ഇരുട്ടുവീണ നടവഴികൾ ഹിംസയുടെ മറ്റൊരു ഇരുണ്ട ലോകത്തെ സൃഷ്ടിക്കുമ്പോൾ തകന്നുവീഴുന്നത് നമ്മുടെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആണിക്കല്ലുകളാണ്. ആധുനിക ജനാധിപത്യത്തിന്റെ കാതൽ തന്നെ മനുഷ്യജീവനും അന്തസ്സിനും കൽപിക്കപ്പെടുന്ന വിലയാണ്. അത് നഷ്ടപ്പെടുന്നതോടെ നാം കാട്ടാള സ്വരൂപങ്ങളായി മാറുകയാണ്.
കേരളത്തിൽ ഒരു പുതിയ ഗോത്രം കൂടി ഉടലെടുത്തിരിക്കുന്നു. യുവ രക്തസാക്ഷികളുടെ ഗോത്രം. കൊലക്കത്തികൾ അവിശ്രമം പണിയെടുക്കുമ്പോൾ ഈ ഗോത്രത്തിന്റെ വലിപ്പം വർധിച്ചു വരികയാണ്. ഇനി എന്തിന് നാം എതിരാളികളെ രക്തക്കളങ്ങളിൽ നിശ്ചേതരാക്കുന്ന കാഴ്ചകൾക്കായി കണ്ണുകൾ ഉത്തരേന്ത്യയിലേക്ക് തിരിച്ചുവെക്കണം.
ഗോത്രത്തിൽ ഏറ്റവും പുതിയ അംഗങ്ങളായി ചേർന്നിരിക്കുന്നത് ഉത്തര കേരളത്തിലെ രണ്ട് ചെറുപ്പക്കാരാണ്. കൃപേഷും ശരത്‌ലാലും രാജ്യത്ത് ഏതെങ്കിലും പ്രതിലോമപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ കൂടി അവർക്ക് ന്യായവിധി നടത്തേണ്ട ഉത്തരവാദിത്തം കൊലക്കത്തിയുടെ പ്രണേതാക്കൾക്കല്ല. അഭിമന്യു, ഷുക്കൂർ, ഷുഹൈബ് തുടങ്ങിയ സമീപകാലത്ത് രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ജീവൻ ബലികൊടുക്കേണ്ടി വന്നവരും ഈ ഗോത്രത്തിലെ അംഗങ്ങളാണ്.
പറഞ്ഞുവരുമ്പോൾ, കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയും അക്രമ രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. എതിരാളികളെ വകവരുത്തുന്നതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ ഈ പ്രവൃത്തി അഭംഗുരം തുടരുന്നു. ഓരോതവണയും കഥയും കഥാപാത്രങ്ങളും മാറിവരുമെന്ന് മാത്രം. ഇത്തവണ നായകരായവർ പിന്നീട് വില്ലന്മാരാകുന്നു എന്ന് മാത്രം. പക്ഷേ ചോരക്കഥകളുടെ ചിത്രീകരണത്തിൽ സമാനതകളേറെയാണ്.
തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിയാകാത്തത് പാർട്ടികൾക്ക് ജനങ്ങളിലും അണികളിലുമുള്ള വിശ്വാസത്തിന്റെ കടുപ്പം കൊണ്ടാകാം. മുമ്പൊക്കെ, തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴെങ്കിലും എല്ലാവരും സമാധാന പ്രിയരാകുമായിരുന്നു. ഇപ്പോൾ കാത്തിരിക്കാനോ ക്ഷമിക്കാനോ സാധ്യമല്ല. വരമ്പത്തേക്ക് കയറും മുമ്പു തന്നെ കൂലി നൽകുക എന്ന സിദ്ധാന്തം കൂടുതൽ ശക്തമായി നടപ്പാക്കപ്പെടുന്നു. സിദ്ധാന്തത്തിന്റെ പ്രചാരകർ ആരാണെങ്കിലും അത് ഏറ്റുപിടിക്കുന്നവർ എല്ലാ കക്ഷികളിലുമുണ്ട്.
