Sorry, you need to enable JavaScript to visit this website.

പൈതൃകങ്ങളുടെ രാജവീഥിയിൽ ഇന്ത്യ-സൗദി സൗഹൃദം പൂത്തുലയുന്നു

ഇന്ത്യ-സൗദി പരമ്പരാഗത സുഹൃദ്ബന്ധത്തിന്റെ രാജപാതയിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഐതിഹാസികമായ ഇന്ത്യൻ പര്യടനം. 
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യ ഏറ്റവുമധികം വിശ്വസിക്കാവുന്ന തന്ത്രപ്രധാന പങ്കാളിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യസാക്ഷ്യം ഇരുരാജ്യങ്ങൾക്കുമിടയിലെ വാണിജ്യ വ്യാപാര വിനിമയങ്ങളോടൊപ്പം സാംസ്‌കാരികവും രാഷ്ട്രീയവുമായ ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു. 
സൗദിയിലെ പ്രാദേശിക പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യ എത്രമാത്രം പ്രധാനപ്പെട്ട രാജ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഭാവിയിൽ ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കുന്നതിന് സൗദി അറേബ്യയെ എല്ലാ അർഥത്തിലും അവലംബിക്കുന്നതിന് ഇന്ത്യക്ക് കഴിയും. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം മേഖലയിലും ആഗോള തലത്തിലും സമാധാനത്തിനും സുരക്ഷയ്ക്കും സുസ്ഥിരതക്കും ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. 
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനം നിക്ഷേപങ്ങൾക്കുള്ള വിശാലമായ പുതിയ വിഹായസ്സ് തുറന്നിടും. കിരീടാവകാശിയുടെ പിന്തുണയോടെ സൗദി അറേബ്യയിൽ നടക്കുന്ന പരിഷ്‌കരണങ്ങൾ പ്രശംസനീയമാണ്. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതി യാഥാർഥ്യമാക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നതിന് ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യയെ തങ്ങളുടെ എട്ടു തന്ത്രപ്രധാന പങ്കാളികളിൽ ഒന്നായി സൗദി അറേബ്യ നിർണയിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തിന് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കിരീടാവകാശിയായിരിക്കേ 2014 ൽ സൽമാൻ രാജാവ് നടത്തിയ ചരിത്രപ്രധാനമായ ഇന്ത്യാ സന്ദർശനവും 2016 ൽ താൻ നടത്തിയ സൗദി സന്ദർശനവും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് സഹായകമായെന്നും നരേന്ദ്ര മോഡി എടുത്ത് പറയുന്നുണ്ട്. 
അറേബ്യൻ ഉപദ്വീപിലെ ജനതയുമായി ഇന്ത്യയ്ക്ക് ചരിത്രപരവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധങ്ങളുണ്ട്. കഴിഞ്ഞ വർഷം സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ജനാദ്രിയ ഫെസ്റ്റിവലിൽ വിശിഷ്ടാതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് ഇതിന് തെളിവാണ്. ഉഭയകക്ഷി ബന്ധത്തിലേക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്കും വ്യത്യസ്ത മേഖലകളിലെ അവസരങ്ങളിലേക്കും വെളിച്ചം വീശുന്നതിന് ജനാദ്രിയ ഫെസ്റ്റിവലിലെ വിശിഷ്ടാതിഥി രാജ്യമെന്നോണമുള്ള ഇന്ത്യയുടെ പങ്കാളിത്തം സഹായകമായി. 
വിഷൻ 2030 പദ്ധതിയുടെ ഭാഗമായ നിയോം, ചെങ്കടൽ, ഖിദ്‌യ അടക്കമുള്ള വൻകിട പദ്ധതികളിലും പാർപ്പിട പദ്ധതികളിലും പങ്കാളിത്തം വഹിക്കുന്നതിന് ഇന്ത്യ ആഗ്രഹിക്കുന്നു. മെയ്ക് ഇൻ ഇന്ത്യ, സ്മാർട്ട് സിറ്റി, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പ്രധാന പദ്ധതികൾക്ക് സമീപ കാലത്ത് ഇന്ത്യൻ ഗവൺമെന്റ് തുടക്കമിട്ടിട്ടുണ്ട്. ഉഭയകക്ഷി ബന്ധവും പരസ്പര വാണിജ്യവും നിക്ഷേപവും വർധിപ്പിക്കുന്നതിന് ഈ പദ്ധതികൾ വഴിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രധാന ഭാഗമാണ് ഊർജ സുരക്ഷ. ഇന്ത്യക്ക് എണ്ണ നൽകുന്നതിൽ വിശ്വസിക്കാവുന്ന പങ്കാളിയായി സൗദി അറേബ്യ തുടരുന്നു. ഊർജ സുരക്ഷക്ക് സൗദി അറേബ്യയെ അവലംബിക്കുന്നതിന് സാധിക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ഊർജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അതിവേഗ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ്. പുരനുരപോയഗ ഊർജ സ്രോതസ്സുകളുടെ പ്രാധാന്യത്തെ കുറിച്ച് സൗദി അറേബ്യയും ഇന്ത്യയും മനസ്സിലാക്കുന്നു. സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം എന്നീ മേഖലകളിൽ ഇന്ത്യ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇന്ത്യക്കുള്ള പരിചയ സമ്പത്ത് സൗദി അറേബ്യയുമായി പങ്കുവെക്കുന്നതിന് ഇന്ത്യ ഒരുക്കമാണ്. 
ഇന്ത്യ മുൻകൈയെടുത്ത് സ്ഥാപിച്ച ഇന്റർനാഷണൽ സോളാർ അലയൻസിൽ ഇതിനകം 75 രാജ്യങ്ങൾ ചേർന്നിട്ടുണ്ട്. 2022 ഓടെ 100 ഗിഗാവാട്ട് വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്നതിനുള്ള ലക്ഷ്യം ഇന്ത്യ നിർണയിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സോളാർ അലയൻസിൽ ചേരുന്നതിനുള്ള സൗദി തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. പുനരുപയോഗ ഊർജ മേഖലയിൽ സൗദി അറേബ്യയുമായി കൂടുതൽ പങ്കാളിത്തം സ്ഥാപിക്കുന്നതിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. 
പ്രതിരോധ മേഖലയിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനാണ് ശ്രമം. 4400 കോടി ഡോളർ ചെലവഴിച്ച് നടപ്പാക്കുന്ന രത്‌നഗിരി റിഫൈനറി പദ്ധതിയിലെ സൗദി അറാംകൊ പങ്കാളിത്തം സ്വാഗതം ചെയ്യുന്നു. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ സൗദി അറേബ്യയും ഇന്ത്യയും ഒറ്റക്കെട്ടായി സഹകരിക്കുന്നുണ്ടെന്ന പ്രസ്താവനയും ആഴത്തിലുള്ള ഇന്ത്യ-സൗദി ബന്ധത്തിന്റെ സമകാലിക പ്രാധാന്യം വിശദീകരിക്കുന്നതാണ്.   

Latest News