പാലക്കാട് - സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ വാർത്താ മാധ്യമങ്ങളിൽ നിറയുമ്പോൾ ചാനലുകളുടെ വിളിക്ക് കാതോർത്ത് അവരുടെ വിളിപ്പുറത്തുണ്ടാവുക എന്നതാണ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒരു രീതി. ആ വഴക്കം കാണിക്കുന്നവർ കോൺഗ്രസിലാണ് കൂടുതൽ. എന്നാൽ പതിവു രീതിയോട് വിട പറഞ്ഞ് പാലക്കാടൻ ഗ്രാമങ്ങളിൽ പദയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ.
ഈ മാസം 18 ന് സംസ്ഥാനാതിർത്തിയായ കൊഴിഞ്ഞാമ്പാറയിൽ നിന്ന് ആരംഭിച്ച പദയാത്ര ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലൂടെയും ഏഴ് നഗരസഭകളിലൂടെയും കടന്നു പോയി മാർച്ച് 14 ന് പാലക്കാട് നഗരത്തിലാണ് സമാപിക്കുക. അപ്പോഴേക്കും സ്ഥാനാർഥകളുടെ കാര്യമുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കും. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് കോൺഗ്രസ് പരിഗണിക്കുന്ന പട്ടികയിൽ പ്രഥമ സ്ഥാനത്താണ് ശ്രീകണ്ഠന്റെ പേര്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വാർത്താ ചാനലുകൾ അവതരിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാതെ ജനസമ്പർക്കത്തിനിറങ്ങിയ ഡി.സി.സി പ്രസിഡന്റിന്റെ നടപടി കോൺഗ്രസിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
25 ദിവസം കൊണ്ട് 361 കിലോമീറ്റർ ചുറ്റി സഞ്ചരിച്ച് നൂറിടത്ത് പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കുക എന്നതാണ് ഡി.സി.സി പ്രസിഡന്റ് 'ജയ് ഹോ' എന്ന് പേരിട്ട് ആരംഭിച്ചിരിക്കുന്ന പദയാത്രയിലൂടെ ലക്ഷ്യമിടുന്നത്. ലഭ്യമായ പ്രശസ്തരായ എല്ലാ നേതാക്കളെയും പരിപാടിയിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്ത യാത്രയുടെ ഇനിയുള്ള ദിവസങ്ങളിൽ എ.കെ.ആന്റണി, മുകുൾ വാസ്‌നിക്, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. പാലക്കാട് ടൗണിൽ വമ്പൻ റാലിയോടെ പദയാത്ര അവസാനിപ്പിക്കാനാണ് തീരുമാനം. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി ഘടകങ്ങളെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്യപ്പെട്ട പദയാത്ര ഡി.സി.സി പ്രസിഡന്റിന്റെ അവകാശവാദത്തെ അരക്കിട്ടുറപ്പിക്കുന്നതിനുള്ള തന്ത്രമാണെന്നാണ് പാലക്കാട് സീറ്റിനായി ശ്രമിക്കുന്ന മറ്റു നേതാക്കളുടെ പരാതി.
കോൺഗ്രസ് പാർട്ടിയുടെ സംഘടനാ സംവിധാനം ഏറ്റവും താറുമാറായിക്കിടക്കുന്ന ജില്ലകളിലൊന്നായാണ് പാലക്കാട് കണക്കാക്കപ്പെടുന്നത്. സി.പി.എം ശക്തികേന്ദ്രങ്ങളായ നിയമസഭാ മണ്ഡലങ്ങളിൽ പലയിടത്തും പേരിനു പോലും ബൂത്ത് തല പ്രവർത്തനം നടക്കുന്നില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിക്കുന്നത് സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മികവ് കൊണ്ടാണെന്നാണ് വിലയിരുത്തൽ. അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രഥമ ദൗത്യം എന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് തന്നെ ശ്രീകണ്ഠൻ പ്രഖ്യാപിച്ചിരുന്നതാണ്. പാലക്കാട് ഡി.സി.സി പ്രസിഡന്റിന്റെ പ്രവർത്തനം തൃപ്തികരമാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നാലു മാസം മുമ്പ് കേരളത്തിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ പ്രവർത്തനം വിലയിരുത്തി എ.ഐ.സി.സി അധ്യക്ഷൻ തയാറാക്കിയ റിപ്പോർട്ടിൽ എ.ഗ്രേഡ് നേടിയ രണ്ടു പേരിൽ ഒരാളാണ് ശ്രീകണ്ഠൻ.
പാലക്കാട് കോൺഗ്രസിന് വളക്കൂറുള്ള മണ്ണാണെന്ന് ശ്രീകണ്ഠൻ പറയുന്നു. ഏറ്റവും കൂടുതൽ തവണ വിജയിച്ചത് യു.ഡി.എഫ് സ്ഥാനാർഥിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2014 ൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കാൻ കാരണം എം.പി.വീരേന്ദ്രകുമാറിനെ അംഗീകരിക്കാൻ യു.ഡി.എഫ് പ്രവർത്തകർ തയാറാകാതിരുന്നത് ആണെന്നാണ് വിശദീകരണം.