ജിദ്ദ - മയക്കുമരുന്ന്, ബലാത്സംഗ കേസ് പ്രതികളായ നാലു പേർക്ക് ജിദ്ദയിൽ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഴു ഫഌറ്റകളിൽ അതിക്രമിച്ചു കയറി കവർച്ചകൾ നടത്തുകയും നാലു സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത സോമാലിയക്കാരൻ അബ്ദുല്ല അബൂബക്കർ സിദ്ദീഖ് ആണ് വധശിക്ഷക്ക് വിധേയരാക്കിയ പ്രതികളിൽ ഒരാൾ. പുരുഷന്മാർ ജോലിക്കായി പുറത്തുപോകുന്ന രാവിലെ ഫഌറ്റുകളിൽ അതിക്രമിച്ചു കയറിയാണ് പ്രതി കവർച്ചകളും ബലാത്സംഗവും നടത്തിയിരുന്നത്. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി നാലു സ്ത്രീകളെ പീഡിപ്പിച്ച പ്രതി പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളും തട്ടിയെടുത്ത് രക്ഷപ്പെടുകയാണ് ചെയ്തിരുന്നത്. വൻ ഹഷീഷ്, ലഹരി ഗുളിക ശേഖരം എത്തിച്ച് വിതരണം ചെയ്ത മൂന്നു യെമനികൾക്കും ഇന്നലെ ജിദ്ദയിൽ വധശിക്ഷ നടപ്പാക്കി. മുസ്തഫ മുഹമ്മദ് അബ്ദു ബാരി, ഹുസൈൻ അലി ഹുസൈൻ, ഹസൻ മുഹമ്മദ് അലി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.