Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒന്നിലും പിഴക്കാതെ കെ.സി


വടക്ക് നിന്നും കിഴക്കിന്റെ വെനീസിലേക്ക് കുടിയേറിയ പയ്യന്നൂരുകാരന്റെ കണക്കൂകൂട്ടൽ  പിഴച്ചില്ല. കൊഴുമ്മൽ ചട്ടടി വേണുഗോപാലിനെ ആലപ്പുഴ ഉള്ളംകയ്യിലാണ് സ്വീകരിച്ചത്. 
ഗണിത ശാസ്ത്രത്തിൽ പി.ജി ഒന്നാം ക്ലാസിൽ വിജയിച്ച കെ.സിക്ക് എന്നും പിഴയ്ക്കാത്ത കണക്കുകൂട്ടലുകളുടെയും എണ്ണം പറഞ്ഞ സ്മാഷുകളുമാണ് പിന്തുണ. ചുവന്നുതുടുത്ത ആലപ്പുഴയിലെ മണ്ണിൽ ചവിട്ടിനിന്ന് കെ.സി. വേണുഗോപാൽ വിജയത്തിന്റെ പുതു ചരിത്രമെഴുതി. ആലപ്പുഴ ഒന്നല്ല രണ്ടല്ല മൂന്ന്. മൂന്നു തവണ നിയമസഭയിലേക്കും രണ്ടു വട്ടം ലോക്‌സഭയിലേക്കും. മൂന്നു പതിറ്റാണ്ടായി ആലപ്പുഴ വേണുവിനെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുകയാണ്.
പയ്യന്നൂർ കോേളജിലെ കെ.എസ്.യു നേതൃപദവിയിലൂടെയാണ് കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ അരങ്ങേറ്റം. കണ്ണൂരുകാരനായ സാക്ഷാൽ ലീഡറുടെ ശ്രദ്ധയിലേക്ക് വേണുഗോപാൽ എത്തിയതോടെ പിന്നെ കുതിപ്പിന്റെ ദിനങ്ങളായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി അഞ്ചു വർഷം. 1987 മുതൽ 92 വരെ. പിന്നെ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി വീണ്ടും സജീവ രാഷ്ട്രീയത്തിൽ. പ്രസ്ഥാനത്തോടുളള കൂറ്, ഏറ്റെടുക്കുന്ന വിഷയങ്ങളോടുളള സത്യസന്ധത, ആത്മാർഥത -ഇവയാണ് കെ.സി. വേണുഗോപാലിന്റെ വിജയമന്ത്രം. ലീഡർ കരുണാകരൻ കണ്ടെത്തിയ യുവ ജനനേതാവിനെ തേടി പദവികൾ തന്നെ വരികയായിരുന്നു. ഒടുവിൽ ഇതാ രാജ്യത്തെ നമ്പർ വൺ രാഷ്ട്രീയ കുടുംബത്തിന്റെ വിശ്വസ്തൻ എന്ന നിരയിലേക്ക്. 
1963 ഫെബ്രുവരി 4 ന് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളിയിൽ മാതമംഗലം കണ്ടോന്താർവേലോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ച കെ.സി. വേണുഗോപാൽ കണക്കിന്റെ സമസ്യകളുടെ ലോകത്തായിരുന്നു എന്നും. പഠനത്തിൽ സമർഥൻ. ഒപ്പം കളിക്കളത്തിൽ നിറയുന്ന വോളിബോൾ താരം. ജില്ലാ ജൂനിയർ വോളി ക്യാപ്റ്റനായിരുന്നു. പയ്യന്നൂർ കോളേജിലും കാലിക്കറ്റ് സർവകലാശാലയ്ക്കുമായി കെ.സി ജഴ്‌സിയണിഞ്ഞു.
1996 ലാണ് കെ.സി. വേണുഗോപാൽ ആലപ്പുഴയിലേക്ക് കൂടുമാറുന്നത്. വിപ്ലവ ചെങ്കൊടി പാറുന്ന ആലപ്പുഴയിൽ മിന്നുന്ന ജയം. ഇടതു കോട്ടയിൽ മൂവർണക്കൊടി പാറിച്ച കെ.സി 2001 ലും വിജയം ആവർത്തിച്ചു. 2004 ൽ യു.ഡി.എഫ് മന്ത്രിസഭയിൽ ദേവസ്വം - ടൂറിസം വകുപ്പ് മന്ത്രിയായി.