ആരു കൊന്നു എന്ന ചോദ്യം അപ്രസക്തമല്ലെന്ന് പറയുമ്പോൾ തന്നെ, കൂടുതൽ പ്രസക്തം എന്തുകൊണ്ട് ഇത് നിരന്തരം ആവർത്തിക്കപ്പെടുന്നു എന്ന ചോദ്യമാണ്. നവോത്ഥാനത്തിന്റേയും പുരോഗമനത്തിന്റേയും മേനി തിരിച്ചുപിടിക്കാനുളള തീവ്രശ്രമത്തിലാണ് നാം. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ്, വർഗീയവൽക്കരണത്തിന്റെ വിപത്തിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമങ്ങളെ തളർത്തിക്കളയുന്നതാണ് ഈ പ്രതിലോമ രാഷ്ട്രീയം. ജനാധിപത്യത്തിലും നിയമ വാഴ്ചയിലുമുള്ള ജനങ്ങളുടെ വിശ്വാസം അടിമുടി തകർത്തുകളയുന്നതാണത്. പാർട്ടികൾക്കും മുന്നണികൾക്കുമപ്പുറത്താണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. അത് വാസ്തവത്തിൽ ഒരു ജീവിത ശൈലിയും സാമൂഹികക്രമവുമാണ്. അതിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ ജനങ്ങൾ കാട്ടാളസ്വരൂപങ്ങളായി മാറുകയാണ് ചെയ്യുന്നത്. പരിഷ്‌കൃത സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ അത് മുച്ചൂടും ഉന്മൂലനം ചെയ്യുന്നു.
ആധുനിക ജനാധിപത്യത്തിന്റെ കാതൽ തന്നെ മനുഷ്യ ജീവനും അന്തസ്സിനും കൽപിക്കപ്പെടുന്ന വിലയാണ്. കശ്മീരിൽ 44 ജവാന്മാർ തെരുവിൽ കത്തിയമരുമ്പോൾ, പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് പരസ്യത്തിന്റെ ഷൂട്ടിംഗ് നിർത്തി ഓടിവരാൻ സാധിക്കാത്തത് മനുഷ്യ ജീവന് നാം വില കൽപിക്കാത്തതുകൊണ്ടാണ്. ഒരു രാജ്യത്തിന്റെ അഭിമാനത്തിന് വില കൊടുക്കാത്തതുകൊണ്ടാണ്. ഇറാഖിൽ കൊല്ലപ്പെട്ട ഓരോ സൈനികന്റേയും ജീവന്റെ വില അവരുടെ കുടുംബത്തോട് പറയേണ്ടിവരുന്ന അമേരിക്കൻ സർക്കാരിനുള്ളതും നമുക്കില്ലാത്തതും അതാണ് -ജീവന്റെ വിലയെക്കുറിച്ച ബോധ്യം.
നിസ്സാരമായ കാരണങ്ങളുടെ പേരിൽ, രാഷ്ട്രീയമായ എതിർപ്പിന്റെ പേരിൽ, കൊലക്കത്തിയുമായി പാഞ്ഞടുക്കുന്നവരും അതിനാൽ കൊല ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തെ തന്നെയാണ്. പരിഷ്‌കൃത ജനാധിപത്യം ആശയാവലിയായി സ്വീകരിച്ച സമൂഹത്തെ സംബന്ധിച്ച് കൊലക്കത്തിയെടുക്കുന്നവർ മാറ്റിനിർത്തപ്പെടേണ്ടവരാണ്. അങ്ങനെ നോക്കിയാൽ നമ്മുടെ രാഷ്ട്രീയ രംഗത്ത് അവശേഷിക്കുന്നത് ആരൊക്കെയാകും.
