റിയാദ്- മൂന്നംഗ പിടിച്ചുപറി സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് ലെഫ്. കേണല്‍ ശാക്കിര്‍ അല്‍ തുവൈജിരി അറിയിച്ചു. ദക്ഷിണ റിയാദിലെ അല്‍ശിഫ ഡിസ്ട്രിക്ടിലെ ബാങ്ക് ശാഖയില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ ഉപയോക്താവിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കൊടുവാള്‍ വീശി ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച് രക്ഷപ്പെട്ട സംഘമാണ് അറസ്റ്റിലായത്.
രണ്ടു കാറുകള്‍ പ്രതികളുടെ പക്കല്‍ കണ്ടെത്തി. സുരക്ഷാ വകുപ്പുകളെ കബളിപ്പിക്കുന്നതിന് ഇതില്‍ ഒരു കാറിന്റെ രൂപത്തിലും നമ്പര്‍ പ്ലേറ്റുകളിലും പ്രതികള്‍ മാറ്റം വരുത്തിയിരുന്നു. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ മറ്റേതാനും പേരെയും ഭീഷണിപ്പെടുത്തി സമാന രീതിയില്‍ പണം തട്ടിപ്പറിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തി. എത്യോപ്യക്കാരും എരിത്രിയക്കാരുമാണ് അറസ്റ്റിലായതെന്നും റിയാദ് പോലീസ് വക്താവ് പറഞ്ഞു.