ന്യൂദല്‍ഹി - ദല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോക കപ്പ് മത്സരങ്ങളില്‍ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച നടപടി ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഭാവിയില്‍ രാജ്യാന്തര കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും രാജ്യാന്തര ഒളിംപിക് സമിതി (ഐ.ഒ.സി) ഇന്ത്യയെ വിലക്കി. ഇതു സംബന്ധിച്ച ഇന്ത്യയുടെ എല്ലാ അപേക്ഷകളും രാജ്യാന്തര ഒളിംപിക് സമിതി തടഞ്ഞുവെച്ചു. ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്തരുതെന്ന് രാജ്യാന്തര കായിക ഫെഡറേഷനുകളോട് നിര്‍ദേശിക്കുകയും ചെയ്തു. അവസാന നിമിഷവും കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ ഫലം കണ്ടില്ലെന്ന് ഐ.ഒ.സി വ്യക്തമാക്കി. രേഖാമൂലം ഉറപ്പ് നല്‍കിയാലേ ഇനി ഇന്ത്യയുമായി ചര്‍ച്ചക്കുള്ളൂ എന്നും അവര്‍ പ്രസ്താവിച്ചു. പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് പാക് താരങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചത്.
2026 ലെ യൂത്ത് ഒളിംപിക്‌സ്, 2030 ലെ ഏഷ്യന്‍ ഗെയിംസ്, 2032 ലെ ഒളിംപിക്‌സ് തുടങ്ങിയ മാമാങ്കങ്ങള്‍ നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. ദല്‍ഹിയില്‍ ആരംഭിച്ച ഷൂട്ടിംഗ് ലോകകപ്പിലെ ഒളിംപിക് ക്വാട്ട സ്ഥാനങ്ങള്‍ രാജ്യാന്തര ഷൂട്ടിംഗ് അസോസിയേഷന്‍ (ഐ.എസ്.എസ്.എഫ്) കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.