Sorry, you need to enable JavaScript to visit this website.

ജോലി തേടിയിറങ്ങിയ യുവതിയെ മിസ്‌രി യുവാവ് ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചു

ദുബായ്- ജോലി അന്വേഷിച്ചിറങ്ങിയ ഫിലിപ്പിനോ യുവതിയെ തന്ത്രപൂര്‍വം ഹോട്ടല്‍ മുറിയിലെത്തിച്ച് രണ്ടു തവണ പീഡിപ്പിച്ച ഈജിപ്ഷ്യന്‍ യുവാവിനെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റം ചുമത്തി. ഹോട്ടലില്‍ വച്ച് ജോലിക്കായി ഒരു അഭിമുഖം നടക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായ് 23-കാരനായ യുവാവ് യുവതിയെ ഹോട്ടലിലെത്തിച്ചത്. ശേഷം തന്ത്രപൂര്‍വം മുറിയിലടച്ച് പീഡിപ്പിക്കുകയായിരുന്നു. തന്റെ കാറിനുള്ളില്‍ വച്ചും യുവാവ് യുവതിയെ മാനഭംഗപ്പെടുത്തിയതായി തെളിഞ്ഞു. ശുചീകരണ ജോലി ചെയ്തു വരികയായിരുന്ന 27-കാരിയായ ഫിലിപ്പിനോ യുവതി തന്റെ വിസാ കാലാവധി തീരുന്നതിനു മുമ്പായി പുതിയ ജോലി തേടിക്കൊണ്ടിരിക്കെയാണ് യുവാവിന്റെ കെണിയിലായത്. 

നാട്ടില്‍ തനിക്ക് രണ്ടു മക്കളുണ്ടെന്നും ഇവരെ പോറ്റാനാണ് യുഎഇയില്‍ ജോലി ചെയ്യുന്നതെന്നും യുവതി കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായ് കറാമയിലെ ഒരു ഹയര്‍ഡ്രെസിങ് സലൂണില്‍ ഒരു ഇന്റര്‍വ്യൂവിനായി പോകവെയാണ് യുവാവ് യുവതിയുമായി പരിചയപ്പെട്ടത്. തന്റെ ആന്റിക്ക് ഒരു ബിസിനസ് ഉണ്ടെന്നും അവരുടെ സെക്രട്ടറിയായി ജോലി നല്‍കാന്‍ സാധ്യതയുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. ശേഷം മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തു. പിന്നീട് ഇന്റര്‍വ്യൂവിനായി സലൂണില്‍ എത്തിയപ്പോള്‍ മാനേജര്‍ യുഎഇക്കു പുറത്താണെന്നും മൂന്ന് ദിവസത്തിനു ശേഷമെ എത്തുവെന്നുമാണ് മറുപടി ലഭിച്ചത്. ഏറെ സമയത്തിനു ശേഷം ഇവിടെ നിന്നു തിരിച്ചു പോകുന്നതിനിടെയാണ് പ്രതിയായ യുവാവിന്റെ വിളി വരുന്നത്. തന്റെ ആന്റി തൊട്ടടുത്തുള്ള ഓഫീസില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യുവാവ് അറിയിച്ചത്. യുവാവ് അപ്പോഴും അവിടെ പരിസരത്തു തന്നെ ഉണ്ടായിരുന്നു. നിര്‍ബന്ധത്തിനു വഴങ്ങി യുവാവിന്റെ കാറില്‍ തന്നെ ആന്റിയെ കാണാന്‍ പുറപ്പെട്ടു. ഒരു റെസ്ട്രന്റില്‍ വച്ച് കാണാമെന്നാണ് ആന്റി അറിയിച്ചതെന്നും യുവാവ് പറഞ്ഞു. പോകുന്നതിനിടെ തന്റെ സിഗരറ്റ് പാക്കിന്‍ മുകളില്‍ ഇരുന്നുവെന്ന് പറഞ്ഞ് യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. പിന്നീട് ഒരു ഹോട്ടലിലാണ് എത്തിച്ചത്. പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തി പുറത്തു പോയ യുവാവ് അല്‍പ സമയത്തിനു ശേഷം തിരിച്ചെത്തി തന്നേയും കൂട്ടി ഹോട്ടലിലേക്കു കയറുകയും പിന്നീട് ഒരു മുറിയില്‍ കയറി വാതിലടക്കുകയുമായിരുന്നു. ഇവിടെ വച്ച് പീഡിപ്പിച്ച ശേഷം യുവതിയുടെ പഴ്‌സില്‍ 50 ദിര്‍ഹം വച്ചു കൊടുത്തു തുറന്നു വിടുകയും ചെയ്തു. യുവതി ഉടന്‍ ഹോട്ടല്‍ റിസപ്ഷനില്‍ വിവരമറിയിക്കുകയും താമസിയാതെ പോലീസ് എത്തി യുവാവിനെ ഹോട്ടലില്‍ നിന്നു തന്നെ പിടികൂടുകയുമായിരുന്നു. യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കേസ് മാര്‍ച്ച് 12-നു വീണ്ടും കോടതി പരിഗണിക്കും.
 

Latest News