കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നൂറടി ഉയരത്തിൽ ഇനി ദേശീയ പതാക പാറിപ്പറക്കും.
30 അടി നീളവും 20 അടി വീതിയുമുള്ള ദേശീയ പതാക 20 ലക്ഷം രൂപ ചെലവിട്ടാണ് എയർപോർട്ട് അതോറിറ്റി സ്ഥാപിച്ചത്. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും ഏകീകൃത രീതിയിൽ ദേശീയ പതാക സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കരിപ്പൂരിലും സ്ഥാപിച്ചത്.
സ്റ്റീൽ കൊണ്ടുളള കൂറ്റൻ കാലാണ് ഇതിനായി ടെർമിനലിന് മുമ്പിൽ സ്ഥാപിച്ചിരിക്കുന്നത്. മുഴുവൻസമയം വെളിച്ചം കിട്ടാനായി ഇവിടെ സോളാർ പാനലിൽ വൈദ്യുതിയും എത്തിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പതാക ഉയർത്തി. വിനോദ സഞ്ചാര വകുപ്പിന്റെ പണം കൂടി ചെലവഴിച്ചാണ് കരിപ്പൂരിൽ നിന്ന് ദൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉഡാൻ പദ്ധതിയിൽ 71 ലക്ഷം വിമാന സീറ്റുകൾ വർധിപ്പിക്കാനായിട്ടുണ്ട്. ടൂറിസം മേഖലകളെ ബന്ധിപ്പിക്കുന്നതിന് ഉഡാൻ പദ്ധതിക്ക് കേന്ദ്ര വിനോദസഞ്ചാര വകുപ്പ് 255 ചെലവിടും. കരിപ്പൂരിനും ഇതിന്റെ ഗുണം ലഭിക്കും. മാർച്ച് 31 മുതൽ ദൽഹിയിലേക്ക് കരിപ്പൂരിൽനിന്ന് വിമാന സർവീസ് ഉണ്ടാകും. റബർ ചെരിപ്പിട്ടവർക്കും വിമാനത്തിൽ കയറാൻ മോഡി സർക്കാർ സൗകര്യമൊരുക്കിയതായി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.
പി.വി. അബ്ദുൽ വഹാബ് എം.പി, ടി.വി. ഇബ്രാഹിം എം.എൽ.എ, വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു, കെ.പി.എസ്. കർത്ത സംസാരിച്ചു. മന്ത്രിക്ക് എയർപോർട്ട് അഥോറിറ്റിയുടെ ഉപഹാരം ഷാഹിദ്, മുനീർ മാടമ്പത്ത് എന്നിവർ കൈമാറി.