കൊച്ചി- മെട്രോ റെയിലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കന്നിയാത്ര. കെ.എം.ആർ.എൽ ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കുമൊപ്പം പാലാരിവട്ടം മുതൽ ആലുവ വരെ യാത്ര ചെയ്താണ് മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ ഒരുക്കങ്ങൾ വിലയിരുത്തിയത്. രാവിലെ 11.05 ഓടെ പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കുള്ള യാത്ര ടിക്കറ്റുമായി ജീവനക്കാരെത്തി. ടിക്കറ്റ് പഞ്ച് ചെയ്ത ശേഷം മാധ്യമപ്രവർത്തകർക്കൊപ്പം പ്ലാറ്റ്ഫോമിലേക്ക് നടന്നു. അവിടെ മെട്രോ ട്രെയിൻ മുഖ്യമന്ത്രിയെയും സംഘത്തെയും കാത്ത് യാത്രാ സജ്ജമായി കിടപ്പുണ്ടായിരുന്നു. 11.15ന് ട്രെയിൻ യാത്ര തുടങ്ങി.
പ്രത്യേക യാത്രയായിരുന്നതിനാൽ ആലുവക്ക് ഇടക്കുള്ള മറ്റ് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയില്ല. ശരവേഗത്തിൽ പാളത്തിലൂടെ പായുന്ന മെട്രോയിലിരുന്ന് നഗര കാഴ്ചകൾ മുഖ്യമന്ത്രി വീക്ഷിച്ചു. മെട്രോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏലിയാസ് ജോർജ് വിശദീകരിച്ചു. മുട്ടം യാർഡിന് സമീപത്തെത്തിയപ്പോൾ അവിടത്തെ സംവിധാനങ്ങളും മുഖ്യമന്ത്രി കണ്ടറിഞ്ഞു. 11.35 ഓടെ മെട്രോ ആലുവ സ്റ്റേഷനിലെത്തി. സ്റ്റേഷനുകൾക്കിടയിൽ നിർത്താത്തതിനാൽ 20 മിനിറ്റ് മാത്രമാണ് പാലാരിവട്ടം മുതൽ ആലുവ വരെയുള്ള 13 കിലോമീറ്റർ താണ്ടാൻ എടുത്തത്. സ്റ്റേഷനിലിറങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി ലോക്കോ പൈലറ്റിന്റെ കാബിനിലെത്തി. മെട്രോ ട്രെയിൻ നിയന്ത്രിക്കുന്ന വനിതകളിലൊരാളായ മഞ്ജുവായിരുന്നു ലോക്കോ പൈലറ്റിന്റെ കാബിനിലുണ്ടായിരുന്നത്. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന മഞ്ജുവിനോട് സജ്ജീകരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കേണ്ടിയിരുന്ന കൊച്ചി മെട്രോ റെയിലിന്റെ സൗരോർജ്ജ പദ്ധതി ഉദ്ഘാടനം വിവാദത്തെ തുടർന്ന് അവസാന നിമിഷം മാറ്റിവെച്ചു. ആലുവയിൽ നടത്താനിരുന്ന ഉദ്ഘാടന ചടങ്ങിലേക്ക് സ്ഥലം എം.എൽ.എ അൻവർ സാദത്തിനെ കെ. എം. ആർ. എൽ ക്ഷണിക്കാതിരുന്നതാണ് വിവാദമായത്. അൻവർ സാദത്ത് ഇന്നലെ രാവിലെ മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട് പ്രതിഷേധമറിയിക്കുകയും ഉദ്ഘാടന ചടങ്ങ് അലങ്കോലപ്പെടുത്താൻ യു.ഡി.എഫ് ശ്രമിക്കുമെന്ന് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകുകയും ചെയ്തതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങ് മാറ്റിവെക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് മറ്റൊരു പൊതു പരിപാടി ശരിയല്ല എന്നുള്ളത് കൊണ്ടാണ് സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം വലിയ ചടങ്ങായി നടത്താതിരുന്നതെന്നാണ് ഇതിന് കെ.എം.ആർ.എൽ നൽകുന്ന വിശദീകരണം.