റിയാദ് - സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരെയും ഉടൻ മോചിപ്പിക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തിലാണ് സൗദി ജയിലിൽ കഴിയുന്ന 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 1500-ലേറെ ഇന്ത്യക്കാർ സൗദിയിലെ വിവിധ ജയിലുകളിലുണ്ടെന്നാണ് കണക്ക്. നിസാര കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കുമെന്നാണ് സൂചന. കിരീടാവകാശിയുടെ പ്രഖ്യാപനത്തിന്റെ ആശ്വാസം ഏതെല്ലാം വിഭാഗത്തിലുള്ള തടവുകാർക്ക് ലഭിക്കുമെന്നത് സംബന്ധിച്ച് ഇതേവരെ വിവരം ലഭ്യമായിട്ടില്ല.
അതേസമയം, കിരീടാവകാശിയുടെ പാക് സന്ദർശനത്തിനിടെയുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായി സൗദി ജയിലിൽ കഴിയുന്ന പാക് തടവുകാരെ വിട്ടയച്ചു തുടങ്ങി. നിസ്സാര കേസുകളുടെ പേരിൽ സൗദി ജയിലുകളിൽ കഴിയുന്ന 2100 ലേറെ പാക് തടവുകാരെ ഉടനടി വിട്ടയക്കുന്നതിന് പാക്കിസ്ഥാൻ സന്ദർശനത്തിനിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവിട്ടിരുന്നു. വിട്ടയക്കപ്പെട്ട പാക് തടവുകാരുടെ ആദ്യ സംഘം ഇന്നലെ ലാഹോർ എയർപോർട്ടിലെത്തി.
പ്രശ്‌നങ്ങൾ തീർത്ത് സ്വദേശത്തേക്ക് മടങ്ങുന്നതിന് അവസരമൊരുക്കിയ സൗദി ഗവൺമെന്റിനും കിരീടാവകാശിക്കും തടവുകാരും അവരുടെ കുടുംബാംഗങ്ങളും നന്ദി പറഞ്ഞു. തടവുകാരിൽ ചിലർക്ക് യാത്രാ രേഖകളില്ല. മറ്റു ചിലരുടെ പാസ്‌പോർട്ട് കാലാവധി അവസാനിച്ചിട്ടുണ്ട്. താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കി ഇവരെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കിവരികയാണ്.