Sorry, you need to enable JavaScript to visit this website.

ഓരത്തെ പതിഞ്ഞ ഓളങ്ങൾ

കഥ

ചെക്കന്റ വീട്ടിൽ പെണ്ണ് എത്തി. മഗ്‌രിബ് നമസ്‌കാര സമയം ആണുങ്ങളെല്ലാം പള്ളിയിലേക്കും അടുത്തുള്ള ബന്ധുക്കൾ അവരവരുടെ വീടുകളിലേക്കും തിരിച്ചു. ചുറ്റിലുമുണ്ടായിരുന്ന പരിവാരങ്ങളും പാട്ടും ബഹളവും അൽപനേരത്തേക്ക് നിലച്ചു. പുതു പെണ്ണിന് അൽപം സമാധാനം കിട്ടി. അവൾ ചെറിയൊരാശ്വാസത്തോടെ ഇരുന്നു. മുറ്റത്ത് പാചകക്കാർ പാത്രങ്ങൾ ഉരച്ച് കഴുകുന്നതും അടുക്കിവെക്കുന്നതുമായ ബഹളം.
സൈനൂത്താ ...സൈനുത്തോയ് .... നീട്ടി വിളിക്കുന്നത് ഇവന്റ് മാനേജർ അലിയാണ്.
എന്താ അലി
ഇതാ ഭക്ഷണം ബാക്കിയുണ്ട്. എനിക്കെന്റെ പാത്രം ഒഴിയണം. നാളെ പെരിങ്ങോത്ത് എത്തേണ്ടതാ.
സൈനുത്ത പണിക്കാരത്തി കദീജാനെ വിളിച്ചു
കദീജാ നീ അതൊക്കെ നമ്മളെ പാത്രത്തിലേക്ക് മാറ്റ്. ഇവിടാരും ഒരു നേരം കഴിച്ചത് പിന്നൊരു നേരം കഴിക്കൂല. നാസറിന്റെ കയ്യിൽ കോളനിയിലേക്ക് കൊടുത്തയക്കാ. അവറ്റകൾ കഴിക്കട്ടെ.
നേരം വെളുത്തപ്പോൾ തൊട്ട് എപ്പോഴും ആളുകൾ തന്നെ. പുതിയ പെണ്ണിനെ കാണാൻ ബന്ധുക്കളും അയൽവാസികളും. അടുക്കളയിൽ ഫഹദിന്റെ ഉമ്മാന്റെ നേതൃത്വത്തിൽ ഭക്ഷണ മേള ഒരുങ്ങുന്ന തിരക്ക്. സൈനുമ്മ വന്നവരോടൊക്കെ സംസാരിച്ചിരിക്കുന്നു. ഹന ആടയാഭരണങ്ങളണിഞ്ഞ് ഒരു കാഴ്ചവസ്തുവായി ഇരിക്കുന്നു.
ഹനാ.... ഒന്നിവിടെ വരെ വരൂ...
അടുക്കളയിൽ നിന്നും ഫഹദിന്റെ ഉമ്മയാണ് 
അവൾ പതിയെ ഭാരിച്ച വസ്ത്രവും ആഭരണങ്ങളും കുട്ടിപ്പിടിച്ച് അടുക്കളയിലേക്ക് നടന്നു.
ഉമ്മ:  ഇവർക്ക് നിന്നെ കാണണം എന്ന്.
മുറ്റത്ത് കുറച്ച് സ്ത്രീകൾ നിൽക്കുന്നു.
ഹന:  ആരാ ഉമ്മ ഇവരൊക്കെ
ഉമ്മ:  കോളനിലുള്ളോരാ....
ഹന അവരെ നോക്കി ചിരിച്ചു. ആർക്കും ഒരു ഭാവ വ്യത്യാസവുമില്ല, കാരണം ജന്മം മുതൽ അവർ അണിയുന്ന ഭാവം വിഷാദം, അത് സ്ഥായിയാണ്. അവരുടെ ഭാവവും അവർ ധരിച്ച കറുത്ത വസ്ത്രങ്ങളും നിറം മങ്ങിയ അവരുടെ ജീവിതങ്ങളെ വിളിച്ചറിയിക്കുന്നതാണ്.
അവർ അവളെ ഒരു കാഴ്ചവസ്തു പോലെ നോക്കിക്കണ്ടു.
