തൃക്കരിപ്പൂര്‍- പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തുന്നതിനു മുമ്പ് നടത്തിയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നു പോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും തന്റെ വാക്കുകള്‍ കാരണം പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ ദുഃഖവും മനസിലാക്കുന്നുവെന്നും മുസ്തഫ പറഞ്ഞു.
അതുകൊണ്ടാണു ഖേദം പ്രകടിപ്പിക്കുന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണു മാധ്യമങ്ങള്‍ കൊലവിളി പ്രസംഗമായി വ്യാഖ്യാനിച്ചതെന്നും തൃക്കരിപ്പൂര്‍ സ്വദേശിയായ മുസ്തഫ പറഞ്ഞു. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് ഒരുമാസം മുന്‍പ് മുസ്തഫ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വിവാദമായിരുന്നു. ജനുവരി ഏഴിന് കല്യോട്ടെ സിപിഎം പരിപാടിയിലായിരുന്നു മുസ്തഫയുടെ കൊലവിളി പ്രസംഗം.
പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മര്‍ദിച്ചതുവരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാന്‍ വന്നാല്‍ പാതാളത്തില്‍നിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല ഗോവിന്ദന്‍ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിധത്തില്‍ പെറുക്കിയെടുത്തു ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധത്തില്‍ ചിതറിപ്പോകും- ഇതായിരുന്നു മുസ്തഫയുടെ വിവാദ പ്രസംഗം.