തിരുവനന്തപുരം- ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് 59 വര്‍ഷമായി കഴുത്തും കൈവിരലുകളും മാത്രം ചലിപ്പിച്ച് ജീവിച്ച എഴുത്തുകാരി സരസു തോമസ് (63) നിര്യാതയായി. വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 26 ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട കുമ്പളാംപൊയ്ക സെന്റ് തോമസ് ഇവാഞ്ചിക്കല്‍ പള്ളി സെമിത്തേരിയില്‍. പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശികളായ പി.ജി.തോമസിന്റെയും അന്നാമ്മയുടെയും മകളാണ്.
നാലു പതിറ്റാണ്ടായി തിരുവനന്തപുരം ചെഷയര്‍ ഹോമിലെ അന്തേവാസിയായ സരസു തോമസ് അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ച് ശരീരം 96 ശതമാനം തളര്‍ന്നു. കഴുത്തിനു താഴെ ചലനം ഇല്ലാതായി. പിന്നീട് തലയും ഒരു കൈയുടെ രണ്ടു മൂന്നു വിരലുകളും മാത്രമാണ് ചലിച്ചത്. അതിനാല്‍ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ല. കിടക്കയില്‍ കമിഴ്ന്നു കിടന്നു വിരലുകള്‍ക്കിടയില്‍ പേന പിടിച്ചാണ് എല്ലാ പുസ്തകങ്ങളും എഴുതിയത്. സരസു ആത്മകഥയടക്കം മൂന്നു പുസ്തകങ്ങള്‍ എഴുതി. കഥയും ലേഖനവും ആനുകാലികങ്ങളിലും ആകാശവാണിയിലും പ്രസിദ്ധീകരിച്ചു.
"ഇതെന്റെ കഥയും ഗീതവും' എന്ന പേരില്‍ 2000 ല്‍ രചിച്ച ആത്മകഥ തമിഴിലും പരിഭാഷ ഇറങ്ങി. "ജീവിക്കുന്ന ജീവിതവുമായി ഒരു കൂടിക്കാഴ്ച' എന്ന പേരില്‍ സുജ വിനു എബ്രഹാം സംവിധാനം ചെയ്ത സരസുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. "ചിറകിന്‍ മറവില്‍' എന്ന ചലച്ചിത്രത്തില്‍ പ്രധാനവും വേഷവും സരസു ചെയ്തിട്ടുണ്ട്.