Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞത്തെ വിവാദച്ചുഴിയിൽ മുക്കരുത് 

ആയിരം ദിവസം കൊണ്ട് പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം തുറമുഖ പദ്ധതി അതിവേഗം പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വിവാദം പൊട്ടിവീണത്. സി ആന്റ് എ.ജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി നിർത്തിവെക്കണമെന്ന് ചിലർ ആവശ്യപ്പെട്ടതോടെ വീണ്ടും ആശങ്ക പടർന്നു. എന്നാൽ തുറമുഖ കരാറിനെക്കുറിച്ച് അനേ്വഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിക്കുവാനും പദ്ധതിയുടെ പ്രവർത്തനം തുടരാനുമാണ് സർക്കാരിന്റെ തീരുമാനം. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷന്റെ പ്രവർത്തനം തുടരട്ടെ. ഇതിനിടയിൽ ധൃതഗതിയിലുള്ള പ്രവർത്തനം തുടരണം എന്നൊരൊറ്റ അഭ്യർഥനയേയുള്ളൂ. 
വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധികൾ ഇനിയും തീർന്നിട്ടില്ല എന്നതാണ് ഈ വിവാദം കൊണ്ട് വ്യക്തമാകുന്നത്. 25 വർഷമായി പദ്ധതിയെ തളർത്താനും തകർക്കാനും ശ്രമിച്ചവർ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. സി ആന്റ് എ.ജിയിൽ നുഴഞ്ഞു കയറാൻ വരെ അവർക്ക് സാധിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിഴിഞ്ഞത്തിനെതിരേ മത്സരിക്കാൻ ആദ്യം കുളച്ചൽ ലോബിയുണ്ടായിരുന്നു. അതിനെ നമ്മൾ അതിജീവിച്ചെങ്കിലും കൊളംബോ തുറമുഖം ഇപ്പോഴും കനത്ത വെല്ലുവിളി ഉയർത്തുന്നു.   വിഴിഞ്ഞം വൈകിയപ്പോൾ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിൽ കൊളംബോ തുറമുഖം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച്  വലിയ മുന്നേറ്റം നടത്തി. കൊളംബോയിൽ നിന്നുള്ള വെല്ലുവിളികളെ അതിജീവിച്ചു മുമ്പോട്ടു പോകുവാൻ വിഴിഞ്ഞത്തെ എത്രയും വേഗം സജ്ജമാക്കുന്നതിനു പകരം വിവാദങ്ങളുയർത്തി വീണ്ടും പദ്ധതിയുടെ പാളം തെറ്റിക്കാനാണ് ചിലരുടെ ശ്രമം.
രണ്ടര പതിറ്റാണ്ടിനുള്ളിൽ കേരളം നടത്തിയ അഞ്ചാമത്തെ ശ്രമത്തിലാണ് വിഴിഞ്ഞത്ത് പണി തുങ്ങിയത്. പലവട്ടം പാഴായ ശ്രമങ്ങളുടെ ദൗർബല്യങ്ങൾ വിലയിരുത്തി അതിനെ മറികടക്കുവാനുള്ള ശ്രമമാണ് ഒടുവിൽ വിജയിച്ചത്. വിപുലമായ തയാറെടുപ്പോടെയും നടപടി ക്രമങ്ങളെല്ലാം പൂർണമായും പാലിച്ചുമാണ്   പദ്ധതി നടപ്പാക്കിയിത്. മനുഷ്യ സാധ്യമായ രീതിയിൽ എല്ലാം സുതാര്യതയോടെയാണ് ചെയ്തത്. എന്നിട്ടും ഇതു സംബന്ധിച്ച സിഎജി റിപ്പോർട്ടിൽ  വസ്തുതാവിരുദ്ധമായ പരാമർശങ്ങളും പിശകുകളുമൊക്കെ കടന്നുകൂടിയിരിക്കുന്നു. പദ്ധതിക്ക് പരസ്യമായി തുരങ്കം വയ്ക്കാൻ ശ്രമിച്ചയാൾ കൺസൾട്ടന്റായി സിഎജിയുടെ പരിശോധനാ സമിതിയിൽ കടന്നുകൂടിയതിൽ ദുരൂഹതയുണ്ട്. ഇദ്ദേഹം പദ്ധതിക്കെതിരേ എഴുതിയ ലേഖനത്തിലെ പല കാര്യങ്ങളും റിപ്പോർട്ടിൽ ഇടംപിടിച്ചു. വസ്തുതാപരമായ പിശകുകൾ പോലും കടന്നുകൂടി. എ.ജിയുടെ റിപ്പോർട്ടിലെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളും നടപടി ക്രമങ്ങളിലെ തെറ്റുകളും സി ആന്റ് എ.ജിയെ അറിയിക്കുന്നതാണ്. 
