Sorry, you need to enable JavaScript to visit this website.

വിള്ളലുണ്ടാക്കുന്നതിനുള്ള ഖത്തർ  ശ്രമം വിജയിക്കില്ല -ഗർഗാശ്

റിയാദ് - ഖത്തർ ബഹിഷ്‌കരണത്തിൽ സഹകരിക്കുന്ന സൗദി അറേബ്യക്കും ബഹ്‌റൈനും യു.എ.ഇക്കും ഈജിപ്തിനുമിടയിൽ വിള്ളലുണ്ടാക്കുന്നതിനുള്ള ഖത്തർ ശ്രമങ്ങൾ വിജയിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്ത് സഖ്യരാജ്യങ്ങളുടെ നിരയിൽ വിള്ളലുണ്ടാക്കുന്നതിനാണ് ഖത്തർ ശ്രമിക്കുന്നത്. എന്നാൽ ഇത് ഒരിക്കലും വിജയിക്കില്ല. അബദ്ധം ചെയ്യുന്നത് ഖത്തർ തുടരുകയാണ്. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ഖത്തർ തന്ത്രം പുതിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സഖ്യരാജ്യങ്ങൾക്ക് കോട്ടം തട്ടിക്കുന്നത് തന്ത്രമല്ലെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ട്വീറ്റ് ചെയ്തു. 
രണ്ടു വർഷത്തോടറുക്കാറായ ഖത്തർ പ്രതിസന്ധിക്ക് സമീപ കാലത്തൊന്നും പരിഹാരമാകില്ലെന്നാണ് നിരീക്ഷകർ കരുതുന്നത്. ഭീകരതക്ക് പിന്തുണ നൽകുന്നതായും മിലീഷ്യകൾക്കും സായുധ ഗ്രൂപ്പുകൾക്കും സാമ്പത്തിക സഹായം നൽകി അയൽ രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണി സൃഷ്ടിക്കുന്നതായും ഇറാനുമായി സഹകരിക്കുന്നതായും ആരോപിച്ച് 2017 ജൂൺ അഞ്ചിനാണ് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിഛേദിച്ചത്. ഖത്തറിലെ തുർക്കി സൈനിക താവളം അടച്ചുപൂട്ടണമെന്നതാണ് പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനു മുന്നിൽ വെച്ച പ്രധാന ഉപാധികളിൽ ഒന്ന്. അൽജസീറ ചാനൽ അടച്ചുപൂട്ടണമെന്നും ഇറാനുമായുള്ള നയതന്ത്ര ബന്ധം കുറക്കണമെന്നതുമാണ് മറ്റു പ്രധാന ആവശ്യങ്ങൾ. ഖത്തറിലെ തുർക്കി സൈനികത്താവളം അടച്ചുപൂട്ടണമെന്നും തുർക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കണമെന്നും നാലു രാജ്യങ്ങൾക്കും പിടികിട്ടേണ്ട ഭീകരരെയും തീവ്രവാദികളെയും കൈമാറണമെന്നും ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും മുസ്‌ലിം ബ്രദർഹുഡുമായുള്ള മുഴുവൻ ബന്ധവും വിഛേദിക്കണമെന്നും ആവശ്യമുണ്ട്. 
ഖത്തറിന്റെ പ്രവർത്തനങ്ങൾ മൂലം നേരിട്ട കഷ്ടനഷ്ടങ്ങൾക്ക് ഖത്തർ നഷ്ടപരിഹാരം നൽകണമെന്നും നാലു രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. നാലു രാജ്യങ്ങളിലെയും പൗരന്മാർക്ക് പൗരത്വം നൽകുന്നത് ഖത്തർ നിർത്തിവെക്കണം. ഇതിനകം ഖത്തർ പൗരത്വം നൽകിയ ഈ നാലു രാജ്യക്കാരെയും ഖത്തർ പുറത്താക്കുകയും വേണം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഖത്തറിനെ അകറ്റിനിർത്തുന്നതിന് ഇത് ആവശ്യമാണെന്നാണ് നാലു രാജ്യങ്ങളും പറയുന്നത്. 
ഖത്തർ സാമ്പത്തിക സഹായം നൽകുന്ന പ്രതിപക്ഷ പ്രവർത്തകരെ കുറിച്ച വിശദമായ വിവരങ്ങൾ ഖത്തർ കൈമാറണമെന്നും ആവശ്യമുണ്ട്. ഇറാനിലെ ഖത്തർ നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടണമെന്നും ഇറാൻ റെവല്യൂഷനറി ഗാർഡ് അംഗങ്ങളെ ഖത്തറിൽ നിന്ന് പുറത്താക്കണമെന്നും അമേരിക്കൻ ഉപരോധത്തിന് വിരുദ്ധമല്ലാത്ത നിലക്കുള്ള വാണിജ്യ ബന്ധം മാത്രമേ ഇറാനുമായി പാടുള്ളൂവെന്നും സഖ്യരാജ്യങ്ങൾ ഉപാധികൾ വെച്ചിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്കും ഭീകര സംഘടനകൾക്കും സാമ്പത്തിക സഹായം നൽകുന്നത് നിർത്തിവെക്കണമെന്നും ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങൾ അന്വേഷിക്കുന്നവർക്ക് അഭയം നൽകരുതെന്നും ഗൾഫ് സഹകരണ കൗൺസിൽ തീരുമാനങ്ങളും 2014 ൽ റിയാദിൽ ഒപ്പുവെച്ച കരാറും പാലിക്കണമെന്നും ഖത്തറിനോട് സഖ്യരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

 

Latest News