പതുക്കെ ഫഹദിന്റെ ഉമ്മ അവളുടെ അടുത്തേക്ക് ചെന്ന് പതിഞ്ഞ ശബ്ദത്തിൽ കുശുകുശുത്തു.
മതി പോയ്‌ക്കോ കണ്ണ് കൊള്ളും. 
ഹന ഉമ്മ പറയുന്നത് അനുസരിച്ചു.
അതും ഇതും പിറക്കിയിട്ട് ഒരു സഞ്ചിയും അൽപം കാശും ഉളളം കൈയ്യിൽ ചുരുട്ടിപ്പിടിച്ച് കൊടുത്തുകൊണ്ട് സൈനൂത്ത പറഞ്ഞു:  വേഗം പോയ്‌ക്കോ എല്ലാരും ചോറിനിരിക്കുന്ന സമയാ...
കൊതിയൂറുന്ന മണവും, വിശന്ന വയറും അവരെ അവിടെ നിർത്തിയില്ല, ഭക്ഷണത്തിന് ചോദിക്കാൻ തോന്നിപ്പിച്ചില്ല. കാരണം വേഗം വീട്ടിൽ പോയി കിട്ടിയ സഞ്ചിയിലെന്താണെന്ന് നോക്കണം എന്നതായിരുന്നു അവരുടെ മനസ്സിൽ.
കല്ല്യാണം കഴിഞ്ഞുള്ള സൽക്കാരമാണിന്ന്. ചെക്കന്റെ വീട്ടുകാർ അതി ഗംഭീര വിരുന്നാണ് ഒരുക്കിയിട്ടുള്ളത്. എവിടെയും കുറവ് ഉണ്ടാവാൻ പാടില്ല. ഇതും അലി തന്നെയാണ് ഒരുക്കുന്നത്. നാട്ടിലെ ഇപ്പോഴത്തെ പ്രശസ്തൻ അലി തന്നെയാണ്. പണക്കാർക്ക് പാർട്ടി എന്നത് ഭക്ഷണമേള കൂടിയാണ്. പതിവുപോലെ കുറേ ഭക്ഷണം ബാക്കിയായി. ഒരു നേരത്തെ ഭക്ഷണം അടുത്ത നേരം കഴിച്ച് ശീലമില്ലാത്ത അവർക്ക് ഭക്ഷണം ബാക്കിയാവുക എന്നത് ഒരു വല്ലാത്ത തലവേദന തന്നെയാണെന്ന് അവരുടെ മേൽനോട്ടക്കാരൻ നാസറിന്റെ കൈയും കാലും പിടിച്ച് ഭക്ഷണം കോളനിയിൽ കൊണ്ട് കൊടുക്കാൻ കേഴുന്ന സൈനുത്താനെ കണ്ടാൽ അറിയാം.
നാസർ: സൈനുത്ത അവിടെ മര്യദക്കുള്ള വഴിയും, വെളിച്ചവുമൊന്നും ഇല്ല എന്ന് നിങ്ങക്കറീല്ലേ... ഈ രാത്രിയിലെങ്ങനെ പോകാനാ.. മാത്രല്ല അവരുറങ്ങിക്കാണും.
ഇല്ല ... നാസറേ...അവരുറങ്ങില്ല. ഇന്നിവിടെ പാർട്ടിയാണെന്ന് അവർക്ക് അറിയാം... ഭക്ഷണം കാത്തുനിൽക്കുന്നുണ്ടാവും. സൈനുത്താന്റെ മറുപടി.
ആ.... ഒരു വിളപ്പിൽശാല നിങ്ങളുണ്ടാക്കിട്ടുണ്ടല്ലോ.. പല്ലു ഞെരിച്ച് സൈനുത്ത കേൾക്കാതെ നാസർ പിറുപിറുത്തു.
പുറത്ത് നടക്കുന്ന ഈ നാടക രംഗങ്ങൾ ജനാലയിലൂടെ നോക്കി നിൽക്കുകയായിരുന്നു ഹന. 
ഹനാ...
ഹന തിരിഞ്ഞ് നോക്കി
നീ എന്താ ഇത്ര കാര്യായിട്ട് നോക്കുന്നേ.. ചോദ്യം ഫഹദിന്റെതായിരുന്നു.
ഹന: ഒന്നൂല്ല.
ഫഹദ്:  നീ വാ ... എല്ലാരും പോകാൻ നിൽക്കുന്നു.