വി.എസ്.അച്യുതാനന്ദൻ ഗവൺമെന്റിന്റെ കാലത്തെ കരാർ സംസ്ഥാന താൽപര്യം സംരക്ഷിച്ചിരുന്നു എന്നും ഇപ്പോഴത്തെ കരാർ  അദാനിയുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്നുമാണ്  മുഖ്യ ആക്ഷേപം. ഈ സാഹചര്യത്തിലാണ്  രണ്ടു കരാറുകൾ സംബന്ധിച്ച്  താരതമ്യപഠനം വേണമെന്ന ആവശ്യം ഞാൻ ഉന്നയിച്ചത്. രണ്ട് കരാറുകളിലെയും വ്യവസ്ഥകൾ താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തിന്റെ താൽപര്യം ആരാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാകും. വി.എസ്.അച്യുതാനന്ദൻ താരതമ്യ പഠനത്തെ അനുകൂലിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അച്യുതാനന്ദൻ പറയുന്നതാണ് ശരിയെങ്കിൽ അതു ബോധ്യപ്പെടുത്തുവാൻ കിട്ടുന്ന അവസരം അദ്ദേഹം പാഴാക്കില്ലല്ലോ.
സംസ്ഥാന സർക്കാരും അദാനിയുമായി ചർച്ച ചെയ്തുണ്ടാക്കിയ കരാർ ആയിട്ടാണ് വിഴിഞ്ഞം കരാറിനെ ചിലർ വ്യാഖ്യാനിക്കുന്നത്. വലിയ പ്രചാരണം കൊടുത്ത് ആഗോള ടെണ്ടർ വിളിച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അതിലൂടെ ഉറപ്പിച്ച കരാർ ആണിത്. ആഗോള ടെണ്ടറിൽ അഞ്ചു കമ്പനികൾ ടെണ്ടർ കൊടുക്കുവാനുള്ള യോഗ്യത നേടി. മൂന്നു കമ്പനികൾ ടെണ്ടർ ഫോമുകൾ വാങ്ങി. ക്വാളിഫിക്കേഷൻ ഘട്ടത്തിനു ശേഷം ടെണ്ടർ വാങ്ങിയ എല്ലാവരുമായി നടത്തിയ പ്രീബിഡ് മീറ്റിംഗുകൾക്ക് ശേഷം, 'അന്തിമ കരട് കരാർ' ടെണ്ടർ വാങ്ങിയ മൂന്നു കമ്പനികൾക്ക് ലഭ്യമാക്കി. ഇവരിൽ അദാനിയുടെ കമ്പനി മാത്രമാണ് സാമ്പത്തിക ബിഡ് സമർപ്പിച്ചത്. മൂന്ന് കമ്പനികൾക്കും നൽകിയിട്ടുള്ള അന്തിമ കരട് കരാറിൽ, കരാർ ഒപ്പിടുന്ന ഘട്ടത്തിലോ പിന്നീടോ ഒരു മാറ്റവും വരുത്തിയിട്ടില്ല. അത് ടെണ്ടർ നിയമപ്രകാരം  സാധ്യവുമല്ല.
