റിയാദ് - സൗദി, കുവൈത്ത് അതിർത്തിയിലെ വിഭജിത പ്രദേശത്ത് എണ്ണയുൽപാദനം പുനരാരംഭിക്കുന്നതിനുള്ള കരാറിൽ ഈ വർഷം ഒപ്പുവെക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഇതേ കുറിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സൗദി അറേബ്യയും കുവൈത്തും പങ്കുവെക്കുന്ന അതിർത്തി പ്രദേശത്ത് വൈകാതെ എണ്ണയുൽപാദനം പുനരാരംഭിക്കുന്നതിന് സാധിക്കുമെന്ന പ്രത്യാശ മന്ത്രി പ്രകടിപ്പിച്ചത്. ഇന്ത്യയിൽ പെട്രോകെമിക്കൽസ്, രാസവളം, വ്യവസായം എന്നീ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സൗദിയിലെ പൊതുമേഖലാ കമ്പനിയായ സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) ആഗ്രഹിക്കുന്നുണ്ട്.
അടുത്ത ഏപ്രിൽ മാസത്തോടെ ആഗോള എണ്ണ വിപണിയിൽ ആവശ്യവും ലഭ്യതയും തമ്മിൽ സന്തുലനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അംഗങ്ങളായ ഇറാനും വെനിസ്വേലക്കും എതിരായ അമേരിക്കൻ ഉപരോധങ്ങൾ എണ്ണ ലഭ്യതയിൽ കുറവുണ്ടാക്കില്ല എന്നാണ് കരുതുന്നത്. ആഗോള വിപണിയിൽ ലഭ്യമായ എണ്ണ ശേഖരത്തിൽ കുറവ് വരുത്തുന്നതിനുള്ള കരാർ ഉൽപാദക രാജ്യങ്ങൾ പാലിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഏപ്രിലിൽ ചേരുന്ന ഒപെക് യോഗം ഈ വർഷം രണ്ടാം പാതിയിലെ എണ്ണ ലഭ്യതാ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തും. കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരി തോതിനടുത്തേക്ക് ആഗോള വിപണിയിൽ ലഭ്യമായ എണ്ണ ശേഖരം കുറയണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.