പാലക്കാട്- മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധി എന്തുകൊണ്ട് കേരള സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. വിധി ഒരു സമുദായത്തിന് മാത്രമാണോ ബാധകമെന്ന് പാലക്കാട്ട് പാര്‍ട്ടി പൊതുസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. മുസ്ലിം പള്ളികള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണികള്‍ പുറത്തേക്ക് സ്ഥാപിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവാണ് പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന വിധിയായി അമിത് ഷാ വ്യാഖ്യാനിച്ചത്.
ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം രൂക്ഷാമായി വിമര്‍ശിച്ചു.
2000 ലധികം ശബരിമല ഭക്തര്‍ ജയിലിലാണ്. സുപ്രീം കോടതി വിധിയുടെ പേരു പറഞ്ഞാണ് ഇത്രയും പേരെ ജയിലിട്ടിരിക്കുന്നത്. എന്നാല്‍ ഇതേ സുപ്രീം കോടതി മുസ്്‌ലിം പള്ളികളിലെ ഉച്ചഭാഷിണികളൊഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര പള്ളികളിലെ ഉച്ചഭാഷിണികള്‍ വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ എടുത്തുമാറ്റിയിട്ടുണ്ടെന്ന് അമിത് ഷാ ചോദിച്ചു. ക്രമസമാധാന പാലനം നടത്തുന്ന സര്‍ക്കാരാണെങ്കില്‍ ബാക്കി സുപ്രീം കോടതി വിധികള്‍ കൂടി നടപ്പിലാക്കണം- അദ്ദേഹം പറഞ്ഞു.