ദമാം - ബിനാമി ബിസിനസ് കേസ് പ്രതിയായ ബംഗ്ലാദേശുകാരനെ നാടുകടത്താൻ ദമാം ക്രിമിനൽ കോടതി വിധിച്ചു. ജുബൈലിൽ ഇലക്‌ട്രോണിക്‌സ് വിൽപന, കംപ്യൂട്ടർ റിപ്പയറിംഗ് മേഖലയിൽ ബിനാമി സ്ഥാപനം നടത്തിയ കേസിലാണ് ബംഗ്ലാദേശുകാരൻ നൂറുസമാൻ മുബാറകുല്ലയെ കോടതി ശിക്ഷിച്ചത്. ബിനാമി ബിസിനസ് സ്ഥാപനം നടത്തുന്നതിന് ബംഗ്ലാദേശുകാരന് കൂട്ടുനിന്ന സൗദി പൗരൻ ഖാലിദ് ബിൻ സൽമാൻ അബ്ദുറഹ്മാൻ അൽമിഹ്‌വസിനെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇരുവർക്കും കോടതി നാലു ലക്ഷം റിയാൽ പിഴ ചുമത്തി. ബിനാമി സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസ് റദ്ദാക്കുന്നതിനും വിധിയുണ്ട്. സൗദി പൗരന്റെ പേരിലുള്ള കൊമേഴ്‌സ്യൽ ലൈസൻസ് റദ്ദാക്കുന്നതിനും ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചു.
ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുന്ന ബംഗ്ലാദേശുകാരന് പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.
ജുബൈലിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ ഷോപ്പ് ബിനാമി സ്ഥാപനമാണെന്ന് സംശയിക്കപ്പെടുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനം ബംഗ്ലാദേശുകാരൻ സ്വന്തം നിലക്ക് ബിനാമിയായി നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിരുന്നു. കംപ്യൂട്ടർ ടെക്‌നിഷ്യൻ പ്രൊഫഷൻ വിസയിൽ സൗദിയിലെത്തിയ ബംഗ്ലാദേശുകാരന്റെ വേതനം ആയിരം റിയാലായാണ് തൊഴിൽ കരാറിൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഏതാനും സ്ഥാപനങ്ങളുമായി ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകൾ ബംഗ്ലാദേശുകാരൻ നടത്തിയതിനുള്ള തെളിവുകൾ റെയ്ഡിനിടെ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശുകാരനെതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.