Sorry, you need to enable JavaScript to visit this website.

ഹൂത്തികൾക്ക് പിന്തുണ: രാജ്യാന്തര സമൂഹം ഇറാനെതിരെ രംഗത്തുവരണം -സൽമാൻ രാജാവ്

അറബ് ഉച്ചകോടിയിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ഖലീഫയും. 

കയ്‌റോ - യെമനിൽ ഹൂത്തി വിമതർക്ക് ഇറാൻ പിന്തുണ നൽകുന്നതിന് എതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്തെത്തണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആവശ്യപ്പെട്ടു. ഈജിപ്തിലെ ശറമുശ്ശൈഖിൽ ഇന്നലെ ആരംഭിച്ച പ്രഥമ അറബ്-യൂറോപ്യൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  യെമനിലെ സ്ഥിതിഗതികൾ വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം ഹൂത്തി തീവ്രവാദികൾക്കാണ്. യെമൻ അതിർത്തിക്കുള്ളിൽനിന്ന് സൗദി ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂത്തികൾ 200ലേറെ തവണ മിസൈൽ ആക്രമണം നടത്തി. ബാബുൽ മിൻദബിലും ചെങ്കടലിലും സമുദ്രഗതാഗതം ഹൂത്തികൾ പലതവണ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ പിന്തുണയാണ് ഹൂത്തികളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതെന്നും രാജാവ് കുറ്റപ്പെടുത്തി. 
യൂറോപ്യൻ രാജ്യങ്ങളും അറബ് ലോകവും തമ്മിൽ എല്ലാമേഖലകളിലുമുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉച്ചകോടി സഹായകമാകും. രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ അറബ് രാജ്യങ്ങളും യൂറോപ്പും തമ്മിലുള്ള സഹകരണം ചരിത്രപരമാണ്. ഫലസ്തീൻ പ്രശ്‌നം നീതിയുക്തമായി പരിഹരിക്കുന്നതിന് യൂറോപ്യൻ യൂണിയൻ നടത്തിയ ശ്രമങ്ങളെ സൽമാൻ രാജാവ് പ്രകീർത്തിച്ചു. 
അറബ് രാജ്യങ്ങളെ സംബന്ധിച്ച് ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരവസ്ഥ പരമപ്രധാനമാണ്. ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആവശ്യത്തിൽനിന്ന് ഒരിക്കലും പിറകോട്ടില്ല. ഫലസ്തീൻ പ്രശ്‌ന പരിഹാരം മിഡിൽ ഈസ്റ്റിന്റെ സുരക്ഷിതത്വം മാത്രമല്ല, യൂറോപ്പിന്റെ സുസ്ഥിരതക്കും അനിവാര്യമാണെന്ന് രാജാവ് ഓർമപ്പെടുത്തി. 
യൂറോപ്യൻ അറബ് രാജ്യങ്ങളിലെ ജനതയും വരുംതലമുറയും തമ്മിൽ ശക്തമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ജീവകാരുണ്യത്തിനും വികസനത്തിനുമായി 80 ലേറെ ലോകരാജ്യങ്ങൾക്കായി 3500 കോടി ഡോളർ സൗദി ചെലവഴിച്ചു. യുദ്ധങ്ങളും കലാപങ്ങളുമാണ് അഭയാർഥികളെയും കുടിയേറ്റക്കാരെയും സൃഷ്ടിക്കുന്നത്. ഈ ഉച്ചകോടി സ്വന്തം രാജ്യത്ത് ജീവിക്കാൻ അവസരം നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷ?- സൽമാൻ രാജാവ് പറഞ്ഞു.  
ഭീകരാക്രമണത്തിന്റെ കെടുതികൾക്ക് മറ്റേതൊരു രാജ്യത്തെക്കാളും സൗദി അറേബ്യ ഇരയായിട്ടുണ്ട്. ഭീകരതക്കെതിരെ മറ്റു രാജ്യങ്ങളുമായി ചേർന്ന് ശക്തമായ പോരാട്ടത്തിലാണ് സൗദി അറേബ്യ. സുരക്ഷാസഹകരണമാണ് ഭീകരത അമർച്ച ചെയ്യുന്നതിന് രാജ്യത്തെ സഹായിച്ചതെന്നും രാജാവ് പറഞ്ഞു. ലോകത്തെ ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ സൗദി അറേബ്യ ഇന്നുവരെ ഇടപെട്ടിട്ടില്ല. ഭരണനേതൃത്വത്തെ അംഗീകരിക്കുക എന്നതാണ് നയതന്ത്ര മര്യാദ. അതിനാൽ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെ സൗദി അറേബ്യ ശക്തിയുക്തം എതിർക്കുമെന്നും സൽമാൻ രാജാവ് പറഞ്ഞു. ദ്വിദിന ഉച്ചകോടി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി ഉദ്ഘാടനം ചെയ്തു. 
ഫലസ്തീൻ പ്രശ്‌നത്തിൽ അറബ് ലോകത്തിന്റെ നിലപാടിനൊപ്പമാണ് ഈജിപ്ത് നിലകൊള്ളുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി സംഘടിപ്പിച്ച ഉച്ചവിരുന്നിലും സൽമാൻ രാജാവും പ്രതിനിധി സംഘവും സംബന്ധിച്ചിരുന്നു. 
പ്രസിഡന്റിന്റെ അഭ്യർഥന മാനിച്ച് സൗദി ജയിലുകളിൽ കഴിയുന്ന ഏതാനും ഈജിപ്ഷ്യൻ തടവുകാരെ മോചിപ്പിക്കുന്നതിനും രാജാവ് നിർദേശം നൽകി. മോചിതരാകുന്ന തടവുകാരെ നാട്ടിലെത്തിക്കുന്നതിന് ഈജിപ്ഷ്യൻ എംബസി മേൽനോട്ടം വഹിക്കും. 


 

Latest News