിരിയുമായി ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. രാമന്‍ അല്ലേ? ഞാന്‍ ചോദിച്ചു. അതെ എന്ന് ഉത്തരം . കുറച്ച് നേരം വിശ്രമിച്ചിട്ടു പോയാല്‍ മതി എന്നും പറഞ്ഞു. അതിനിടയില്‍ വിശേഷങ്ങള്‍ ആരാഞ്ഞു . അമ്പലത്തില്‍ ശാന്തിപ്പണിയും കഴിഞ്ഞ് വരുന്ന വഴിയാണ്. എന്റെ നിര്‍ബന്ധിച്ചുള്ള സല്‍ക്കാരക്ഷണം അദ്ദേഹം സ്‌നേഹത്താടെ നിഷേധിച്ചു.  ഉടന്‍ തന്നെ പോകാന്‍ ഇറങ്ങി. ആശുപത്രിയുടെ റിസപ്ഷല്‍ വരെ അദ്ദേഹത്തെ അനുഗമിച്ച് യാത്രയാക്കി. എന്തു കൊണ്ടോ ആ പേര് ഇപ്പോഴും മനസ്സില്‍  അലയടിക്കുന്നു. രാമനെ പോലെയുള്ള സുമനസുകളായ നന്മമരങ്ങള്‍ ആണല്ലോ നമുക്ക് ഇപ്പോഴും തണലേകുന്നത്. ആരുടെ സിരകളിലായിരിക്കും രാമന്റെ രക്തം ചംക്രമണം ചെയ്യാന്‍ പോകുന്നത്, ഇനി ഒരിക്കലും പരസ്പരം കാണില്ലായിരിക്കും, ആ നല്ല മനുഷ്യനെ യാത്രയാക്കി തിരിച്ച് നടക്കുമ്പോഴും രാമന്റെ രക്തത്തിനായി എന്റെ സിരകള്‍ ദാഹിക്കുന്നുണ്ടായിരുന്നു.

 

Latest News