കേരള കോൺഗ്രസിൽ സീറ്റു തർക്കം രൂക്ഷമായിരിക്കേ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം. തമ്മിലടി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രയുടെ ജില്ലയിലെ പര്യടന പരിപാടിക്കിടെ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരള കോൺഗ്രസ് ചെയർമാൻ കെഎം. മാണിയോടും വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫുമായും ഇതേക്കുറിച്ച് സംസാരിച്ചതായി മുല്ലപ്പള്ളി പറഞ്ഞു. കേരള കോൺഗ്രസിന് അധിക സീറ്റ് ഒരു കാരണവശാലും നൽകാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് ഇരു നേതാക്കളെയും ധരിപ്പിച്ചതായും സൂചനയുണ്ട്. 26 ന ് കോൺഗ്രസും ഘടക കക്ഷികളുമായുള്ള ചർച്ച ആരംഭിക്കാനിരിക്കേ കെ.പി.സി.സി പ്രസിഡന്റ് ശക്തമായ ഇടപെടലാണ് നടത്തിയത്. ജോസഫ് പക്ഷത്തുളള മോൻസ് ജോസഫ് എം.എൽ.എയെ വേദിയിലിരുത്തിയും അദ്ദേഹം നീരസം പ്രകടിപ്പിച്ചു.
കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റും കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ജോസഫ് വിഭാഗത്തിൽ നിന്നുളള സമ്മർദത്തെ തുടർന്നായിരുന്നു ഇത്.
മത്സര സന്നദ്ധനായി പി.ജെ ജോസഫ് രംഗത്ത് വരികയും ചെയ്തു. രണ്ടാം സീറ്റ് കിട്ടിയില്ലെങ്കിൽ ലഭിക്കുന്ന ഒരു സീറ്റ് തങ്ങൾക്ക് വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇത് പരസ്യമായി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ജോസ് കെ മാണി നടത്തിയ കേരള യാത്രയിൽ പല ഘട്ടത്തിലും ജോസഫ് വിഭാഗം പൂർണ മനസ്സോടെ സഹകരിച്ചില്ലെന്ന പരാതി മാണി പക്ഷത്തിനുണ്ട്. കേരള യാത്ര പര്യടനം നടത്തുമ്പോൾ സീറ്റിനായുളള അഭിപ്രായം ആവർത്തിച്ചു പ്രകടിപ്പിക്കുകയായിരുന്നു ജോസഫ്.
കോട്ടയം സീറ്റിനായി ജോസഫ് പിടിമുറുക്കിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് നേതൃത്വവും സമ്മതിക്കുന്നുണ്ട്. ലയന സമയത്ത് ഇത്തരത്തിലുളള ധാരണ ഉണ്ടായിരുന്നുവെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.
എന്നാൽ കോട്ടയം പാർലമെന്റ് സീറ്റ് കഴിഞ്ഞ പത്തു വർഷമായി കേരള കോൺഗ്രസ് എം നിലനിർത്തുന്ന സീറ്റാണെന്നും ലയനത്തിന് മുമ്പു തന്നെ തങ്ങളുടെ കയ്യിലായിരുന്ന സീറ്റ് എന്തിന് ജോസഫ് വിഭാഗത്തിന് നൽകണമെന്നുമാണ് അവരുടെ വാദം. രാജ്യസഭാ സീറ്റ് ജോസഫ് വിഭാഗത്തിന്റെ ലയനഫലമായി കിട്ടിയതല്ല.
മാണി വിഭാഗത്തിലെ ജോയ് ഏബ്രഹാം വിരമിച്ച ഒഴിവിൽ വന്ന സീറ്റാണ്. അതേ സമയം വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ജോസഫിന്റെ നീക്കമെന്നാണ് മാണി വിഭാഗത്തിന്റെ നിഗമനം. കോൺഗ്രസ് നിയന്ത്രണത്തിലുളള സർക്കാർ അധികാരത്തിൽ വന്നാൽ ഘടക കക്ഷി എന്ന നിലയിൽ വരുന്ന മന്ത്രിപദം സീനിയർ നേതാവ് എന്ന നിലയിൽ സ്വന്തമാക്കാം. ഇതോടെ ജോസ് കെ മാണിയുടെ സാധ്യതക്കു മങ്ങലേൽക്കും. ഏതായാലും കോൺഗ്രസ് ഇടപെടൽ മാണി ഗ്രൂപ്പ് നേതൃത്വത്തിന് ആശ്വാസമായിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ കേരള കോൺഗ്രസിലെ തമ്മിലടി കോൺഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. മുന്നണിക്ക് ആകെ ദോഷം ചെയ്യുന്ന നടപടിയായതോടെ വെടിനിർത്തൽ ആയി കോൺഗ്രസ് നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.
മാണിയുമായും പി.ജെ. ജോസഫുമായും, മോൻസ് ജോസഫുമായും ഇക്കാര്യത്തിൽ പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയതായി മുല്ലപ്പള്ളി മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. തർക്കങ്ങൾ തുടരാനാകില്ല എന്നാണ് കോൺഗ്രസിന്റെ താക്കീത്.
നേരത്തെ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കേരള കോൺഗ്രസ് നേതാക്കളുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിൽ പി.ജെ. ജോസഫ് ഉറച്ചു നിന്നതാണ് പ്രതിസന്ധി ആയത്. ഒരു സീറ്റിൽ കൂടുതൽ നൽകാനാകില്ലെന്ന നിലപാട് മുല്ലപ്പള്ളി കേരള കോൺഗ്രസ് നേതാക്കളെ അറിയിച്ചുകഴിഞ്ഞുവെന്നാണ് സൂചന.