അപ്പോഴേക്കും ഹനയുടെ ഉമ്മയും ബന്ധുക്കളും അവിടെക്കെത്തി
ശരി മോളേ.. ഞങ്ങളിറങ്ങട്ടെ, രണ്ട് ദിവസം കഴിഞ്ഞാൽ എല്ലാരെയും കൂട്ടി അങ്ങോട്ട് വാ.. കേട്ടോ ഫഹദ്.
ഫഹദ്: ശരി ഉമ്മാ
എല്ലാവരും പരസ്പരം യാത്ര പറഞ്ഞ് പോയി.
തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം പുറത്ത് സിറ്റൗട്ടിൽ എല്ലാവരും സന്തോഷത്തിലാണ്.
അപ്പോഴാണ് അവിടേക്ക് ഒരു സ്ത്രീ നടന്നു വന്നത്.
സൈനുമ്മ: കോളനിയിലെ പാത്തു അല്ലേ അത്.
സ്ത്രീ അവർക്കു നേരെ നടന്നടുക്കുന്നു.
കൈ കൊണ്ട് വീശി ആഗ്യം കാണിച്ച് അൽപം ഉച്ചത്തിൽ സൈനുമ്മ പറഞ്ഞു.
പാത്തു... അടുക്കള വശത്തൂടെ വാ...
അവർ തിരിഞ്ഞ് അടുക്കള ഭാഗത്തേക്ക് നടന്നു. സൈനുമ്മ എണീറ്റ് അവരുടെ അടുത്തേക്ക് പോയി. പിന്നാലെ ഉമ്മയും
അൽപസമയം കഴിഞ്ഞ് വലിയ സഞ്ചിയുമായി വന്ന സ്ത്രീ മടങ്ങി.
ഉപ്പ: എന്തിനാ അവർ വന്നത്.
ഉമ്മ: അത് പഴയ ഡ്രെസ്സ് ഉണ്ടോന്ന്, അടുത്താഴ്ച കോളനിലെ സക്കീനാന്റെ മകളുടെ കല്ല്യാണം.
ഉപ്പ: നേരാ അയാളിവിടെ വന്ന് വിളിച്ചു, എല്ലാരോടും പോകാൻ പറഞ്ഞു.
ഉമ്മ: ആരു പോകാനാ വൃത്തി ഇല്ലാത്തിടത്ത്.നിങ്ങ പോകാനൊന്നും നിക്കേണ്ട.
ഉപ്പ: അയാളെന്നെ കാര്യായിട്ട് വിളിച്ചതാ, എന്തെങ്കിലും കൊടുക്കണം. പോകാതെ പറ്റില്ല.
ഉമ്മ: നിക്കാഹ് നമ്മള്‌ടെ പള്ളീന്നല്ലേ... അപ്പോ എന്തെങ്കിലും കൊടുത്തേക്ക്. വീട്ടിൽ പോണ്ട. പോയാലും ഒന്നും തിന്നൂല. പിന്നെന്തിനാ..
ഉപ്പ: ഉം...
ഇന്ന് പുതു പെണ്ണിനെയും ചെക്കനെയും കുട്ടി കുടുംബ വീടുകൾ സന്ദർശിക്കാനിറങ്ങി, നടന്നു പോകുന്ന ദൂരമെ ഉള്ളൂവെങ്കിലും എളുപ്പത്തിൽ കയറാനുള്ള വഴികൾ ഇല്ല. റോഡുവഴി മാത്രേ പോകാനൊക്കൂ. ഒരു ദിവസം ഹന ഫഹദിനോട് പറഞ്ഞു. തൊട്ടടുത്ത വീട്ടിൽ പോകാൻ കാറിൽ കയറി മുൻവശത്തൂടെ പോകുന്നതിനു പകരം, ഇവിടെ ചുമരൊന്ന് മുറിച്ചാൽ എളുപ്പത്തിൽ പോകാലോ, അപ്പോൾ ഫഹദ് പറഞ്ഞത്. അങ്ങനെ ചെയ്താൽ എല്ലാവരും അതൊരു വഴിയായി ഉപയോഗിക്കും, അപരിചിതരൊക്കെ നമ്മുടെ മുറ്റത്തൂടെ പോകുമെന്നും. സ്വന്തം നാട്ടിലെ അപരിചിതരെ അന്നവൾ മനസ്സിലാക്കിയില്ല. 
ഫഹദ് വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോഴേക്കും അവന്റെ ഇഷ്ടമുള്ള പാട്ട് പ്ലേ ആവാൻ തുടങ്ങി.