കണ്ണൂരിലെയും ഉത്തര കേരളത്തിലേയും രാഷ്ട്രീയ കൊലപാതകങ്ങളെ അവിടത്തെ സാമൂഹിക പാരമ്പര്യത്തിന്റെ വീരഗാഥകളുമായി ചേർത്തുവെച്ച് വിലയിരുത്തുന്നവരുണ്ട്. ഏറ്റുമുട്ടുകയും മരിക്കുകയും കൊല്ലുകയുമൊക്കെ ചെയ്യുന്നത് അവരുടെ സിരകളിലോടുന്ന വീരരക്തത്തിന്റെ അനാവരണങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു. അതിന് നാം വടക്കൻ പാട്ടുകളേയും ചേകവന്മാരുടെ പാരമ്പര്യത്തേയും കുറിച്ച ഐതിഹ്യ കഥകളുടെ കൂട്ടുപിടിക്കും. എന്നാൽ, ഒരാധുനിക സമൂഹത്തെ സംബന്ധിച്ച് അപ്രസക്തമാണ് അത്തരം വീരാളിപ്പട്ടുടുത്ത കഥകൾ.
പല കാരണങ്ങളാലും ഇന്ത്യക്ക് മാതൃക കാട്ടുന്ന സംസ്ഥാനമാണ് കേരളമെന്ന് നാം അഭിമാനിക്കാറുണ്ട്. അതിൽ പ്രധാനം സാക്ഷരത തന്നെ. അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാം എന്നതു മാത്രമല്ല, കേരളീയന്റെ സാക്ഷരതയുടെ നിലവാരം. അത് പ്രബുദ്ധമായ രാഷ്ട്രീയ സാക്ഷരത കൂടിയാണ്. ഫ്യൂഡൽ തമ്പുരാക്കന്മാരുടെ തീട്ടൂരത്തിനനുസരിച്ച് സാമൂഹിക വ്യവഹാരങ്ങൾ നടത്തുന്ന നാടുകൾ ഈ രാജ്യത്തുണ്ട്. വോട്ടവകാശം വിനിയോഗിക്കുന്നത് വരെ അക്കൂട്ടത്തിൽ വരും. എന്നാൽ കേരളം അതിൽനിന്നെല്ലാം എത്രയോ ഭിന്നം എന്ന് നാം അഭിമാനിക്കുന്നു. പക്ഷേ കള്ളവോട്ട് മുതൽ രാഷ്ട്രീയ കൊലപാതകം വരെയുള്ള ജനാധിപത്യ ധ്വംസനങ്ങളിലൂടെ നമ്മുടെ വ്യവഹാര ക്രമത്തിലും ഫ്യൂഡലിസത്തെ എഴുന്നള്ളിക്കുകയാണ്. ഈ മാനദണ്ഡം വെച്ചു വിലയിരുത്തിയാൽ കേരളത്തിലെ ഏറ്റവും വലിയ പുരോഗമന പാർട്ടിയെ വരെ നമുക്ക് ഫ്യൂഡലിസ്റ്റ്, യാഥാസ്ഥിതികർ എന്ന് വിളിക്കേണ്ടി വരും.
