മലപ്പുറം- പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ ചൊല്ലിയുള്ള കോൺഗ്രസിന്റെ എതിർപ്പ് ലീഗിനെ സമ്മർദത്തിലാക്കും. പൊന്നാനി മണ്ഡലത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിനെ സ്ഥാനാർഥിയാക്കരുതെന്ന യൂത്ത് കോൺഗ്രസിന്റെ പ്രമേയം മുസ്‌ലിം ലീഗിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് യൂത്ത് കോൺഗ്രസിന്റെ പ്രമേയം പിൻവലിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ ഈ എതിർപ്പ് പ്രതിഫലിക്കുമോ എന്നതാണ് മുസ്‌ലിം ലീഗിനെ ആശങ്കയിലാക്കുന്നത്.
മലപ്പുറം ജില്ലയിൽ പലയിടത്തും മുൻകാലങ്ങളിൽ ലീഗിനെതിരെ കോൺഗ്രസും സി.പി.എമ്മും അടവുനയം രൂപീകരിച്ചതിനാൽ പൊന്നാനിയിൽ ഇതിനുള്ള സാധ്യതയും മുസ്‌ലിം ലീഗ് തള്ളിക്കളയുന്നില്ല. യൂത്ത് കോൺഗ്രസ് പ്രമേയത്തെ കുറിച്ച് മുസ്‌ലിം ലീഗ് യു.ഡി.എഫ് നേതൃത്വവുമായി ചർച്ച ചെയ്‌തേക്കും. അടുത്ത യു.ഡി.എഫ് യോഗത്തിൽ ഈ പ്രശ്‌നവും ലീഗ് നേതാക്കൾ ഉന്നയിക്കുമെന്നാണറിയുന്നത്.
മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും മുസ്‌ലിം ലീഗും കോൺഗ്രസും രണ്ടു തട്ടിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഈ ബന്ധം കൂടുതൽ ശക്തമാകാറുള്ളത്. നേരത്തെ ജില്ലയിലെ 17 പഞ്ചായത്തുകളിൽ വരെ ലീഗിനെതിരെ കോൺഗ്രസ് സി.പി.എമ്മുമായി കൂട്ടുകൂടിയിരുന്നു. പലയിടത്തും വികസനമുന്നണി എന്ന പേരിലാണ് ഇത്തരം ലീഗ് വിരുദ്ധ കൂട്ടായ്മകളെ കോൺഗ്രസ് പിന്തുണച്ചിരുന്നത്. പിന്നീട് ജില്ലാ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും അടവുനയത്തിലൂടെ അധികാരത്തിലെത്തിയ പഞ്ചായത്തുകളിൽനിന്ന് കോൺഗ്രസ് പിൻമാറുകയും ചെയ്തിരുന്നു. എന്നാൽ പ്രാദേശിക തലങ്ങളിൽ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകരും മുസ്‌ലിം ലീഗ് പ്രവർത്തകരും നല്ല ബന്ധത്തിലല്ല. പലയിടത്തും സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ ഈ ഭിന്നത മറനീക്കി പുറത്തു വരുന്നുമുണ്ട്.
ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദ് മുൻകാലങ്ങളിൽ ലീഗിനെതിരെ നടത്തിയിരുന്ന പരസ്യ വിമർശനങ്ങൾ യു.ഡി.എഫ് ബന്ധം വഷളാകാൻ കാരണമായിരുന്നു. മലപ്പുറത്ത് കോൺഗ്രസിനെ മുസ്‌ലിം ലീഗ് പരിഗണിക്കുന്നില്ലെന്ന പരാതി വർഷങ്ങൾക്ക് മുമ്പേ ഉള്ളതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വേണ്ടത്ര സീറ്റുകൾ നൽകാൻ ലീഗ് തയാറാകുന്നില്ലെന്നതാണ് പ്രധാന പരാതി. മുസ്‌ലിം ലീഗിന് മലപ്പുറത്ത് വല്യേട്ടൻ മനോഭാവമാണുള്ളതെന്നാണ് കോൺഗ്രസ് ആരോപിച്ചു വരുന്നത്.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസും ലീഗും തമ്മിൽ പരസ്യമായ തർക്കങ്ങളുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരൂർ മേഖലയിൽ കോൺഗ്രസുകാർ ലീഗിനെതിരെ ഫഌക്‌സ് ഉയർത്തിയത് നേരത്തെ മുന്നണിയിൽ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. തിരൂർ, കോട്ടക്കൽ, തവനൂർ നിയമസഭാ മണ്ഡലങ്ങളിൽ പ്രാദേശിക തലത്തിൽ ഇരുപാർട്ടികളും തമ്മിൽ ഭിന്നത നിലനിൽക്കുന്ന സ്ഥലങ്ങളുണ്ട്.
പൊന്നാനിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ എതിർപ്പ് മുസ്‌ലിം ലീഗിന് ഗൗരവമായി എടുക്കേണ്ടി വരും. യൂത്ത് കോൺഗ്രസ് പ്രമേയം പിൻവലിച്ചെങ്കിലും എതിർപ്പുകളുണ്ടെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞു. ഈ അവസരം ഇടതുമുന്നണി ഉപയോഗപ്പെടുത്തുമോ എന്ന ആശങ്ക മുസ്‌ലിം ലീഗിലുണ്ട്. കോൺഗ്രസുകാർക്ക് കൂടി സമ്മതനായ പൊതുസ്ഥാനാർഥിയെ ഇടതുപക്ഷം രംഗത്തിറക്കിയാൽ അത് മുസ്‌ലിം ലീഗിനെ സമ്മർദത്തിലാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച വി.അബ്ദുറഹ്മാന് കോൺഗ്രസുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇ.ടി.മുഹമ്മദ് ബീഷീറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ഇതും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
പൊന്നാനിയിൽ കോൺഗ്രസിനെ കൂടി വിശ്വാസത്തിലെടുത്തുള്ള തീരുമാനങ്ങളാകും മുസ്‌ലിം ലീഗ് സ്വീകരിക്കുക. ഇത്തവണ ഇ.ടി.മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്ന് മലപ്പുറത്തേക്ക് മാറണമെന്ന അഭിപ്രായം മുസ്‌ലിം ലീഗിലും ഉയർന്നിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി പൊന്നാനിയിൽ മൽസരിച്ചാൽ വിജയത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ലീഗിലെ ഏതാനും എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.