റിയാദ് - കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വഴിത്തിരിവായി മാറുമെന്ന് കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വാണിജ്യ പങ്കാളിയാണ് സൗദി അറേബ്യ. പ്രതിവർഷ ഉഭയകക്ഷി വ്യാപാരം 9400 കോടി റിയാലായി ഉയർന്നിട്ടുണ്ട്. എണ്ണക്കു പുറമെ ലോഹ ഉൽപന്നങ്ങൾ, ഓർഗാനിക്, ഇൻഓർഗാനിക് കെമിക്കൽ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, അലുമിനിയം, അലുമിനിയം ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന പ്രധാന ചരക്കുകൾ.
ധാന്യങ്ങൾ, വാഹനങ്ങൾ, വാഹന ഭാഗങ്ങൾ, യന്ത്രങ്ങൾ, യന്ത്രഭാഗങ്ങൾ, ഇരുമ്പ് ഉൽപന്നങ്ങൾ, കാസ്റ്റിംഗ് സ്റ്റീൽ ഉൽപന്നങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രധാന വസ്തുക്കൾ. ദ്വിമുഖ നികുതി ഒഴിവാക്കുന്നതിന് ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചിട്ടുണ്ട്. സൗദി-ഇന്ത്യ ജോയന്റ് കൗൺസിലും സൗദി-ഇന്ത്യ ബിസിനസ് കൗൺസിലും വഴി ഇരു രാജ്യങ്ങളും സഹകരിക്കുന്നതായും കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് പറഞ്ഞു.