സൈനുമ്മ: മോനെ... നീ അത് നിർത്തി ഓത്ത് വെക്ക്, ഉമ്മാമാക്ക് അതാ കേൾക്കേണ്ടേ..
നല്ല ഈണത്തിലുള്ള ഓത്തിനൊപ്പം ഖുർആൻ അർത്ഥവും പറയുന്നുണ്ട്.
കുറേ വീടുകൾ കയറിയിറങ്ങി. ഇനി അമീറാന്റെ വീട്ടിൽ കൂടി പോയാൽ തീർന്നു എന്ന് ഉമ്മ പറഞ്ഞു. നേരം സന്ധ്യയാവാറായി. പൊടുന്നനെ പള്ളിയിൽ നിന്നും അറിയിപ്പുണ്ടായി.
കോളനിയിൽ താമസിക്കുന്ന ചെമ്പേക്കാടൻ അശ്‌റഫിന്റെയും ഫസീലയുടെയും മകൻ നജീബ് 18 വയസ്സ് മരണപ്പെട്ട വിവരം നിങ്ങളെ അറിയിക്കുന്നു.
ഉപ്പ: നജീബോ.. അവനെ ഞാൻ ളുഹർ നിസ്‌കാരത്തിന് പള്ളിയിൽ കണ്ടതാണല്ലോ !!!
ആർക്കും കേട്ട ഭാവം ഇല്ല...അങ്ങനെ എത്ര മരണങ്ങൾ  എന്ന ഭാവേന
ഉമ്മ: ഇനിയിപ്പൊ എന്ത് ചെയ്യും, ആ ഭാഗത്തല്ലെ അമീറാന്റ വീട്, എങ്ങനെ പോകും, ആളും ബഹളവുമാവുമോ.
സൈനുമ്മ: ഇപ്പോ മരിച്ചതല്ലെ ഉള്ളൂ ആളുകൾ വരുന്നതിന് മുന്നേ നമുക്ക് വേഗം പോയി വരാ.. പോവാതിരുന്നാ അത് ബാക്കിയാവും. 
ഉപ്പ: ആ ചെക്കൻ ളുഹറിന് പള്ളില് കണ്ടതാണല്ലോ! ഇസ്മാഈലിന്റെ കടയിൽ പണിക്ക് നിക്കുന്നുണ്ട്. കണ്ടാൽ നല്ല വർത്താനാ, നല്ല ഭംഗിയാ കാണാൻ.. പെട്ടെന്ന് ഇതെന്ത് പറ്റി !? കല്ല്യാണത്തിന് കാറ്ററിങിന്റെ പിള്ളേരൊടൊപ്പം എടുക്കാനും വെക്കാനുമൊക്കെ ഉണ്ടായിരുന്നു. 
നീ കണ്ടിട്ടില്ലേ? ചോദ്യം ഫഹദിനോടായിരുന്നു.
ഫഹദ്: എനിക്കെങ്ങനെ അറിയാനാ ഉപ്പാ.. ബന്ധുക്കളെ തന്നെ അറിയില്ല.
ഉമ്മ: നീ നാട്ടിലില്ലല്ലോ, പഠിത്തോം ജോലിയുമൊക്കെയായി വിദേശത്തല്ലെ.
ഉപ്പ: എന്നാലും അവന് എന്ത് പറ്റിയതാ.. ഞാൻ ളുഹറിന് കണ്ടപ്പോഴും ചിരിച്ച് വർത്താനം പറഞ്ഞതാ....
താടിയിൽ തലോടി അദ്ദേഹം ചിന്താമഗ്‌നനായി.
കാറിൽ അൽപം മൂകത തിങ്ങി. പതിഞ്ഞ ശബ്ദത്തിൽ ഹന ചോദിച്ചു
എവിടെയാ കോളനി, അതൊരു നാടാണോ!!!?
ഉമ്മ: നാടൊന്നുമല്ല. ഇവിടെ പുഴയോട് ചേർന്ന് കുറച്ച് വീടുകൾ ഉണ്ട്
ഉമ്മ പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ സൈനുമ്മ ഇടപെട്ടു.
