കോഴിക്കോട്- വി.ടി ബൽറാം-കെ.ആർ മീര വാഗ്വാദത്തിൽ മീരക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും കോഴിക്കോട് ഡി.സി.സി പ്രസിഡന്റുമായ ടി. സിദ്ദീഖ്. പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ കെ.ആർ മീര പ്രതികരിച്ചുവെന്നും നിലവാരം കുറഞ്ഞ രീതിയിൽ അവരെ അക്രമിക്കുന്നത് കോൺഗ്രസ് സംസ്‌ക്കാരമല്ലെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി. പെരിയ കൊലപാതകത്തിന് ശേഷം കെ.ആർ മീര ഫെയ്‌സ്ബുക്കിൽ എഴുതിയ പോസ്റ്റും സിദ്ദീഖ് പങ്കുവെച്ചു. 90% സാംസ്‌കാരിക നായകരും കാശിക്ക് പോയ അവസ്ഥയിൽ ഇത്രയെങ്കിലും പ്രതികരിച്ച അവരെ പരിഗണിക്കേണ്ടെ? സിപിഎമ്മിനെനെതിരെ എഴുതാൻ അവർ ഭയന്നില്ലല്ലോ, അതോടൊപ്പം അവർ വിടി ബൽറാമിനെ പോ മോനെ ബാലരാമ എന്ന് വിളിച്ചത് അംഗീകരിക്കാവുന്ന ഒന്നല്ല; അതവർ തിരുത്തി എന്നാണു അറിയാൻ കഴിഞ്ഞത്. നമ്മൾ നമ്മുടെ സഹോദരങ്ങളെ വെട്ടിക്കൊന്ന വിഷയത്തിൽ നിന്ന് തെന്നിമാറാൻ അനുവദിക്കരുതെന്നും ടി.സിദ്ദീഖ് പറഞ്ഞു.
പെരിയ ഇരട്ടക്കൊല കേസിൽ കെ.ആർ മീര വല്ലതും മൊഴിഞ്ഞോ എന്ന വി.ടി ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്‌പോര് തുടങ്ങിയത്. പിന്നീട് പോ മോനേ ബാല-രാമ എന്ന് അവസാനിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബൽറാമിനെതിരെ മീര രംഗത്തെത്തി. പോ മോളേ മീരേ എന്ന മറുപടി കമന്റുമായി ബൽറാമും രംഗത്തെത്തിയതോടെ ഇരുവരും തമ്മിലുള്ള പോര് വീണ്ടും കനത്തു. ഏറ്റവുമൊടുവിൽ കൊലപാതകത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സാംസ്‌ക്കാരിക കുബുദ്ധിയിൽ വീഴില്ലെന്ന് പറഞ്ഞ് ബൽറാം വിവാദത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തു.