Sorry, you need to enable JavaScript to visit this website.

മദാ, സദാദ് സ്വകാര്യവത്കരണം പരിഗണനയിൽ -സാമ ഗവർണർ 

റിയാദ് - സൗദിയിൽ ഓൺലൈൻ ബാങ്കിംഗിന് കേന്ദ്രബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) ഏർപ്പെടുത്തിയ മദാ, സദാദ് സംവിധാനങ്ങൾ സ്വകാര്യവത്കരിക്കാൻ നീക്കം. അതോറിറ്റിക്ക് കീഴിലെ ധനകാര്യ വികസന കമ്മിറ്റിയാണ് ഇക്കാര്യം ശുപാർശ ചെയ്തതെന്ന് സാമ ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി പറഞ്ഞു. കറൻസി വിനിമയം പരമാവധി കുറയ്ക്കുന്നതിനും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് 3,50,000 വാണിജ്യ സ്ഥാപനങ്ങളിൽ ഇപ്പോൾ പോയിന്റ് ഓഫ് സെയിൽസ് (പി.ഒ.എസ്) മെഷീനുകൾ പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ ബങ്കുകളിൽ കൂടി പി.ഒ.എസ് മെഷീൻ സംവിധാനം വ്യാപകമാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി വാണിജ്യ നിക്ഷേപ മന്ത്രാലയം, നഗരവികസന ഗ്രാമകാര്യ മന്ത്രാലയം എന്നീ വകുപ്പുകളുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കും.
 ഗൾഫ് മേഖലയിലെ ബാങ്കിംഗ്, ഫിനാൻഷ്യൽ ടെക്‌നോളജി മേഖലയിലെ പ്രമുഖ സ്ഥാപനമായ മെഫ്‌ടെക് റിയാദിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ദ്വദിന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഡോ. അൽഖുലൈഫി. ഫിനാൻഷ്യൽ സെക്ടർ ഡെവലപ്‌മെന്റ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം തന്നെ ധനവിനിയോഗത്തിന് കറൻസിയെ ആശ്രയിക്കാത്ത സാമൂഹ്യ പശ്ചാതലം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വ്യാപിപ്പിക്കുന്നത് ഇന്ന് സാമ്പത്തിക വിദഗ്ധർക്കിടയിലെ പ്രധാന ചർച്ചാവിഷയമാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ ഡിജിറ്റൽ പണമിടപാട് പരിപോഷിപ്പിക്കുന്നത് സംബന്ധിച്ച് അനേകം നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 
ധനവിനിയോഗ രംഗത്തെ വികസനത്തിനായി രണ്ടര ദശകങ്ങളായി സാമ പ്രവർത്തിച്ചുവരികയാണെന്നും ഗവർണർ വ്യക്തമാക്കി. മദാ, സദാദ്, സരീഅ്, ഈസാൽ എന്നീ സംവിധാനങ്ങൾ പ്രാബല്യത്തിലാക്കിയത് വഴി സാമ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോയി. 50 ട്രില്യൺ റിയാലിന്റെ ധനവിനിയോഗം നടന്ന കഴിഞ്ഞ ഒരു വർഷം മാത്രം 2.3 ബില്യൺ റിയാൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വഴിയാണ് പൂർത്തിയായതെന്ന് ഗവർണർ അറിയിച്ചു. ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ സുരക്ഷിതത്വം പ്രധാനം ചെയ്യുന്നുവെന്നതാണ് ഡിജിറ്റൽ പണമിടപാട് സംവിധാനത്തെ ഏറ്റവും പ്രായോഗികമാക്കുന്നതെന്ന് ഡോ. അഹ്മദ് അൽഖുലൈഫി വ്യക്തമാക്കി. ധനവിനിമയം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ കാലയളവിൽ ക്യു.ആർ കോഡ് സിസ്റ്റം വ്യാപകമാക്കിയതെന്നും അദ്ദേഹം വിശദമാക്കി. സുരക്ഷിതമായ രീതിയിൽ ധനവിനിയോഗത്തിന് സൗദിയിലെ മുഴുവൻ എ.ടി.എം മെഷീനുകളെയും പോയിന്റ് ഓഫ് സെയിൽസ് ഉപകരണങ്ങളെയും ബന്ധിപ്പിച്ച കേന്ദ്രീകൃത സംവിധാനമാണ് മദാ. ബില്ലുകളും ഗവൺമെന്റ് സേവനങ്ങൾക്കുള്ള നിരക്കുകളും കാണുന്നതിനും ഓൺലൈൻ വഴി പേയ്‌മെന്റ് നടത്തുന്നതിനുമായി ഏർപ്പെടുത്തിയ സംവിധാനമാണ് സദാദ്. 
അതേസമയം, വ്യക്തിഗത, റിയൽ എസ്റ്റേറ്റ് ലോണുകൾ നിർത്തലാക്കിയിട്ടില്ലെന്നും മുൻകൂട്ടി പ്രസിദ്ധപ്പെടുത്താതെ ഏതെങ്കിലും ബാങ്കുകൾ ലയിപ്പിക്കുകയില്ലെന്നും സാമ ഗവർണർ വ്യക്തമാക്കി.

Latest News