ആ പുഴവക്ക് മുതൽ ഈ കാണുന്ന സ്ഥലങ്ങളെല്ലാം എന്റെ ഉപ്പുപ്പാന്റെതാ.. അവരുടെ മക്കളുടെയും, മക്കളുടെ മക്കളുടെയും വീടുകളാ ഈ കാണുന്നതൊക്കെ. എന്റെ ആങ്ങളയൊരുത്തൻ അവന്റെ സ്ഥലത്ത്, എവിടെ നിന്നോ വന്ന കുറേ പഹയർക്ക് വീട് വെച്ച് കൊടുത്തു.  അവന് തരിയും തരിമ്പുമൊന്നുമില്ലല്ലോ (കുട്ടികൾ ഇല്ല) ഒന്നും ചിന്തിക്കേണ്ട. അവര് പെരുകുന്തോറും വീടും പെരുകി, സ്ഥലവും കയ്യേറി. പിന്നെ എല്ലാരും അതിരു കെട്ടിമുട്ടിച്ചു. അന്ന് പത്തോ പന്ത്രണ്ടോ കുടുംബേ ഉണ്ടായുള്ളൂ.. ഇപ്പോ കുറേ ഉണ്ടെന്ന് തോന്നുന്നു.
കുടുംബ പുരാണം സംസാരിച്ചിരിക്കേ അമീറാന്റ വീടെത്തി. തമാശയും സംസാരവും ബഹളവും, പക്ഷേ എന്താണെന്നറിയില്ല ഹനാക്ക് ചിരിക്കാനോ സന്തോഷിക്കാനോ കഴിയുന്നില്ല. കുടുംബ സന്ദർശനം എന്നാൽ വീടു ദർശനം കൂടിയാണ്. ഓരോന്നും വീടുകൾ എന്നല്ല, കൊട്ടാരമെന്നോ മ്യൂസിയം എന്നോ വിശേഷിപ്പിക്കാം. സമ്പത്തിന്റെ അളവുകോലാണ് വീടുകൾ. ഹനയെ ആനയിച്ച് കാഴ്ചകൾ കാണിക്കുകയാണ് അമീറയുടെ മകൾ.
രണ്ടു പേരും മുകളിലേക്ക് കോണിപ്പടി കേറി. രണ്ട് പെൺകുട്ടികളും ഒരാണും ആണ് അമീറാക്ക്, മൂത്ത രണ്ട് മക്കൾ ദുബായിലാണ്, അവരുടെ മുറികൾ നസ്രി തുറന്ന് കാണിച്ചു. ഹന കാഴ്ചകളുടെ ആസ്വാദനത്തിലല്ല. ഏതോ ചിന്തകൾ അവളെ അലോസരപ്പെടുത്തി. നസ്‌റിയിലേക്ക് തിരിഞ്ഞ് അവൾ ചോദിച്ചു : കോളനി എവിടെയാ..ഇവിടെ അടുത്താണോ
നസ്രി: കോളനി ഈ ജനാല തുറന്നാൽ കാണാം... എന്തേ !!
ഹന: ഒന്ന് കാണിക്കൂ
നസ്രി ജനാല തുറന്നു.
കാഴ്ച അൽപം ദൂരെ നിന്നാണ്
നസ്രി: അവിടെ ഇന്നൊരു മരണം നടന്നു. നജീബ്. അവൻ നന്നായി പഠിക്കും. ഉപ്പ മരിച്ചിട്ട് മൂന്നു മാസമെ ആയുള്ളു, രണ്ട് പെങ്ങന്മാർ കല്യാണം കഴിയാതെ വീട്ടിലുണ്ട്.
ഹന: എന്താ ആ കുട്ടിക്ക് പറ്റിയത്! ഉപ്പ ഉച്ചക്ക് പള്ളിയിൽ കണ്ടു എന്ന് പറഞ്ഞു.
നസ്രി: അവന് തലയിൽ ട്യൂമറാണെന്നാ കേട്ടേ... തുടക്കമാണ്..ഡോക്ടറെ കാണിക്കാഞ്ഞിട്ടാവും. അവർക്ക്  ആരും ഇല്ലല്ലോ...
