ന്യൂയോര്‍ക്ക്- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമതി. പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്തു പറയുന്ന പ്രസ്താവനയാണ് നീണ്ട നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം രക്ഷാ സമതി പുറത്തിറക്കിയത്. ചൈന അധികസമയം ആവശ്യപ്പെട്ടതാണു ചര്‍ച്ച നീളാന്‍ കാരണമായത്. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ ഫ്രാന്‍സാണ് യു.എന്‍ പ്രസ്താവനയിറക്കുന്നതിന് മുന്‍കൈയെടുത്തത്. തടയാനുള്ള പാക്കിസ്ഥാന്റെ ശ്രമം വിജയിച്ചില്ല.
ഹീനമായ ചാവേര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്ത, ഇന്ത്യയുടെ അര്‍ധസൈനിക വിഭാഗത്തിലെ നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണം എന്നാണ് പുല്‍വാമ ആക്രമണത്തെ രക്ഷാ സമിതി വിശേഷിപ്പിച്ചത്.
ജെയ്ഷെ മുഹമ്മദിന്റെ പേര് പരാമര്‍ശിക്കരുതെന്ന ചൈനയുടെ ആവശ്യം നിരാകരിക്കപ്പെട്ടു. അംഗരാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിക്കണമെന്ന് പ്രസ്താവനയില്‍ രക്ഷാ സമിതി ആവശ്യപ്പെട്ടു.
പ്രസ്താവനയില്‍ ജെയ്ഷെ മുഹമ്മദിന്റെ പേര് പരാമര്‍ശിക്കരുതെന്നും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീര്‍ എന്ന് ചേര്‍ക്കണമെന്നുമായിരുന്നു ചൈനയുടെ പ്രധാന ആവശ്യം. ഇന്ത്യയുമായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്ന ഭാഗം നീക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.