കളി ഉപേക്ഷിച്ചു, ഓസ്‌ട്രേലിയ രക്ഷപ്പെട്ടു
ക്യാപ്റ്റന്റെ സെഞ്ചുറിയിൽ കിവീസിന് മികച്ച സ്‌കോർ
ബേമിംഗ്ഹാം - ന്യൂസിലാന്റിനെതിരായ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഗ്രൂപ്പ് എ മത്സരത്തിൽ മഴ ഓസ്‌ട്രേലിയയെ കാത്തു. മൂന്നു തവണ മഴ തടസ്സപ്പെടുത്തിയ കളിയിൽ അവസാനം 33 ഓവറിൽ 235 റൺസിന്റെ ലക്ഷ്യം നിർണയിക്കപ്പെട്ട ഓസീസ് ഒമ്പതോവറിൽ മൂന്നിന് 53 ൽ പരുങ്ങുകയായിരുന്നു. മോയ്‌സസ് ഹെൻറിക്‌സിനെ ആഡം മിൽനെ പുറത്താക്കിയതിനു പിന്നാലെ മഴ എത്തിയതോടെ കളി ഉപേക്ഷിക്കേണ്ടി വന്നു. ഇരുപതോവറെങ്കിലും ഓസീസ് കളിച്ചാലേ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ നിശ്ചയിക്കൂ. ഇരു ടീമുകൾക്കും ഓരോ പോയന്റ് വീതം ലഭിക്കും. ഡേവിഡ് വാണറും (18) ആരൺ ഫിഞ്ചും (8) ഹെൻറിക്‌സും (18) പുറത്തായതോടെ റൺറെയ്റ്റിൽ പിന്നിലായിരുന്നു ഓസീസ്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലും ഈ ടീമുകളുടെ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു.
നേരത്തെ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ സെഞ്ചുറിയിൽ (97 പന്തിൽ 100) 291 റൺസാണ് ന്യൂസിലാന്റ് സ്‌കോർ ചെയ്തത്. ആദ്യത്തെ മഴക്കു ശേഷം നാൽപത്താറോവർ വീതമായി ചുരുക്കിയ കളിയിൽ നാൽപത്തഞ്ചാം ഓവറിൽ കിവീസ് ഓളൗട്ടായി. മാർടിൻ ഗപ്റ്റിൽ (22 പന്തിൽ 26) പുറത്തായ ശേഷം ഓപണർ ലൂക് റോങ്കിയുമൊത്ത് (43 പന്തിൽ 65) രണ്ടാം വിക്കറ്റിൽ 77 റൺസിന്റെയും റോസ് ടയ്‌ലറുമൊത്ത് (58 പന്തിൽ 46) മൂന്നാം വിക്കറ്റിൽ 99 റൺസിന്റെയും കൂട്ടുകെട്ടുണ്ടാക്കി ക്യാപ്റ്റൻ. ഓസ്‌ട്രേലിയക്കാരനായ റോങ്കി 33 പന്തിൽ അർധ ശതകം തികച്ചു.
മുപ്പത്തിനാലാം ഓവറിൽ രണ്ടിന് 216 ലെത്തിയ കിവീസിന് വില്യംസൻ റണ്ണൗട്ടായ ശേഷം തുരുതുരെ വിക്കറ്റ് നഷ്ടപ്പെട്ടു. 37 റൺസിന് അവർ അവസാന ഏഴു വിക്കറ്റുകൾ വലിച്ചെറിഞ്ഞു. ജോഷ് ഹെയ്‌സൽവുഡ് ഒമ്പതോവറിൽ 52 റൺസിന് ആറു വിക്കറ്റെടുത്തു. നാലു പന്തിനിടയിലായിരുന്നു ഇതിൽ മൂന്നു വിക്കറ്റ്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ രണ്ടാമത്തെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്.
ന്യൂസിലാന്റ് ഇന്നിംഗ്‌സിനു ശേഷം രണ്ടു മണിക്കൂറോളം മഴ പെയ്തതോടെ ഓസീസിന്റെ ലക്ഷ്യം മുപ്പത്തിമൂന്നോവറിൽ 235 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു.