കൊച്ചി: സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്റ് അംബാസഡറാകാന്‍ ക്ഷണിച്ച എംഡി മുഹമ്മദ് ഹനീഷ് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി. എംഡിയുടെ ക്ഷണം എംപി സ്വീകരിച്ചത് വാര്‍ത്തയായതോടെ പ്രതിഷേധവുമായി വി.ടി.ബല്‍റാം എംഎല്‍എ രംഗത്ത് എത്തിയിരുന്നു. തൊട്ട് പിന്നാലെയാണ് തീരുമാനം അനൗദ്യോഗികമാണെന്നും സഹകരണം മാത്രമാണ് ഉദ്ദേശിച്ചതെന്നും കെഎംആര്‍എല്‍ വിശദീകരിച്ചത്.
കൊച്ചി മെട്രോയുടെ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷാണ് സുരേഷ് ഗോപി എംപിയോട് ബ്രാന്റ് അംബാസഡര്‍ ആകണമെന്ന് ആവശ്യപ്പെട്ടത്. ഉദ്ഘാടന പ്രസംഗത്തില്‍ സുരേഷ് ഗോപി ആവശ്യം അംഗീകരിച്ചതോടെ ഇദ്ദേഹം ബ്രാന്റ് അംബാസഡറാകുമെന്ന വാര്‍ത്ത പ്രചരിച്ചു.
എന്നാല്‍ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംഘപരിവാര്‍ എംപിയെ അംബാസഡറാക്കാനുളള തീരുമാനം എന്തടിസ്ഥാനത്തിലാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ ചോദിച്ചു. 'എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനം? ഒരു സംഘപരിവാര്‍ എംപിയെ കേരള സര്‍ക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ എടുത്തതാണോ, അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ? അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി കെഎംആര്‍എല്‍ രംഗത്ത് വന്നു. കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസില്‍ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളില്‍ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു- കെഎംആര്‍എല്‍ വിശദീകരിച്ചു.