രാഷ്ട്രീയ കൊലപാതകങ്ങളെ ഒരേ സ്വരത്തിൽ അപലപിക്കാൻ കഴിയുന്നില്ല എന്നതു തന്നെയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ പരാജയം. നേതാക്കൾ നൽകുന്ന വ്യാഖ്യാനങ്ങൾക്കപ്പുറം സത്യാന്വേഷണത്തിന്റെ പാതകളിലൂടെ സഞ്ചരിക്കാൻ ദുർബലരായ അണികൾക്കും കഴിയുന്നില്ല. ഫലം, എല്ലാക്കാലത്തും രാഷ്ട്രീയ അക്രമങ്ങൾ ഒരു ഭാഗത്ത് നീതീകരിക്കപ്പെടുകയും അത് ശരിയായ ഒരു ജനാധിപത്യ പ്രവർത്തനമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രത്തിന് വലിയ സംഭാവനകൾ അർപ്പിക്കാൻ ശേഷിയുള്ള യുവാക്കളാണ് പലപ്പോഴും ഇങ്ങനെ ഇരയാക്കപ്പെടുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങൾ, അത് പ്രാദേശികമായി നടപ്പാക്കപ്പെടുന്നതായാലും മേൽത്തട്ടുകളിലെ ഗൂഢാലോചനയുടേയും ആസൂത്രണത്തിന്റേയും ഫലമായി സംഭവിക്കുന്നതായാലും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത്, സാധാരണക്കാരായ ജനങ്ങളും കുടുംബങ്ങളുമാണ്.
രാഷ്ട്രീയ നേതാക്കളുടെ മക്കൾ, രാഷ്ട്രീയത്തിലിറങ്ങുന്നില്ലെന്നും അവർ പഠിച്ച് വലിയ ഉദ്യോഗങ്ങൾ സമ്പാദിച്ച് രക്ഷപ്പെടുകയാണെന്നും പാവപ്പെട്ടവന്റെ മക്കളാണ് തെരുവു രാഷ്ട്രീയത്തിനിറങ്ങി ജീവിതം നഷ്ടപ്പെടുത്തുന്നതെന്നുമുള്ള അരാഷ്ട്രീയവാദം ഈ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ എമ്പാടും ഉയരുന്നുണ്ട്.
നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിലിറങ്ങിയാൽ അത് മക്കൾ രാഷ്ട്രീയമാണെന്ന് വിമർശിക്കുന്നവർ തന്നെയാണ് ഈ ആരോപണവും ഉന്നയിക്കുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം. നേതാവിന്റെ മകൻ എവിടെയാണ് എന്ന് നോക്കിയല്ല, രാജ്യത്തെ യുവാക്കൾ രാഷ്ട്രീയ ബോധം രൂപപ്പെടുത്തേണ്ടത്. എന്നാൽ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ, രാഷ്ട്രീയത്തോടുള്ള യുവാക്കളുടെ അഭിവാഞ്ചയെ തകർക്കുകയും അവരെ അരാഷ്ട്രീയ ഗോത്രങ്ങളിലേക്ക് നയിക്കുകയും ചെയ്യും. രാഷ്ട്രീയത്തിൽ ഉയർന്നുവരുന്നതിനും സ്ഥാനമാനങ്ങളിലേക്ക് എത്തിപ്പെടുന്നതിനും ഉന്മൂലന ശേഷി വേണമെന്ന അപ്രഖ്യാപിത നിലപാട് ഇത്തരം അരാഷ്ട്രീയവത്കരണത്തിലേക്കാണ് യുവാക്കളെ നയിക്കുക. സ്വന്തം കാര്യം നോക്കി വീട്ടിലിരിക്കുക എന്ന നയം സ്വീകരിക്കാൻ അത് യുവാക്കളെ നിർബന്ധിതരാക്കും.
ഇരുട്ടുവീണ നടവഴികൾ ഹിംസയുടെ മറ്റൊരു ഇരുണ്ട ലോകത്തെ സൃഷ്ടിക്കുമ്പോൾ തകന്നുവീഴുന്നത് നമ്മുടെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആണിക്കല്ലുകളാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം എന്നാണ് രാഷ്ട്രീയ കക്ഷികൾക്കുണ്ടാകുക.
പതിയിരിക്കുന്ന കൊലക്കത്തികളും രക്തസാക്ഷി ഗോത്രത്തിലേക്കുള്ള ആളെച്ചേർക്കലും അവസാനിക്കാതെ, നവോത്ഥാന കേരളം സൃഷ്ടിക്കപ്പെടുകയില്ല തന്നെ.