ബേമിങ്ഹാം- അതിർത്തിയിലെ സംഘർഷം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങളെ സ്വാധീനിക്കുക സ്വാഭാവികം. യുദ്ധ സമാന അന്തരീക്ഷമാവും ഇരു ടീമുകളും കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ ഗാലറിയിൽ അനുഭവപ്പെടുക. എന്നാൽ ആ സമ്മർദമൊക്കെ അതിജീവിക്കാൻ വേണ്ട കരുത്ത് ഇന്ത്യ കാലങ്ങളായി നേടിക്കഴിഞ്ഞു. ഇരു ടീമുകളും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങൾ മികച്ച നിലയിലാണ് ഇന്ത്യ ജയിച്ചത്.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ബദ്ധവൈരികൾ എഡ്ജ്ബാസ്റ്ററിൽ കൊമ്പുകോർക്കുമ്പോൾ ഫലം മറിച്ചാകാൻ സാധ്യതയൊന്നും കാണുന്നില്ല. പാക്കിസ്ഥാനെക്കാൾ എല്ലാ നിലയിലും രണ്ട് പടി മുന്നിലാണ് ഇന്ത്യ. ഇനി പ്രതീക്ഷ വെക്കാൻ പാക്കിസ്ഥാന് ഒരേയൊരു കാര്യം മാത്രമേ മുന്നിലുള്ളൂ. ഇന്ത്യൻ ടീമിലെ കലഹം. കോച്ച് അനിൽ കുംബ്ലെയും, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തമ്മിലുള്ള ശീതസമരം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെങ്കിൽ സംശയിക്കേണ്ട, വിജയം ഉറപ്പ്.
ഇന്ത്യ-പാക് മത്സരങ്ങൾ പണം കായ്ക്കുന്ന മരമാണ് ക്രിക്കറ്റ് ഭരണാധികാരികൾക്ക്. രാഷ്ട്രീയ കാരണങ്ങളാൽ കഴിഞ്ഞ അഞ്ച് വർഷമായി പരസ്പരമുള്ള പരമ്പരകൾ നടക്കാതിരിക്കെ, അന്താരാഷ്ട്ര ടൂർണമെന്റുകളിലാണ് ഇരു ടീമുകളും അപൂർവമായി മുഖാമുഖം വരുന്നത്. ലോകത്തെവിടെയായാലും ഇന്ത്യ-പാക് മത്സരങ്ങൾ കാണാൻ ക്രിക്കറ്റ് ആരാധകർ ഇരച്ചെത്തും. 2009ലെ ട്വന്റി20 ലോകകപ്പിനു മുമ്പ് നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ഗാലറിയിൽ കണ്ട ആവേശം, ടൂർണമെന്റിന്റെ ഫൈനലിൽ പോലുമുണ്ടായിരുന്നില്ല. കളിക്കാരിൽ അത് സമ്മർദം സൃഷ്ടിക്കുമെന്നത് സ്വാഭാവികം മാത്രം, എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും. ഇന്ത്യൻ കളിക്കാർ ആ സമ്മർദത്തെ അതിജീവിക്കാൻ പഠിച്ചു കഴിഞ്ഞു. ഏകദിനത്തിലായാലും, ട്വന്റി20യിലായാലും ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ ഒരിക്കൽ പോലും പാക്കിസ്ഥാനോട് തോറ്റിട്ടില്ല. പക്ഷെ ചാമ്പ്യൻസ് ട്രോഫിയിൽ പരസ്പരം ഏറ്റുമുട്ടിയ മൂന്നിൽ രണ്ട് മത്സരങ്ങളിലും പാക്കിസ്ഥാനായിരുന്നു ജയം.
