ഉസ്മാന്‍ പാണ്ടിക്കാടിന് ജിദ്ദാ പൗരാവലി യാത്രയയപ്പ് നല്‍കി

ഉസ്മാന്‍ പാണ്ടിക്കാടിന് ജിദ്ദാ പൗരാവലിയുടെ ഉപഹാരം റഹീം ഒതുക്കുങ്ങല്‍ കൈമാറുന്നു.

ജിദ്ദ - രണ്ട് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കവിയും എഴുത്തുകാരനും പൊതു പ്രവര്‍ത്തകനും പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റുമായ ഉസ്മാന്‍ പാണ്ടിക്കാടിന് ജിദ്ദയിലെ മലയാളി സമൂഹം ഒരുക്കിയ യാത്രയയപ്പ് രാഷ്ട്രീയ സാംസ്‌കാരിക സമൂഹത്തിന്റെ നിറസാന്നിധ്യം കൊണ്ട് സമ്പന്നമായി.
ബഹുമുഖ പ്രതിഭയായ ഉസ്മാന്‍ പണ്ടിക്കാടിന്റെ മടക്കം ജിദ്ദയിലെ മലയാളി സമൂഹത്തിന്, വിശേഷിച്ചും കലാ സാംസ്‌കാരിക രംഗത്തിന് നികത്താന്‍ പറ്റാത്ത വിടവായിരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഷിബു തിരുവനന്തപുരം, നൗഷാദ് അടൂര്‍, സി.കെ. നജീബ്, ടി.എം.എ റഊഫ്, ശ്യാം ഗോവിന്ദ്, ഇസ്മായില്‍ കല്ലായി, സുഹ്‌റ ബഷീര്‍, കെ.എം. ഷാഫി, പി. ഷംസുദ്ദീന്‍, ഡോ. ഇസ്മായില്‍ മരിതേരി, കെ.എം. മുസ്തഫ,  അബ്ദുല്ല മുക്കണ്ണി, എം. അഷ്‌റഫ്, രാഗേഷ് രാഘവ്, ഹനീഫ കടുങ്ങല്ലൂര്‍, ഷാജു അത്താണിക്കല്‍, മുസ്തഫ തോളൂര്‍, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ശിഹാബ് കരുവാരക്കുണ്ട്  തുടങ്ങിയവര്‍ സംസാരിച്ചു.
കാല്‍പനികമായ പ്രവാസ സ്മരണകള്‍ ഉള്ളിലൊതുക്കിയാണ് തിരിച്ചുപോക്കെന്ന് ഉസ്മാന്‍ പാണ്ടിക്കാട് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍ എല്ലാവരോടും കടപ്പാട് മാത്രം. വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും പുലര്‍ത്തുന്ന സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഒന്നിച്ചിരിക്കാന്‍ സാധിക്കുന്നു എന്നത് പ്രവാസ ലോകത്തിന്റെ നന്മയാണ്. ഈ ഐക്യവും ഭദ്രതയും നാം നിലനിര്‍ത്തി മുന്നോട്ടു പോകണം. പ്രവാസം ലോകത്തിന്റെ തന്നെ സംഗമമാണ്. മലയാളികളില്‍നിന്ന് മാത്രമല്ല, അറബ്, സൗദി, പാശ്ചാത്യ പൗരന്മാരില്‍ നിന്നും ലഭിച്ച സ്‌നേഹോഷ്മളമായ അനുഭവങ്ങളും അറിവുകളും അദ്ദേഹം വിവരിച്ചു.
ഉസ്മാന്‍ പാണ്ടിക്കാട്  രചിച്ച പ്രസിദ്ധ ഗാനം 'ആയിരം കാതങ്ങളിക്കരെ ഇങ്ങറേബ്യാ നാട്ടില്‍' സാദിക്കലി തുവ്വൂര്‍ ആലപിച്ചത് സദസ്സിനു നവ്യാനുഭവമായി. സലിം എടയൂര്‍ കവിതാ സമര്‍പ്പണം നടത്തി. ഷിജി രാജീവ് ഗാനം ആലപിച്ചു. പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ ഉപഹാരം കൈമാറി.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മൗന പ്രാര്‍ത്ഥനയോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് മുഹമ്മദലി ഓവുങ്ങല്‍, എ.കെ. സൈതലവി, വേങ്ങര നാസര്‍, ഷഫീഖ് മേലാറ്റൂര്‍, ഇസ്മയില്‍ പാലക്കണ്ടി, അമീന്‍ ഷറഫുദീന്‍, ഉമറുല്‍ ഫാറൂഖ്, അബ്ദുല്‍ ലത്തീഫ്, ദാവൂദ് രാമപുരം തുടങ്ങിയവര്‍  നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എം.പി.അഷ്‌റഫ് സ്വാഗതവും ഇ.പി. സിറാജ് നന്ദിയും പറഞ്ഞു.


 

 

Latest News