ടൂറിസം മന്ത്രിയായിരിക്കേ ശ്രദ്ധേയമായ ഏറെ പദ്ധതികൾ നടപ്പിലാക്കി. ആലപ്പുഴയുടെ അനന്തമായ ടൂറിസം സാധ്യത മനസ്സിലാക്കിയുളള പദ്ധതികൾക്ക് രൂപം നൽകി. ഇതിനൊപ്പം ജന്മനാടായ കണ്ണൂരിലെ കടൽതീരങ്ങളുടെ നവീകരണത്തിനും പയ്യന്നൂർ ഗാന്ധി പാർക്ക് നവീകരണത്തിനും പദ്ധതി തയാറാക്കി. 2006 ൽ മൂന്നാം അങ്കത്തിലും വിജയിച്ചതോടെ കെ.സി. വേണുഗോപാൽ തന്നെ ശക്തമായ ജനകീയ അടിത്തറയിലായി.
നിയമസഭയിൽ തിളങ്ങുന്ന ജനപ്രതിനിധികളെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുളള പാർട്ടി തീരുമാനം വന്നതോടെ 2009 ൽ നിയമസഭാംഗത്വം രാജിെവച്ച് കെ.സി. വേണുഗോപാൽ ലോക്‌സഭയിലേക്ക് ഒരു കൈ നോക്കി. അവിടെയും വിജയം കെ.സിക്കായിരുന്നു. 2011 ൽ യു.പി.എ മന്ത്രിസഭയിൽ ഊർജ സഹമന്ത്രിയായി. പിറ്റേ വർഷം വ്യോമയാന സഹമന്ത്രി പദത്തിലേക്ക് മാറ്റം. 2014 ൽ വീണ്ടും വിജയിച്ച് ലോക്‌സഭയിലേക്ക്. 
ലോക്‌സഭയിൽ നെഹ്‌റു കുടുംബത്തിന്റെ പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ യുവനേതൃനിരയിൽ ഇടം കണ്ടെത്താനായത് കെ.സിയുടെ സ്ഥാനക്കയറ്റത്തിന് ഗതിവേഗമേറ്റി. 2017 ൽ കർണാടകയുടെ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറിയായി നിയോഗിച്ചു. 
കർണാടകയിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു  ട്രബിൾ ഷൂട്ടറുടെ  മുന്നിൽ. ബി.ജെ.പിയുടെ തന്ത്രജ്ഞനായ യെദിയൂരപ്പയെപ്പോലുളള നേതാക്കളിൽ നിന്നും കോൺഗ്രസ് സാമാജികരെ കാത്തുസംരക്ഷിച്ച് സുഗമമായി ഭരണം മുന്നോട്ടു കൊണ്ടുപോകാൻ കെ.സിയുടെ സാമർഥ്യം തുണയായി. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജസ്ഥാനിലെ കോൺഗ്രസ് ഭരണത്തിന് വഴിയൊരുക്കാനുളള സുപ്രധാന ചുമതല രാഹുൽ ഏൽപിച്ചതും വേണുഗോപാലിനെ. അതും പൂർത്തിയാക്കിയതോടെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ സംഘടനയിലെ രണ്ടാം പദവി തന്നെ നൽകിയാണ് സ്വീകരിച്ചത്. സംഘടനാ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറി.ഇതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അമരത്തേക്ക് എത്തി കെ.സി. വേണുഗോപാൽ. കോൺഗ്രസ് അധ്യക്ഷനു വേണ്ടി എല്ലാ നിയമനങ്ങളും പുറത്തിറക്കുന്നതു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. നേരത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടായിരുന്നു ഈ പദവിയിൽ. 
ഈ പദവിയിലെത്തിയതോടെ കെ.സി. വേണുഗോപാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നായി ചോദ്യം. പക്ഷേ അടുത്തയിടെ ആ സംശയവും ഏറെക്കുറെ ദൂരീകരിക്കപ്പെട്ടു. സിറ്റിംഗ് പാർലമെന്റ് അംഗങ്ങൾക്ക് മത്സരിക്കാമെന്ന് ദേശീയ അധ്യക്ഷൻ തന്നെ പറഞ്ഞുകഴിഞ്ഞു. ഇതിനും മുമ്പേ ആലപ്പുഴയിലെ സ്ഥാനാർഥിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.സി. വേണുഗോപാലിനെ പ്രഖ്യാപിച്ചിരുന്നു. ഭാര്യ: അദ്ധ്യാപികയായ ഡോ. ആശ. രണ്ടു മക്കൾ. 

Latest News