തിരുവനന്തപുരം- താപനിലയിൽ ക്രമാതീതമായ വർധനവുണ്ടായതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ മൂന്ന് ഡിഗ്രിയോളം താപനില വർധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
സാധാരണ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനൽക്കാലമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതി മാറിയതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പലയിടത്തും ഉയർന്ന താപനില 38 ഡിഗ്രി കടന്നു.
കേരളത്തിൽ ജനുവരി ഒന്നു മുതൽ ഫെബ്രുവരി 22 വരെ ലഭിക്കേണ്ട മഴയിൽ നിലവിൽ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴയുടെ ലഭ്യത കുറഞ്ഞതിന് പുറമേ വരണ്ട വടക്കു കിഴക്കൻ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാൻ കാരണമാകുന്നുണ്ട്. ഈ സ്ഥിതി അടുത്ത നാല് ആഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
സാധാരണ ഗതിയിൽ വടക്കൻ കേരളത്തിൽ പാലക്കാട് ഉൾപ്പെടുന്ന മേഖലകളിലാണ് കനത്ത ചൂട് രേഖപ്പെടുന്നതെങ്കിൽ ഇക്കുറി തെക്കൻ കേരളത്തിലാണ് ക്രമാതീതമായി ചൂട് വർധിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസം റെക്കോർഡ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തിൽ തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡ് ചൂടാണ്.
തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ശരാശരി മൂന്നു ഡിഗ്രിയോളം ചൂട് കൂടിയപ്പോൾ മധ്യകേരളത്തിൽ ശരാശരി രണ്ട് ഡിഗ്രി ചൂട് കൂടിയിട്ടുണ്ട്.
ആഗോള താപനത്തിന്റെ ഭാഗമായ കാലാവസ്ഥാ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വർധിച്ചു. പല സ്ഥലങ്ങളിലും പുഴകളും കിണറുകളും വറ്റിയതോടെ കുടിവെള്ളവും പ്രതിസന്ധിയിലാണ്.