Sorry, you need to enable JavaScript to visit this website.

ഈ സന്ദർശനം ചരിത്രത്തിലെ  നാഴികക്കല്ല് -ഇന്ത്യൻ അംബാസഡർ

അഹമ്മദ് ജാവേദ്

ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. അഹമ്മദ് ജാവേദ്. അംബാഡറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പ്രസക്തഭാഗങ്ങൾ 


വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം രാജകുമാരന്റെ ഈ പര്യടനത്തിനൊരു യാദൃഛികത കൂടിയുണ്ട്. ഏപ്രിൽ 2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റിയാദ് സന്ദർശനത്തിന്റെ സമയത്താണ് സൗദി അംബാസഡറായുള്ള എന്റെ ആദ്യ നിയമനം. ഇപ്പോഴാകട്ടെ, സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ കാലയളവിലാണ് എന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നത്. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസിയിൽ അനുവദിക്കപ്പെട്ട പ്രത്യേക അഭിമുഖത്തിൽ അഹമ്മദ് ജാവേദ് പറഞ്ഞു.
ഇന്ത്യ-സൗദി സുഹൃദ് ബന്ധത്തിന് കാലങ്ങളോളം പഴക്കമുണ്ട്. വ്യാപാര വാണിജ്യ ബന്ധങ്ങളിൽ ഇരു രാജ്യങ്ങളും കൈകോർക്കുന്നതോടൊപ്പം സാംസ്‌കാരിക വിനിമയങ്ങളിലും വലിയ അടയാളപ്പെടുത്തലുകൾ നടന്ന കാലഘട്ടമാണിത്. വ്യക്തിപരമായ സൗഹൃദങ്ങളുടെ വീഥിയിൽ ഇന്ത്യ-സൗദി കൊടിക്കൂറ ഉയരത്തിൽ പറക്കുന്നു. 
1955 ൽ അന്നത്തെ സൗദി ഭരണാധികാരി സൗദ് ബിൻ അബ്ദുൽ അസീസ് രാജാവ് ഇന്ത്യ സന്ദർശിച്ചതോടെ ബന്ധം ശക്തമാക്കപ്പെട്ടു. അതിനു മുന്നോടിയായി അന്നത്തെ കിരീടാവകാശി ഫൈസൽ രാജകുമാരനും ഇന്ത്യ സന്ദർശിക്കുകയുണ്ടായി. പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു 1956 ൽ നടത്തിയ സന്ദർശനം ശ്രദ്ധേയമായി. തുടർന്ന് 1982 ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സന്ദർശനത്തോടെ ബന്ധം കൂടുതൽ സുദൃഢമായി.  
2006 ൽ അബ്ദുല്ല രാജാവിന്റെ ചരിത്രപരമായ ഇന്ത്യാ സന്ദർശനവും ഇന്ത്യ-സൗദി ബന്ധം അരക്കിട്ടുറപ്പിച്ച ദൽഹി ഡിക്ലറേഷൻ കരാറൊപ്പിടലും നയതന്ത്ര ചരിത്രത്തിൽ ഇടം പിടിച്ചു. ഏറ്റവും വലിയ എണ്ണയുൽപാദക രാജ്യമായ സൗദിയിൽ നിന്നും ഇന്ത്യക്ക് കൂടുതൽ എണ്ണ ലഭ്യമാകുന്നതുൾപ്പെടെയുള്ള ഊർജ കരാറും മറ്റു കരാറുകളും പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളുടെയും സഹകരണ പങ്കാളിത്തത്തോടെ സ്വകാര്യ മേഖലയിൽ എണ്ണ,  പ്രകൃതി വാതക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളും തുടർന്നുണ്ടായി. 2010 ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ റിയാദ് സന്ദർശനത്തെത്തുടർന്ന് റിയാദ് ഡിക്ലറേഷൻ പ്രഖ്യാപനവും സാമ്പത്തിക - സുരക്ഷാ - പ്രതിരോധ മേഖലകളിൽ ഇന്ത്യ- സൗദി കരാറുകളും ഏറെ ശ്രദ്ധേയമായി. 2014 ൽ കിരീടാവകാശിയായിരുന്ന സൽമാൻ രാജാവിന്റെ ഇന്ത്യാ സന്ദർശനത്തോടെ പ്രതിരോധ സഹകരണ മേഖലയിൽ ഇന്ത്യയും സൗദിയും സുപ്രധാനമായ കരാറിലൊപ്പ് വെച്ചു. 