കാസർകോട് - പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ. ഉന്നതങ്ങളിൽനിന്നുള്ള നിർദേശപ്രകാരം ക്രൈം ബ്രാഞ്ചിനെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘത്തിൽ മാറ്റം വരുത്തി. കൊലക്കേസിൽ പ്രതികളെ കുടുക്കാനുള്ള രൂപരേഖ തയാറാക്കിയ രണ്ട് ഡിവൈ.എസ്.പിമാർ, ഒരു സി.ഐ എന്നിവരോട് സംഘത്തിൽനിന്ന് മാറാൻ നിർദേശം നൽകുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സമ്മർദം മുറുകിയതിനെ തുടർന്ന് അന്വേഷണത്തിലെ മുൻനിലപാടുകൾ തിരുത്തിയ പോലീസ് മലക്കംമറിച്ചൽ നടത്തിയിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘം കൊലപാതകം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നുവെന്ന് ആദ്യം പുറത്തുവിട്ട പോലീസ്, സി.പി. എം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റോടെ നിലപാടുകൾ തിരുത്തുകയാണ്. കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് പ്രാദേശിക തലത്തിൽ ആണെന്നാണ് ഇപ്പോഴത്തെ കണ്ടത്തലുകൾ.
അതിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി. ബി. ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസും ഈ ആവശ്യം ഉന്നയിച്ചു സമരം ചെയ്യാനുള്ള നീക്കത്തിലാണ്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്നും കേസിന്റെ അന്വേഷണം യു. ഡി. എഫ് നിയമവിദഗ്ധരെ വെച്ച് നിരീക്ഷിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കുകയായുണ്ടായി. ഇതോടെ അന്വേഷണ സംഘം കൂടുതൽ സമ്മർദത്തിലായിട്ടുണ്ട്.
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിനേയും ശരത് ലാലിനെയും കൊല ചെയ്തത് അറസ്റ്റിലായ പീതാംബരനും കസ്റ്റഡിയിലുള്ള ഏഴ് പേരും ചേർന്നാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. കണ്ണൂർ ആലക്കോട് സ്വദേശിയായ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളുടെ വാഹനത്തിലാണ് പ്രതികൾ കൊല്ലാൻ എത്തിയത്. ഇയാൾ ഉൾപ്പെടെ മൂന്ന് പേരാണ് യുവാക്കളെ വെട്ടിയതെന്നാണ് സൂചനകൾ. എന്നാൽ ക്വട്ടേഷൻ സംഘത്തിന് അടുത്തേക്ക് അന്വേഷണം പോകുന്നില്ല.
കണ്ണൂർ രാമന്തളിയിൽനിന്നുള്ള ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ കൊലയാളികൾ സഞ്ചരിച്ച വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അതൊന്നും ഇപ്പോൾ അന്വേഷണത്തിൽ വിഷയമായിട്ടില്ല. കാറിൽ എത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഒരു വാഹനം മാത്രമായി ഒതുക്കാനായിരുന്നു ഇതെന്ന് പറയുന്നു. എന്നാൽ പ്രത്യേക സംഘം 'മുഖംനോക്കാതെ' അന്വേഷണം മുന്നോട്ടു കൊണ്ടുപോയപ്പോൾ വാഹനങ്ങളുടെ എണ്ണം നാലായി മാറിയിട്ടുണ്ട്. കൊലയാളി സംഘം വാഹനങ്ങളിൽ പോകുന്നത് കണ്ടവർ കല്യോട്ട് തന്നെയുണ്ട്. അവരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സ്ഥലത്തെ സി. പി. എം ഓഫീസിൽ കൊലപാതകം നടന്ന 17 ന് രാത്രി ഏഴ് മണിയോടെ പുരുഷ സ്വയം സഹായ സംഘത്തിന്റെ കുറി നടക്കുന്നുണ്ടായിരുന്നു. 25 ഓളം പ്രവർത്തകർ അവിടെയുണ്ടായിരുന്നു. അവരിൽ പലരും ഓപറേഷൻ നടത്താൻ പോകുന്ന സംഘത്തെ നോക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
കല്യോട്ട് കൂരാങ്കരയിൽ ശരത്തിന്റെ വീട് എത്തുന്നതിന് മുമ്പ് റോഡ് ബ്ലോക്ക് ചെയ്താണ് ബൈക്ക് ഇടിച്ചിട്ടു ഇരുവരെയും വെട്ടിയതെന്ന് കസ്റ്റഡിയിലുള്ള പ്രതികൾ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയതെന്ന് ചിലരും പറഞ്ഞിട്ടുണ്ട്.
കല്യോട്ട് മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണ യോഗം നടന്ന ഞായറാഴ്ച രാവിലെ മുതൽ കൊലയാളി സംഘം ശരത്തിന്റെയും കൃപേഷിന്റെയും പിന്നാലെ ഉണ്ടായിരുന്നു. ഒത്തുവന്നാൽ പട്ടാപ്പകൽ തന്നെ വെട്ടാമെന്ന കണക്കുകൂട്ടലിലാണ് ഇവർ കല്യോട്ടും പരിസരങ്ങളിലും വാഹനങ്ങളിൽ കറങ്ങിയത്. ഉന്നതരായ ഉദ്യോഗസ്ഥരെ ഒഴിവാക്കിയ സംഘത്തിൽ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എം. പ്രദീപ് കുമാർ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജെയ്സൺ കെ. എബ്രഹാം എന്നിവർ മാത്രമാണ് അവശേഷിക്കുന്ന മുതിർന്ന ഓഫീസർമാർ.
പിടിയിലായവരിൽ കണ്ണൂർ ആലക്കോട് സ്വദേശിയും ഉൾപ്പെടുന്നു. ജിജിൻ, അനിൽ, ശ്രീരാജ്, അശ്വൻ, സുരേഷ്, സജി എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ള മറ്റു പ്രതികൾ. കേസിൽ കൃത്യം നടത്തിയ മൂന്ന് പേർകൂടി പിടിയിലാകാനുണ്ട്.. സംഭവം നടന്ന കല്യോട്ടും പരിസര പ്രദേശങ്ങളിലെയും തെളിവെടുപ്പിന് ശേഷമാണ് പീതാംബരനെ കോടതിയിൽ ഹാജരാക്കിയത്.
കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. ഒരു വാളും രണ്ട് ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെടുത്തത് തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായി. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, ഡിവൈ.എസ്.പി എം. പ്രദീപ് കുമാർ എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയത്.
അപമാനം സഹിക്കാൻ കഴിയാതെയാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്നാണ് മൊഴി. തന്നെ ആക്രമിച്ച സംഭവത്തിൽ പാർട്ടി ഇടപെടൽ തൃപ്തികരമായില്ലെന്ന പരിഭവമാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.