അദാനിക്കു പകരം കേരളത്തിൽ നിന്നു തന്നെ പദ്ധതിക്കു മൂലധന നിക്ഷേപം കണ്ടെത്താൻ കഴിയുമായിരുന്നു എന്നാണ്  വേറൊരു പ്രചാരണം. മൂലധന നിക്ഷേപമല്ല വിഴിഞ്ഞം പദ്ധതിയുടെ പ്രശ്‌നം. നിലവിൽ കടുത്ത ആഗോള മത്സരം നേരിടുന്ന തുറമുഖ വ്യവസായ മേഖലയിൽ അതിന്റെ നിർമ്മാണത്തിലും നടത്തിപ്പിലും വൈദഗ്ധ്യവും കാര്യക്ഷമതയും തെളിയിച്ചിട്ടുള്ള പങ്കാളിയെയാണ് ആവശ്യം. സാമ്പത്തിക ക്ഷമതയില്ലെന്നു പഠനങ്ങൾ തെളിയിച്ചിട്ടുള്ള വിഴിഞ്ഞം പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ അത്തരമൊരു പങ്കാളിക്കേ സാധിക്കൂ. സർക്കാർ മൂലധനം മുടക്കി നിർമ്മിച്ച് സ്വകാര്യ പങ്കാളിക്കു നടത്തിപ്പിന് നൽകുന്ന, അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ ടെണ്ടറിലും ഇത്തരത്തിലുള്ള കമ്പനികൾ  മുന്നോട്ടു വന്നില്ല. നാം നേരത്തെ നടത്തിയ പരിശ്രമങ്ങൾ  പരാജയപ്പെട്ടതു മൂലധന നിക്ഷേപത്തിലല്ല, മറിച്ച് ഇത്തരത്തിലുള്ള കമ്പനികൾ മുമ്പോട്ടു വന്നില്ല എന്നതിലാണ്.
കരാർ കാലാവധി ആദ്യം 30 വർഷവും, പിന്നീട് 40 വർഷവും ആക്കി എന്നതാണ് ഏറ്റവും വലിയ ആക്ഷേപം. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ സംസ്ഥാന തുറമുഖങ്ങൾക്കായുള്ള മോഡൽ കൺസഷൻ എഗ്രിമെന്റ് ആണ് കേരള സർക്കാർ കരാർ തയാറാക്കാനായി അംഗീകരിച്ചത്. 2014 മേയിൽ പുറപ്പെടുവിച്ച ഇതിന്റെ ഉത്തരവിലും കാലാവധി 40 വർഷം തന്നെയായിരുന്നു. 
പദ്ധതിക്കു സ്വതന്ത്ര എഞ്ചിനീയറെ വെച്ചിട്ടില്ല എന്നുള്ള പ്രചാരണവും വാസ്തവ വിരുദ്ധമാണ്. കരാർ വ്യവസ്ഥ പ്രകാരം ടഠഡജ എന്ന സ്ഥാപനത്തെ മത്സരാധിഷ്ഠിത ടെണ്ടറിലൂടെ നിയമിച്ചിട്ടുണ്ട്. ടെണ്ടർ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും അങ്ങേയറ്റം സുതാര്യമായും നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചുമാണ് ചെയ്തിട്ടുള്ളത്. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായും അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ് ആന്റ് സ്റ്റോർ പർച്ചേഴ്‌സ്), പ്രിൻസിപ്പൽ സെക്രട്ടറി (തുറമുഖം), സെക്രട്ടറി (നിയമം), മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി എന്നിവർ അംഗങ്ങളായുള്ള എംപവേർഡ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ടെണ്ടറുകൾ ഈ കമ്മിറ്റിയുടെ ശുപാർശയോടെ ഞാൻ അധ്യക്ഷനായുള്ള വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ബോർഡ് പരിശോധിക്കുകയും പിന്നീട് അത് ഫിനാൻസിന്റെയും നിയമ വകുപ്പിന്റെയും ശുപാർശയോടുകൂടി മന്ത്രിസഭ പരിഗണിക്കുകയും ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം  സർവകക്ഷി യോഗം വിളിച്ച ശേഷമാണ് ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചതും സർക്കാർ ഉത്തരവ് ഇറക്കിയതും. 
വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തികക്ഷമത തുടക്കത്തിൽ കുറവായതിനാലാണ് വി.ജി.എഫ് നല്കി പദ്ധതി യാഥാർഥ്യമാക്കേണ്ടി വരുന്നതെങ്കിലും ആദ്യഘട്ടം വിജയം കണ്ടാൽ യാതൊരു സർക്കാർ മുതൽമുടക്കുമില്ലാതെ കരാറുകാർ അടുത്ത ഘട്ടങ്ങൾ നിർമ്മിക്കേണ്ടതും അതിൽ നിന്നുള്ള വരുമാന വിഹിതം സംസ്ഥാന ഖജനാവിനു നല്‌കേണ്ടതുമാണ്. ഇത്തരത്തിൽ പദ്ധതി വിജയം കണ്ടാൽ മൊത്ത വരുമാനത്തിന്റെ (ലാഭവിഹിതത്തിന്റെയല്ല) 40 ശതമാനം വരെയുള്ള തുക സംസ്ഥാനത്തിനു ലഭിക്കും. ഇത് ഭാവിയിൽ സംസ്ഥാനത്തിനു വലിയ വരുമാന സ്രോതസാകും. പദ്ധതികൊണ്ട് സംസ്ഥാനത്തിനുണ്ടാകുന്ന മറ്റു നേട്ടങ്ങൾക്കു പുറമേയാണിത്.
ഒരു ഇടുക്കി ഡാമും നെടുമ്പാശേരി വിമാനത്താവളവും ഒഴിച്ചാൽ 60 വർഷംകൊണ്ട് കേരളം എന്തു നേടി? എത്രയെത്ര പദ്ധതികളാണ് വിവാദങ്ങളിൽ തട്ടി തകർന്നത്? ഈ സ്ഥിതിക്കു മാറ്റം ഉണ്ടാക്കുവാനാണ് യു.ഡി.എഫ് അഞ്ചു വർഷം ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി സ്മാർട്ട് സിറ്റി മുതലായ പദ്ധതികൾ നടപ്പിലാക്കുവാൻ സാധിച്ചത്. ഇതിനു എല്ലാവരുടെയും പിന്തുണ ലഭിച്ചത് ഞാൻ വിസ്മരിക്കുന്നില്ല.
അഴിമതി ഒരു സാഹചര്യത്തിലും അനുവദിക്കുവാൻ പാടില്ല എന്നതിനോട് പൂർണമായും യോജിക്കുന്നു. സി ആന്റ് എ.ജി.യുടെ കണ്ടെത്തലുകൾ ഗൗരവമായി പരിശോധിക്കണം. യാഥാർഥ്യ ബോധത്തോടു കൂടി ശരി എന്തെന്നു മനസ്സിലാക്കി മുമ്പോട്ട് പോകണം.
കേരളത്തിന്റെ നാലു ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യവും ഇപ്പോൾ പദ്ധതി ആരംഭിക്കുവാൻ സാധിച്ച സ്ഥിതിയും പരിശോധിച്ച് തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് ഏത് അനേ്വഷണത്തെയും സ്വാഗതം ചെയ്യുന്നത്. മറ്റൊരു വിവാദംകൂടി ഉയർത്തി വിഴിഞ്ഞത്തെ തളർത്തരുത് എന്നു മാത്രമാണ് എനിക്കു പറയുവാനുള്ളത്. ഈ വിവാദങ്ങളിൽ ചിരിക്കുന്നത് കൊളംബോയും കുളച്ചലും മാത്രമാണ് എന്ന കാര്യം ആരും വിസ്മരിക്കരുത്. 
 

Latest News