കുംബ്ലെയും കോഹ്‌ലിയും തമ്മിലുള്ള ശീതസമരം ഇന്ത്യൻ ക്രിക്കറ്റിൽ ചേരിതിരിവ് സൃഷ്ടിച്ചു കഴിഞ്ഞു. സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിൽ നിന്ന് രാജിവെച്ച രാമചന്ദ്ര ഗുഹ, കളിക്കാരുടെ അപ്രമാദിത്വത്തെ രൂക്ഷമായി വിമർശിച്ചു. ഈ കലഹം ഡ്രെസ്സിംഗ് റൂമിലേക്കും ബാധിച്ചോ എന്നാണ് ഇനി അറിയേണ്ടത്. പാക്കിസ്ഥാൻ എന്ന പൊതുശത്രുവിനെ നേരിടാൻ ടീം ഒറ്റക്കെട്ടായാൽ വിജയത്തിന് വലുതായി പ്രയാസപ്പെടേണ്ടതില്ല.
ബാറ്റിംഗിലും ബൗളിംഗിലും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ താരങ്ങൾ നിരന്തരം മികവ് പുലർത്തുമ്പോൾ പാക്കിസ്ഥാൻ അടുത്ത കാലത്തായി താഴേക്കാണ് പോകുന്നത്. ബംഗ്ലാദേശിനോടു പോലും തോൽക്കുന്ന അവസ്ഥയാണവർക്ക്.
ഇന്ത്യൻ ടീമിന്റെ നിലവാരം പാക് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തന്നെ തുറന്നു സമ്മതിക്കുന്നു. കോഹ്‌ലിയാണ് ബാറ്റിംഗിന്റെ നട്ടെല്ലെങ്കിൽ, ചുറ്റും പോരാളികളുടെ നിര തന്നെയുണ്ട്. രോഹിത് ശർമ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, എം.എസ് ധോണി എല്ലാവും മാച്ച് വിന്നർമാരാണ് -ക്രിക്കറ്റ് ഡോട്ട്‌കോമിലെ കോളത്തിൽ അഫ്രീദി എഴുതി. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷാമിയും, ആർ.അശ്വിനും, രവീന്ദ്ര ജദേജയുമടങ്ങുന്ന ഇന്ത്യൻ ബൗളിംഗും സമതുലിതമാണെന്ന് അഫ്രീദി തുടർന്നു.
വല്ലപ്പോഴും മാത്രം മിന്നിത്തിളങ്ങുന്നതാണ് പാക്കിസ്ഥാന്റെ രീതി. ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ സർഫ്രാസ് അഹ്മദ് മികച്ച ഫോമിലാണ്. യുവ ബാറ്റ്‌സ്മാൻ ഫഹീം അഷ്‌റഫും അപകടകാരി തന്നെ. എന്നാൽ അവരുടെ ബാറ്റിംഗ് നിരക്ക് പൊതുവെ സ്ഥിരതയില്ല. ബൗളിംഗ് മികവിലാണ് അവർ എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുള്ളത്. ഈയിടെ ഓസ്‌ട്രേലിയയിൽ നടന്ന പരമ്പരിലും ഓസീസിനെ ചെറിയ സ്‌കോറിലൊതുക്കാൻ പാക് ബൗളർമാർക്ക് കഴിഞ്ഞപ്പോൾ മാത്രമേ അവർക്ക് വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോർ നേടിയപ്പോഴെല്ലാം വൻ പരാജയമായിരുന്നു പാക്കിസ്ഥാന്.
എഡ്ജ്ബാസ്റ്റണിലെ പിച്ച് പൊതുവേ ബൗളർമാർക്ക് അനുകൂലമാണ്. ഇവിടെ മുമ്പ് പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിട്ടുമുണ്ട്. എന്നാൽ പാക് ബൗളർമാരെ നേരിടുന്നതിൽ മികവ് തെളിയിച്ചിട്ടുള്ളവരാണ് കോഹ്‌ലിയും, യുവരാജും, ധോണിയുമെല്ലാം. പാക്കിസ്ഥാനെതിരെ കളിച്ച അവസാനത്തെ പത്ത് ഏകദിനങ്ങളിൽ കോഹ്‌ലി രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ട്. ശരാശരി 41.44 റൺസ്.
ഗാലറിയിൽ എന്തൊക്കെ ബഹളം നടന്നാലും കണക്കുകളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. കലഹമൊഴിഞ്ഞാൽ എല്ലാം ഭദ്രവുമാണ്.