തിരുവനന്തപുരം- കാസർക്കോട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് എഴുത്തുകാരി കെ.ആർ മീരയും വി.ടി ബൽറാം എം.എൽ.എയും വീണ്ടും കൊമ്പുകോർത്തു. ബൽറാം അനുയായികളെ ഉപയോഗിച്ച് തെറി വിളിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയ കെ.ആർ മീര കാസർക്കോട് കൊലപാതകവുമായി ബന്ധപ്പെട്ട് ഉപവാസം നടത്താൻ ബൽറാമിനെ വെല്ലുവിളിക്കുകയും ചെയ്തു. അതേസമയം, ഇരട്ടക്കൊല ചർച്ച ഇല്ലാതാക്കാനുള്ള സാംസ്‌ക്കാരിക കുബുദ്ധികളുടെ വലയിൽ വീഴില്ലെന്ന് വി.ടി ബൽറാം വ്യക്തമാക്കി.
കെ.ആർ മീരയുടെ പോസ്റ്റ്:
വർഗീയതയും മതവിദ്വേഷവും ഭീതിയുണർത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികൾ പ്രതീക്ഷയോടെ നോക്കുന്നത് രാഹുൽ ഗാന്ധിയിലേക്കാണ്.
കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോൾ പ്രത്യാശ ഇരട്ടിച്ചിരുന്നു.
പക്ഷേ, തൊട്ടുപിന്നാലെയാണ് വി.ടി. ബലറാം എന്നയാളുടെ നിർദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലർ! എന്റെ ഫേസ് ബുക്ക് പേജിൽ തെറി സംബോധനകൾ വർഷിച്ചത്.
അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.
ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിൻറെ കമൻറ്. തുടർന്ന് നിമിഷം തോറും പത്തും മുപ്പതും കമൻറുകൾ. എല്ലാ കമൻറുകൾക്കും ഒരേ ഭാഷ.
വായിൽ പഴം എന്നതാണ് കോൺഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം.
നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്‌സെഷൻ.
എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് എ.കെ. ആൻറണി. അദ്ദേഹത്തിൻറെ മകനാണ് കോൺഗ്രസിൻറെ ഐ.ടി. സെല്ലിൻറെ ചുമതല.
അനിൽ ആൻറണിയോട് ഒരു അപേക്ഷ :
കമൻറുകൾക്ക് ആവർത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകൾ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ?
ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോൺഗ്രസ് ബാലകരേ,
വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം. നേതാക്കളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?
ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാൻ ഉപവസിക്കാം.
മൂന്നു നിബന്ധനകളുണ്ട്.
1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കിൽ പോരാ.
2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.
3. മഹീൻ അബൂബക്കർ, അഷ്‌റഫ് അഫ്‌ലാഹ് മുതൽ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികൾ എല്ലാവരും ഒപ്പമുണ്ടാകണം.
അങ്ങനെ നമുക്ക് അഹിംസയിൽ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയർത്താം.
അല്ലാതെ ഫേസ് ബുക്കിൽവന്നു തെറി വിളിച്ചാൽ ആരു മൈൻഡ് ചെയ്യും ബാലാ ?
വി.ടി ബൽറാമിന്റെ പോസ്റ്റ്:
അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്‌നെസല്ല, പൊളിറ്റിക്കൽ മർഡേഴ്‌സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനം.
അതു കൊണ്ട് ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.
അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്‌ക്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.