2016 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റിയാദ് സന്ദർശനത്തോടെ മേഖലയിലെ സമാധാനത്തിനും സുരക്ഷിതത്വത്തിനും സാമ്പത്തിക പുരോഗതിക്കുമുള്ള പങ്കാളിത്തം പതിന്മടങ്ങ് ശക്തമായി. ഇരു രാജ്യങ്ങളിലെ ഭരണാധികാരികളുമായുള്ള ഈ കൂടിക്കാഴ്ച ഇന്ത്യ-സൗദി ബന്ധത്തിലെ ഏറ്റവും ഉജ്വലമായ അധ്യായമായി. അന്ന് ഒപ്പുവെച്ച ധാരണാപത്രങ്ങൾ നയതന്ത്ര രംഗത്തെ വലിയ കുതിച്ചുചാട്ടമായിരുന്നു. അഗാധമായ ഈ സൗഹൃദത്തിന് അടിവരയിടുന്നതായിരിക്കും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം. 
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, മറ്റു മന്ത്രിമാർ എന്നിവരുമായുള്ള കിരീടാവകാശിയുടെ തന്ത്രപ്രധാനമായ കൂടിക്കാഴ്ച, ശാസ്ത്ര സാങ്കേതിക മേഖലകളിലും വാണിജ്യ മേഖലകളിലും ഒപ്പം ആണവ, പ്രതിരോധ, ഊർജ, നാവിക മേഖലകളിലും ഉഭയബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതികളിൽ ഒപ്പ് വെക്കുന്നതായിരിക്കും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഇരു രാജ്യങ്ങളും ശക്തമായ സംയുക്ത നിലപാട് സ്വീകരിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി ജനാദ്രിയാ ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷം ഇന്ത്യയെ അതിഥിരാജ്യമാക്കിയതും സൗദി അധികൃതരുടെ ഇന്ത്യൻ സൗഹൃദത്തിന് തെളിവാണ്.
എഴുപത് ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിൽ ഏറ്റവുമധികം പേരുടെ ഉപജീവനം സൗദി അറേബ്യയിലാണ്. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ ബിസിനസ് പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയുടെ 17 ശതമാനം ക്രൂഡ് ഇറക്കുമതിയും സൗദിയാണ്. ടി.സി.എസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികളിൽ സൗദി യുവതീയുവാക്കൾക്ക് സാങ്കേതിക തൊഴിൽ പരിശീലനവും നൽകി വരുന്നു. വിഷൻ 2030 ന്റെ ഭാഗമായുള്ള സൗദി മുന്നേറ്റത്തിൽ ഇന്ത്യയുടെ പങ്കാളിത്തം നിർണായകമാണ്. ഇന്തോ-സൗദി സംയുക്ത പ്രതിരോധ സഹകരണ കരാറും (ജെ.സി.ഡി.സി) ഉഭയകക്ഷി ബന്ധത്തിലെ അതിപ്രധാനമായ നേട്ടമായി ഗണിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ഇന്ത്യൻ ഹജ് തീർഥാടകർക്ക് സൗദി ഗവൺമെന്റ് നൽകി വരുന്ന സേവനങ്ങളും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്.
പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നാഷനൽ ഡിഫൻസ് അക്കാദമിയിൽ സൗദി കാഡറ്റുകളുടെ പരിശീലനം നടത്തുന്നതും പ്രതിരോധ മേഖലയിലെ ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. എന്തായാലും കിരീടാവകാശിയുടെ ചരിത്രപ്രധാനമായ ഇന്ത്യാ സന്ദർശനം വൈപുല്യമാർന്ന മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സൗഹൃദം ഉത്തരോത്തരം ഊട്ടിയുറപ്പിക്കപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.-അംബാസഡർ കൂട്ടിച്ചേർത്തു.

 

 

 

Latest News