ദുബായ്- ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് സന്ദർശിച്ചവരിൽ മുൻപന്തിയിൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. നാല് മാസത്തിൽ ദുബായ് നഗരിയിൽ 757,000 ഇന്ത്യക്കാരാണ് എത്തിയത്.
രണ്ടാം സ്ഥാനത്ത് സൗദി അറേബ്യൻ പൗരന്മാരും മൂന്നാമത് ചൈനക്കാരുമാണ്. 581,000 സൗദികൾ ഇക്കാലയളവിൽ ദുബായിലെത്തിയപ്പോൾ 296,000 ചൈനക്കാർ ഇവിടം സന്ദർശിച്ചു. നാലാം സ്ഥാനത്തുള്ള ഒമാനികളിൽ 291,000 പേരും തൊട്ടുപിന്നിലുള്ള അമേരിക്കൻ പൗരന്മാരിൽ 230,000 പേരും നാല് മാസത്തിനിടെ ദുബായ് നഗരിയിലെത്തി. 227,000 പാക്കിസ്ഥാൻ സ്വദേശികളും 188,000 റഷ്യക്കാരും ദുബായ് സന്ദർശിച്ചവരിൽ മുൻനിരയിലുണ്ട്.
ഈ വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ ദുബായ് നഗരം സ്വീകരിച്ച വിദേശ ടൂറിസ്റ്റുകളിൽ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് വൻവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ൽ ആദ്യത്തെ നാല് മാസം 5.35 ദശലക്ഷം വിദേശ സഞ്ചാരികൾ ദുബായ് മഹാനഗരത്തിൽ എത്തിയപ്പോൾ 2017ൽ 6.04 ദശലക്ഷം വിദേശികളാണ് നഗരഭംഗി ആസ്വദിക്കാൻ എത്തിയത്. ഏപ്രിൽ മാസം മാത്രം ദുബായ് നഗരത്തിലെ ഹോട്ടലുകളിൽ 1.47 ദശലക്ഷം പേർ ബുക്കിംഗ് നടത്തിയിരുന്നു.