ഒരു ഇടിമുഴക്കം പോലെയാണ് ഹന ആ വാർത്ത കേട്ടത്. ഭൂമിയിൽ ആരും ഇല്ലാത്ത അവസ്ഥയോ! മനോവ്യഥ പൂണ്ട് പതുക്കെ ജനലരികിലേക്ക് നടന്നു ആകാംക്ഷ നിറച്ച കോളനി അവൾ കണ്ടു. അസ്തമയ ശോഭയെ പോലെ നിറം മങ്ങിയ ജീവിതങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷം. തകര കൊണ്ടും ഓട് കൊണ്ടും ഓല കൊണ്ടും ടാർപായ കൊണ്ടും മേഞ്ഞ വീടുകൾക്ക് മുന്നിൽ അൽപ വസ്ത്രധാരികളായ കുട്ടികൾ കളിക്കുന്നു. ഒരു വീടിന്റെ മുറ്റത്ത് അൽപം ആൾക്കൂട്ടം കാണാം, ഓലകൊണ്ട് മറച്ച കുഞ്ഞ് കുഞ്ഞ് ശൗചാലയങ്ങൾ പുഴയിലേക്ക് നീട്ടി കെട്ടിയിരിക്കുന്നു. പുഴയുടെ വെള്ളത്തിനും കരക്കടിഞ്ഞ മണ്ണിനും കടുത്ത മഞ്ഞനിറം. കോളനിക്ക് ചുറ്റിലും പ്രഭുവിനെയും ഭൃത്യനെയും വേർതിരിക്കുന്ന കൊത്തു വേലകൾ കൊണ്ടും, അലങ്കാര വിളക്കുകൾ കൊണ്ടും മനോഹരമാക്കിയ ഗാണ്ടനാമോ. മതിലുകൾക്കിടയിലൂടെ മൂന്നടി വീതിയിൽ ഒരു ചീളു പാത. അതാണ് പുറംലോകവുമായുള്ള അവരുടെ ബന്ധം.
നസ്രീ.... ഹനയെ കൂട്ടി ചായ കുടിക്കാൻ വാ
മുറ്റത്തെ ഗാർഡനിൽ നിന്നും നന്നായി കാലുകഴുകി മുട്ടോളം വരെ മുണ്ട് പൊക്കിപ്പിടിച്ചാണ് അമീറാന്റ ഉപ്പ ഹാജിക്ക കേറി വന്നത്.
ഹാജിക്ക: ഈ പഹയരെ ഇവിടുന്ന് മാറ്റണം, അല്ലെങ്കിൽ ഈ വഴിയിവിടെ മുട്ടിക്കണം. എന്താ ഒരു വൃത്തികേട്. മരിച്ച വീട്ടിലേക്ക് പോകാണ്ടിരിക്കാനും കഴിയൂലല്ലോ...
ഉപ്പ: എന്താണ് ആ ചെക്കന്
ഹാജിക്ക: തലക്കെന്തോ മൊഴയാണെന്ന്, ഉപ്പ മരിച്ചെപ്പിന്നെ ഗുളികയും മരുന്നും ഒന്നുമില്ല എന്ന്. ഇവരുയൊക്കെ വീട്ടിക്കേറി നോക്കാൻ പറ്റോ... ചോറ് വെച്ചോ.. ഡോക്ടറെ കാണിച്ചോ എന്ന്. ദുരഭിമാനം മുറുകെപ്പിടിച്ച് നിക്കുന്നോരോട് എന്ത് പറയാനാ... ചോദിച്ചാലല്ലേ അറിയ്ക...
അതെ...നീട്ടുന്ന കൈകൾ മാത്രമേ കാണുകയുള്ളൂ എന്ന് അവർ മനസ്സിലാക്കാതെ പോയി. ഇപ്പോൾ അവൾക്ക് മനസ്സിലായി, ഓരത്തേക്ക് ഒതുക്കിയ ഈ ജീവിതങ്ങൾക്ക് മുന്നിൽ സിമന്റും കല്ലും കൊണ്ട് കെട്ടിയ ഈ മതിലിനേക്കാൾ എത്രയോ വലിയ മതിലാണ് നമ്മുടെ മനസ്സുകളിൽ കെട്ടിയിരിക്കുന്നതെന്ന്. മുന്നിൽ നിരന്ന പലഹാരങ്ങളും, കാതടച്ച തമാശയും ചിരിയുമെല്ലാം അവളെ അലോസരപ്പെടുത്തി. യാത്ര പറഞ്ഞ് കാറിൽ കേറി ഡോറടക്കുമ്പോൾ മിശ്അരി ഓതി..
നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ നമ്മോട് ഒട്ടും അടുപ്പിക്കുകയില്ല. സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ.... അവർക്ക് തങ്ങളുടെ കർമ്മങ്ങളിൽ ഇരട്ടി പ്രതിഫലം ലഭിക്കും,  നാളെ സ്വർഗത്തി അവർ അത്യുന്നത സൗധങ്ങളിൽ നിർഭയരായി കഴിയുന്നവരായിരിക്കും.

Latest News