Sorry, you need to enable JavaScript to visit this website.

ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിന്  സൗദി ശ്രമം നടത്തും

സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറും പാക് വിദേശ മന്ത്രി ഷാ മഹ്മൂദി ഖുറേശിയും ഇസ്‌ലാമാബാദിൽ പത്രസമ്മേളനത്തിൽ. 

റിയാദ് - ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ സംഘർഷം ലഘൂകരിക്കുന്നതിന് സൗദി അറേബ്യ ശ്രമങ്ങൾ നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പാക് സന്ദർശനത്തോടനുബന്ധിച്ച് ഇസ്‌ലാമാബാദിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പാക് വിദേശ മന്ത്രി ഷാ മഹ്മൂദി ഖുറേശിക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശകാര്യ സഹമന്ത്രി. കശ്മീരിൽ സി.ആർ.പി.എഫ് ജവാന്മാരെ ലക്ഷ്യമിട്ടുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുകയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലും പാക്കിസ്ഥാനിലും സന്ദർശനങ്ങൾ നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സംഘർഷം ലഘൂകരിക്കുന്നതിന് സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് ആദിൽ അൽജുബൈർ വ്യക്തമാക്കിയത്.  ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ സംഘർഷം ലഘൂകരിക്കുന്നതിന് ശ്രമിക്കുന്നതിന് സൗദി അറേബ്യ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിന് ശ്രമിക്കും. 
സൗദി അറേബ്യക്കും പാക്കിസ്ഥാനും തന്ത്രപ്രധാനമായ പൊതുതാൽപര്യങ്ങളുണ്ട്. ഇരു രാജ്യങ്ങളും വെല്ലുവിൡകൾ നേരിടുന്നു. സംയുക്ത സഹകരണത്തിലൂടെയും ഭീകര വിരുദ്ധ പോരാട്ടത്തിലൂടെയും മേഖലാ സുരക്ഷക്കും ഭദ്രതക്കും വേണ്ടി പ്രവർത്തിച്ചും മാത്രമേ ഈ വെല്ലുവിളികൾ തരണം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. സൗദി അറേബ്യയും പാക്കിസ്ഥാനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുകയും മേഖലാ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ശ്രമിക്കുന്നു. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും വിപുലമാക്കുന്നതിനും രണ്ടു രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ട്. 
ഇറാനിലെ സഹ്ദാനിൽ അടുത്തിടെ ഇറാൻ റെവല്യൂഷനറി ഗാർഡ് സൈനികരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന ഇറാൻ ആരോപണം ആശ്ചര്യകരമാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും എല്ലാവരും അപലപിക്കുന്നു. ഭീകരതക്കെതിരെ എല്ലാവരും ശക്തമായ നിലപാട് സ്വീകരിക്കണം. പാക്കിസ്ഥാനെതിരെ ഈ രീതിയിൽ ആരോപണം ഉന്നയിക്കുന്നതിൽ നിന്ന് ഇറാൻ വിട്ടുനിൽക്കണം. യെമനും സിറിയയും അടക്കമുള്ള രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും അൽഖാഇദ ഭീകരർക്ക് സ്വന്തം മണ്ണിൽ അഭയം നൽകുകയുമാണ് ഇറാൻ ചെയ്യുന്നത്. ഭീകരരുടെ അഭയ കേന്ദ്രമാണ് ഇറാൻ. 
ഭീകര വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യയും പാക്കിസ്ഥാനും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുന്നു. താലിബാനും അഫ്ഗാൻ ഗവൺമെന്റിനുമിടയിൽ അനുരഞ്ജനമുണ്ടാക്കുന്നതിന് സൗദി അറേബ്യ പാക്കിസ്ഥാനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അഫ്ഗാൻ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. 
പാക്കിസ്ഥാനിൽ വ്യത്യസ്ത മേഖലകളിൽ രണ്ടായിരം കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷിബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വ്യവസായികൾ തമ്മിലുള്ള ബന്ധം ശക്തമാക്കേണ്ടത് പ്രധാനമാണ്. സൗദി-പാക്കിസ്ഥാൻ ഏകോപന സമിതി രൂപീകരിച്ചത് ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാകുമെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 
ഓരോ ആറു മാസത്തിലും സൗദി-പാക്കിസ്ഥാൻ ഏകോപന സമിതി മന്ത്രിതലത്തിൽ യോഗം ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് പാക് വിദേശ മന്ത്രി പറഞ്ഞു. സൗദി-പാക്കിസ്ഥാൻ ഏകോപന സമിതിക്കു കീഴിലെ വർക് ഗ്രൂപ്പുകൾ ഓരോ മൂന്നു മാസത്തിലും യോഗം ചേരും. ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചുരുങ്ങിയത് വർഷത്തിൽ ഒരു തവണ വീതം യോഗം ചേരും. പാക്കിസ്ഥാനിലെ സൗദി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് പത്തു വർക് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ഷാ മഹ്മൂദി ഖുറേശി പറഞ്ഞു. 

Latest News