റിയാദ് - സൗദി അറേബ്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത് ഇന്ത്യയിൽ നിന്ന്. 1922 ലായിരുന്നു ഇത്. റിയാദ് നിവാസിയായ സൗദി പൗരൻ ശൈഖ് സ്വാലിഹ് ബിൻ മുഹമ്മദ് അൽബാഹൂഥിന് ആണ് 1922 ഡിസംബർ 13 ന് ബോംബെയിൽ (മുംബൈ) നിന്ന് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചത്. അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യ എന്ന പേരിലാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ട്രാഫിക് നിയമത്തിലെ ആറാം വകുപ്പ് അനുസരിച്ച് ആണ് സൗദി പൗരന് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത്. ഒരു വർഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസിന് പത്തു രൂപയായിരുന്നു ഫീസ്. ലൈസൻസ് പുതുക്കുന്നതിന് രണ്ടു രൂപയുമായിരുന്നു അക്കാലത്ത് ഫീസ്.
റിയാദിൽ ആദ്യമായി കാർ എത്തിയത് 1920 ലായിരുന്നു. ഫോർഡ് കമ്പനിയുടെ കാറായിരുന്നു അത്. ഇതിനു രണ്ടു വർഷത്തിനു ശേഷമാണ് സൗദിയിലെ ആദ്യത്തെ ലൈസൻസ് ലഭിച്ചത്. ആധുനിക സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ അണ്ടർ സെക്രട്ടറിയായിയിരുന്ന അബ്ദുല്ല അൽഖുസൈബിയാണ് യൂറോപ്യൻ പര്യടനത്തിനു ശേഷം രാജാവിനു വേണ്ടി തനിക്കൊപ്പം കാർ കൊണ്ടുവന്നത്. ഫൈസൽ രാജകുമാരനെ അനുഗമിച്ചാണ് അബ്ദുല്ല അൽഖുസൈബി യൂറോപ്യൻ പര്യടനം നടത്തിയത്. അക്കാലത്ത് നജ്ദിൽ നിന്നും ഗൾഫിൽ നിന്നുമുള്ള ഏതാനും വ്യാപാരികൾ ഇന്ത്യയിലുണ്ടായിരുന്നു. തങ്ങളുടെ നാടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും ചികിത്സക്കും വ്യാപാര ആവശ്യങ്ങൾക്കും ഇന്ത്യയിലെത്തുന്നവർക്കു മുന്നിൽ തങ്ങളുടെ സദസ്സുകൾ ഇന്ത്യയിലെ അറബ് വ്യാപാരികൾ തുറന്നിട്ടിരുന്നു.